ദളിത് ക്രിസ്ത്യൻ, വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യം പഠിക്കാൻ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അഭിനന്ദനാർഹവും സ്വാഗതാർഹവുമാണെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതി.- ഈ നീക്കവുമായി ദ്രുതഗതിയിൽ സർക്കാർ മുന്നോട്ട് പോകണമെന്നും തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള വെറും പ്രഖ്യാപനം മാത്രമാകാതെ, മതവിശ്വാസത്തിന്റെ പേരിൽ 72 വർഷങ്ങളായി നിലനിൽക്കുന്ന ഈ വിവേചനം അവസാനിപ്പിച്ച്, ഭാരതത്തിന്റെ മതേതരത്വത്തിനേറ്റിരിക്കുന്ന ഏറ്റവും വലിയ കളങ്കം കഴുകിക്കളയണമെന്നും സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
1950 -ൽ പട്ടികജാതി ലിസ്റ്റുമായി ബന്ധപ്പെട്ട് പ്രസിഡൻഷ്യൽ ഉത്തരവ് വന്ന നാൾ മുതൽ ഇത് ഭാരതത്തിലെ മതേതരത്വത്തിനും മതസ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് എന്ന ആക്ഷേപം ഉയർന്നു വന്നിരുന്നു. അന്ന് ഭരണഘടന വിഭാവനം ചെയ്യുന്ന പട്ടികജാതി സംവരണം ഹിന്ദുമത വിശ്വാസികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ബുദ്ധമതത്തിലും സിക്ക് മതത്തിലുമുള്ള പട്ടികജാതിക്കാരെക്കൂടി ഇതിന്റെ പരിധിയിലുൾപ്പെടുത്തി. എന്നാൽ ദളിത് ക്രിസ്ത്യൻ വിഭാഗങ്ങൾ അപ്പോഴും തഴയപ്പെടുകയായിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്നതും നിഷേധിക്കുന്നതും അനീതിയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ദശാബ്ദങ്ങളായി ഭാരതസഭയും സഭയിലെ വിവിധ സംവിധാനങ്ങളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തിവരികയാണ്. വളരെ വർഷങ്ങളായി ആഗസ്റ്റ് 15 -നു ശേഷം വരുന്ന ഞായറാഴ്ച കേരളസഭ ദളിത് ക്രൈസ്തവ വിഷയം ഉന്നയിച്ച് ജസ്റ്റിസ് സൺഡേ ആയി ആചരിച്ചുവരുന്നു. രംഗനാഥമിശ്ര കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും ദളിത് ക്രിസ്ത്യൻ- സമൂഹങ്ങൾക്ക് അനുകൂലമായി നൽകിയ ശിപാർശകൾ നാളിതുവരെ ഒരു സർക്കാരും അനുഭാവപൂർവ്വം പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന പുതിയ നീക്കം പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് യോഗം വിലയിരുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group