പോളണ്ടിലെ ദിവ്യകാരുണ്യ അത്ഭുതം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.

സോകോല്‍ക്ക : കണ്ണുകൾക്ക് ഇത് അവിശ്വസിനിയം, പോളണ്ടിലെ സോകോൽകയിൽ. തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട രക്തക്കറ മരണാസന്നനായ ഒരാളുടെ ഹൃദയരക്തവും ഹൃദയ ഭാഗവുമാണെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഗവേഷകർ കണ്ടെത്തി സ്ഥിരീകരിക്കുകയായിരുന്നു.സോകോല്‍ക്കയില്‍, തിരുരക്തമായി മാറിയ തിരുവോസ്തി അരുളിക്കയില്‍ സൂക്ഷിച്ചിരിക്കുന്നു. തിരുവോസ്തിയുടെ ഭാഗം ലിനന്‍ തുണിയിലാക്കിയാണ് അരുളിക്കയില്‍ വെച്ചിരിക്കുന്നത്.2008 ഒക്ടോബർ 12നായിരുന്നു സോകോൽകയിൽ ദിവ്യകാരുണ്യാത്ഭുതം സംഭവിച്ചത്. സോകോൽകയിലെ സെന്റ് ആന്റണി ദൈവാലയത്തിൽ രാവിലെ 8.30നുള്ള കുർബാന നടന്നുകൊണ്ടിരിക്കുന്നു. വിശ്വാസികൾക്ക് ദിവാകാരുണ്യം നൽകിക്കൊണ്ടിരിക്കേ ഒരു തിരുവോസ്തി വൈദികന്റെ കൈയിൽനിന്ന് അറിയാതെ താഴെ വീണു. വൈദികൻ പെട്ടെന്ന് കുനിഞ്ഞ് ആ തിരുവോസ്തി തിരികെയെടുത്തു.നിലത്തുവീണ തിരുവോസ്തി എടുത്ത് വെള്ളം നിറച്ച ചെറിയൊരു പാത്രത്തിൽ ഇട്ടുവെക്കുകയാണ് പതിവ്. അതനുസരിച്ച് ആ തിരുവോസ്തി വൈദികൻ വെള്ളം നിറച്ചുവെച്ചിട്ടുള്ള ചെറിയൊരു പാത്രത്തിൽ നിക്ഷേപിച്ചു. തിരുവോസ്തി വെള്ളത്തിൽ ലയിച്ച് ചേരുമ്പോൾ ആ വെള്ളം ഭൂമിയിലേക്ക് ഒഴുക്കും.ഇത്തരത്തിൽ വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവിധം വെള്ളം ഒഴുകുന്ന ഒരു സിങ്ക് അതിനായി ക്രമീകരിച്ചിട്ടുണ്ടാകും.
ദിവ്യകാരുണ്യസഭാംഗമായ സിസ്റ്റർ ജൂലിയ ഡുബോസ്‌കയായിരുന്നു ആ ദൈവാലയത്തിൽ ദിവ്യകാരുണ്യ വിതരണത്തിനും മറ്റും സഹായിച്ചിരുന്നത്. ദിവ്യബലിക്കുശേഷം, വികാരിയായ ഫാ. സ്റ്റനിസ്ലാവുസ് ഗ്‌നെയ്ഡിസ്‌കോയുടെ നിർദേശമനുസരിച്ച് സിസ്റ്റർ ജൂലിയ ആ ദിവ്യകാരുണ്യം പതിവുപോലെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. തിരുവോസ്തി അലിഞ്ഞുപോകാൻ സമയമെടുക്കും എന്ന് അറിയാമായിരുന്നതിനാൽ സങ്കീർത്തിയിലെ പ്രത്യേക ലോക്കറിൽ ആ പാത്രം സുരക്ഷിതമായിവെച്ച് ലോക്ക് ചെയ്തു.
വികാരിയച്ചന്റെയും സിസ്റ്റർ ജൂലിയയുടെയും കൈയിൽ മാത്രമേ അതിന്റെ താക്കോൽ ഉണ്ടായിരുന്നുള്ളു. ഒരാഴ്ചയ്ക്കുശേഷം ഒക്ടോബർ 19ന് മിഷൻ സൺഡേയായിരുന്നു. വികാരിയച്ചൻ സിസ്റ്ററിനെ ആ ഓസ്തിയുടെ കാര്യം ഓർമിപ്പിച്ചു. സിസ്റ്റർ ചെന്ന് ലോക്കർ തുറന്നപ്പോൾ പുളിക്കാത്ത അപ്പത്തിന്റെ നറുമണം മുറി മുഴുവൻ വ്യാപിച്ചു. ലോക്കർ തുറന്ന് പാത്രമെടുത്തപ്പോൾ അതാ ദിവ്യകാരുണ്യം പൂർണമായി അലിയാതെ വെളളത്തിൽ പൊങ്ങിക്കിടക്കുന്നു. മാത്രമല്ല, തിരുവോസ്തിയുടെ നടുവിലായി രക്തക്കറയും. അതൊരു മാംസക്കഷണം പോലെ തോന്നിച്ചു. എന്നാൽ, പാത്രത്തിലെ വെള്ളത്തിന് യാതൊരു നിറമാറ്റവും ഉണ്ടായിരുന്നില്ല.
