വേദനയെ പ്രണയിച്ചവളുടെ ഓർമ്മത്തിരുനാളാണിന്ന്.
അതുകൊണ്ടാണല്ലോ ഇത്തിരി തമാശയോടെയാണെങ്കിലും ഒരിക്കൽ ഒരു അമ്മച്ചി പറഞ്ഞത് , “അൽഫോൻസാമ്മയോട് പ്രാർത്ഥിച്ചാൽ വേദനയേ തരൂ . കാരണം പുള്ളിക്കാരിക്ക് അതല്ലേയുള്ളു ” എന്ന് .ചെറുപുഞ്ചിരിക്കു പിന്നിൽ വലിയ വേദനയെ ഒളിപ്പിച്ച അന്നക്കുട്ടിക്ക് അറിയാമായിരുന്നു അവളുടെ നാഥൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന അനുഗ്രഹത്തിന്റെ നിധി ആ വേദനയിൽ ഉണ്ടെന്ന് . നമുക്ക് ഇല്ലാതെപോകുന്നതും ആ തിരിച്ചറിവ് തന്നെ
കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകൾ ഇഷ്ടമില്ലാത്ത നാമാണ് വേദനയെ വരിച്ചവളുടെ മാദ്ധ്യസ്ഥം തേടുന്നത് ! നിയോഗമാവട്ടെ വേദനകൾ മാറ്റിതരണമേയെന്നും.നാട്ടിൻപുറത്തുകാരിയായ ആ കന്യാസ്ത്രീയമ്മ ഇന്നും ഓർമിക്കപ്പെടുന്നത് അലങ്കരിച്ച പദവികളുടെയും കയ്യാളിയ അധികാരചെങ്കോലുകളുടെ മഹത്വത്താലല്ല, മറിച്ചു, രോഗക്കിടക്കയിൽ കിടന്നുകൊണ്ടും ദൈവഹിതം അന്വേഷിക്കാനും അനുസരിക്കാനും തയ്യാറായി എന്നതിലാണ്. സ്വന്തം വേദന മറന്ന് അപരനെ ആശ്വസിപ്പിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും തയ്യാറായി എന്നതിലാണ്.
വീണുകിടക്കുന്നവന്റെ വിങ്ങലും നെടുവീർപ്പും തനിക്ക് ആനന്ദം പകരാനുള്ള ലല്ലപികളാണെന്നു കരുതുന്ന, മനുഷ്യത്വമില്ലാത്ത മനുഷ്യരൂപങ്ങൾ നടനമാടുന്ന ഇന്നുകളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് മഠത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ആരാലും അറിയപ്പെടാതെ കഴിഞ്ഞ ഒരു കന്യാസ്ത്രീ എങ്ങനെ മരണ ശേഷം ” വലിയവളായി ” മാറിയെന്നത്.അത് മനസ്സിലാകണമെങ്കിൽ ദൈവത്തെയും അവന്റെ പദ്ധതികളെയും സ്വന്തം ബുദ്ധിയിലേക്കൊതുക്കാനും ചുരുക്കാനും നടത്തുന്ന പരിശ്രമങ്ങൾ നിറുത്തി വച്ചിട്ട് ഉള്ളം തുറന്ന് ദൈവമേ എന്ന് വിളിക്കാൻ പഠിക്കണം; അതിനുള്ള വിശ്വാസവും ബൊദ്ധ്യവും ഉണ്ടാവണം.
അൽഫോൻസാമ്മയുടെ ജീവിതം ഏവർക്കും ഒരു ഉണർത്തുപാട്ടാണ് . ലോകം വച്ച് നീട്ടുന്ന പ്രതാപവും പ്രാമുഖ്യവും അല്ല ജീവിത നേട്ടം എന്ന തിരിച്ചറിവിന്റെ ഉണർത്തുപാട്ട്; ചെറുതാകലിലും ഒരു വലുതാകലുണ്ട് എന്ന സത്യത്തിന്റെ ഉണർത്തുപാട്ട്.എങ്കിൽ നേട്ടങ്ങളുടെ പട്ടികയുടെ നീട്ടം കൂട്ടാനുള്ള കുതിപ്പുകളെക്കാൾ ഒരുങ്ങാം നമുക്ക് നിത്യതയിൽ അവനിൽ വിലയം പ്രാപിക്കാൻ.
നമ്മുടെ നിത്യമയക്കം സഹോദരങ്ങൾക്ക് ഉള്ളിൽ ഇത്തിരി നോവായി മാറട്ടെ; അവരുടെ അധരങ്ങൾ ചലിക്കട്ടെ ” ഇയാൾ ശരിക്കും ഒരു അനുഗ്രഹമായിരുന്നു ” എന്ന്. അതാവട്ടെ നമ്മുടെ ജീവിതവ്രതം.ഉതപ്പിന് കരണമാവാതെ അനുഗ്രഹമായി മാറാനുള്ള ഓർമ്മപ്പെടുത്തൽ അന്നക്കുട്ടിയുടെ ജീവിതവും ഈ തിരുനാളും പങ്കുവയ്ക്കുന്നു.
കടപ്പാട് : ഫാ. ബെൻ..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group