റെക്കോർഡുകൾ സ്വന്തമാക്കിയ കന്യാസ്ത്രീ….

അമേരിക്കയിലെ ചിക്കാഗോയിൽ അപൂര്‍വമായ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി സിസ്റ്റര്‍ സ്റ്റെഫനി ബെലിഗ.ട്രെഡ്മില്ലില്‍ ഓടിയാണ് സിസ്റ്റർ സ്റ്റെഫനി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

മൂന്നുമണിക്കൂറും 33 മിനിറ്റും എടുത്ത് 26 കിലോമീറ്ററാണ് 32 കാരിയായ സിസ്റ്റര്‍ സ്റ്റെഫനി ബെലിഗ പിന്നിട്ടത് (മിക്ക ട്രെഡ്മില്ലുകളിലും എത്ര കിലോമീറ്റര്‍ ഓടി എന്നറിയുന്നതിനുള്ള സംവിധാനമുണ്ട്). മഠത്തിന്റെ മുറ്റത്തായിരുന്നു ട്രെഡ്മില്‍ ഓട്ടം ക്രമീകരിച്ചത്. എന്തിനാണ് ഒരു കന്യാസ്ത്രീ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാന്‍ കഷ്ടപ്പെട്ടതെന്ന ചിന്ത ഉണ്ടായെന്നു വരാം. ലക്ഷ്യം അറിയുമ്പോള്‍ അവിശ്വസനീയത ആദരവായി മാറും. ലോകം ഇപ്പോള്‍ സ്റ്റെഫനി ബെലിഗ എന്ന ഫ്രാന്‍സിസ്‌കന്‍ കന്യാസ്ത്രീയുടെ കരുണ നിറഞ്ഞ മനസിന്റെ മുമ്പില്‍ തലകുനിക്കുകയാണ്. സഹോദരങ്ങളുടെ വിശപ്പടക്കുന്നതിനുള്ള മാര്‍ഗമായിരുന്നു സിസ്റ്ററിന് ആ ഓട്ടം. കോവിഡ് കാലത്ത് ദിവസവും എഴുന്നൂറോളം കുടുംബങ്ങളിലേക്ക് ഭക്ഷണം എത്തിക്കാന്‍ അതുവഴി സാധിച്ചു.

സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഇതിനെക്കുറിച്ച് പുറംലോകം അറിഞ്ഞത്. സൂമിലൂടെയും യൂട്യൂബിലൂടെയും ട്രെഡ്മില്ലിലെ ഓട്ടം ലൈവായി ആയിരങ്ങള്‍ കണ്ടു. ആ സമയം അതിന് പിന്തുണയും പ്രോത്സാഹനവുമായി പ്രമുഖകരുടെ നീണ്ടനിര ഉണ്ടായിരുന്നു. ഒളിമ്പിക്‌സ് താരങ്ങളടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള മാധ്യമ ശ്രദ്ധയാണ് കിട്ടിയത്. ഓട്ടം സ്‌പോണ്‍സര്‍ ചെയ്യാന്‍ പല സ്ഥാപനങ്ങളും മുമ്പോട്ടുവന്നു. സിസ്റ്റര്‍ ബെലിഗയെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ 2004 ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ദീര്‍ഘദൂര ഓട്ടക്കാരി ഡീന മിഷേല്‍ കാസ്റ്ററും ഉണ്ടായിരുന്നു.

ട്രെഡ്മില്ലില്‍ 26 കിലോമീറ്റര്‍ ഓടിയ ആദ്യ കന്യാസ്ത്രീ, എന്നുമാത്രമല്ല ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ പ്രഥമ സ്ത്രീയും സിസ്റ്റര്‍ സ്റ്റെഫനി ബെലിഗയാണ്. ട്രെഡ്മില്ലിലെ ഓട്ടം തുടങ്ങുമ്പോള്‍ ലോക റിക്കാര്‍ഡ് എന്ന വിദൂരചിന്തപോലും ഉണ്ടായിരുന്നില്ല. എന്നാല്‍, റെക്കോര്‍ഡുകള്‍ സിസ്റ്ററിന്റെ പിന്നാലെ എത്തുകയായിരുന്നു. ആ സമയം മനസില്‍ നിറഞ്ഞുനിന്നിരുന്നത് ചിക്കാഗോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ മുഖങ്ങളായിരുന്നു. അവരെ സഹായിക്കാനുള്ള മാര്‍ഗം അന്വേഷിക്കുമ്പോഴാണ് ട്രെഡ്മില്ലില്‍ ഓടാമെന്ന ചിന്ത വന്നതെന്നുo സിസ്റ്റർ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group