സിസ്റ്റർ ഓടിച്ചെന്ന് വികാരിയച്ചനെ വിവരം അറിയിച്ചു. അദ്ദേഹം മറ്റ് വൈദികരോടും അവിടെയുണ്ടായിരുന്ന മിഷനറി വൈദികനോടുമൊപ്പം സങ്കീർത്തിയിലെത്തി. ദിവ്യകാരുണ്യത്തിലെ രക്തപ്പാടുകൾ കണ്ടു. അവർ വളരെ വിവേകത്തോടെ ഇക്കാര്യം കുറെക്കാലം രഹസ്യമായി സൂക്ഷിച്ചു. കാരണം, തിരുവോസ്തിയിലുണ്ടായ മാറ്റം ഓർഗാനിക് വളർച്ചയോ കെമിക്കൽ റിയാക്ഷനോ മറ്റെന്തെങ്കിലുമോ ആയിരിക്കുമെന്ന് അവർ സംശയിച്ചു.അവർ അത് മെട്രോപോളിറ്റൻ ആർച്ച്ബിഷപ്പ് ബിയാലിസ്റ്റോക് ഒസ്‌റോവിസ്‌കിയെ അറിയിച്ചു. അദ്ദേഹം ചാൻസിലറിനോടൊപ്പം സോകോൽകെയിലെത്തി. അവിടെ കണ്ട കാഴ്ച അവരെയും അത്ഭുതപ്പെടുത്തി. ആർച്ച്ബിഷപ്പ് ആ തിരുവോസ്തി സുരക്ഷിതമായി സൂക്ഷിക്കാനും ഇനി എന്ത് സംഭവിക്കുമെന്ന് നിരീക്ഷിക്കാനും നിർദേശിച്ചു. ഒക്ടോബർ 29ന് തിരുവോസ്തി ഡിവൈൻ മേഴ്‌സി ചാപ്പലിലേക്ക് മാറ്റി, അവിടുത്തെ സക്രാരിയിൽ പ്രതിഷ്~ിച്ചു.
അടുത്ത ദിവസംതന്നെ ആർച്ച്ബിഷപ്പിന്റെ നിർദേശപ്രകാരം തിരുവോസ്തി വെള്ളത്തിൽനിന്ന് എടുത്ത് ഒരു ലിനൻ തുണിയിലേക്ക് മാറ്റി. അത് ചെറിയ കുസ്‌തോതിയിലാക്കി സക്രാരിയിൽ തിരികെ വെച്ചു. മൂന്ന് വർഷത്തോളം തിരുവോസ്തി അവിടെ സൂക്ഷിച്ചു. 2011 ഒക്ടോബർ രണ്ടിന് അത് ആഘോഷമായി ദൈവാലയത്തിലേക്ക് കൊണ്ടുവന്നു. ആദ്യത്തെ വർഷം അത് രഹസ്യമായി സൂക്ഷിച്ചു. ആദ്യത്തെ ഒരുവർഷം സഭ ഇതിനെ രഹസ്യമാക്കിവെക്കുകയാണ് ചെയ്തത്. ഇക്കാലയളവിൽ എന്താണ് വേണ്ടതെന്ന ദൈവത്തിന്റെ മാർഗനിർദേശത്തിനായി സഭ കാത്തിരിക്കുകയായിരുന്നു. ദൈവത്തിൽനിന്നുള്ള അടയാളമാണോയെന്ന് അറിയാൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.2009 ജനുവരിയിൽ തിരുവോസ്തിയിലെ രക്തപ്പാടുകൾ സ്വഭാവികമായി ഉണങ്ങി, അതൊരു രക്തക്കറപോലെ, രക്തം കട്ടപിടിച്ചതുപോലെയായി. പിന്നീട് അതിന് ദൃശ്യമായ മാറ്റം വന്നിട്ടില്ല. അതേ മാസം ആർച്ച്ബിഷപ്പ് ആ തിരുവോസ്തിയിൽ ഹിസ്‌റ്റോപത്തോളജിക്കൽ നടത്തിയത്. ‘പോളിഷ് അക്കാദമി ഓഫ് സയൻസി’ലെ സയന്റിഫിക് എത്തിക്‌സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായ നിയമങ്ങളും രീതിയുമനുസരിച്ചായിരുന്നു പഠനം. അത് വളരെ വിപുലമായ രീതിയിൽ വിശകലനം ചെയ്യപ്പെടുകയും ചെയ്തു. അതിനുശേഷം ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെ പൂർണമായ ഡോക്യുമെന്റേഷനോടുകൂടി ബിയാലിസ്‌റ്റോകിലെ മെത്രാപ്പോലീത്തയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group