The ordination of ordained cardinals will take place on Saturday, November 28 in St. Peter’s Basilica vatican.
വത്തിക്കാൻ സിറ്റി : മാർപാപ്പ പുതിയതായി തിരഞ്ഞെടുത്ത 13 നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ചടങ്ങ്, ക്രിസ്തുമസ്സിന് ഒരുക്കമായുള്ള ആഗമനകാലത്തെ ആദ്യഞായറിന് മുൻപ് നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരമാണ് വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്നത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ സംഘം ഒരുമിച്ച് കൂടിയ ശേഷമായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. സായാഹ്നപ്രാര്ത്ഥനാമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നവകര്ദ്ദിനാളന്മാര്ക്കായുള്ള പ്രത്യേക വചനപ്രഭാഷണം നടത്തും. തുര്‍ന്ന് ചുവന്ന സ്ഥാനിക തൊപ്പി, മോതിരം എന്നിവയുടെ അണിയിക്കല്‍, ഓരോ കര്‍ദ്ദിനാളിനുമുള്ള സ്ഥാനിക ഭദ്രാസനദേവാലയം ഏതെന്ന് വ്യക്തമാക്കുന്ന തിട്ടൂരത്തിന്റെ കൈമാറ്റം എന്നിവയാണ് വാഴിക്കല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുന്നത്. കോവിഡു പ്രോട്ടോക്കോള്‍ മാനിച്ച് രണ്ടു നിയുക്ത കര്‍ദ്ദിനാളന്മാര്‍ വാഴിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കില്ല. ഏഷ്യക്കാരായ രണ്ടുപേര്‍ക്കാണ് നവംബര്‍ 28 ശനിയാഴ്ച വത്തിക്കാനില്‍ നടക്കുവാന്‍പോകുന്ന വാഴിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തത്.
തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണേയിയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് കൊര്‍ണേലിയൂസ് സിമ്മിനും ഫിലിപ്പീന്‍സിലെ കപീസ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഫുയര്‍സേ അദ്വേങ്കുളയ്ക്കുമാണ് പങ്കെടുക്കുവാന്‍ സാധിക്കാത്തത്. കോറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഈ രണ്ട് മെത്രാൻമാർക്ക് നവംബർ 28-ന് പങ്കെടുക്കാൻ കഴിയാത്തതെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു. ഏഷ്യന്‍ കര്ദ്ദിനാളന്മാര്ക്ക് വത്തിക്കാനിലെ ചടങ്ങുകളില്‍ “ഓണ്‍ലൈനാ”യി പങ്കെടുക്കുവാനുള്ള പ്രത്യേക ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്.
സാഹചര്യത്തടസ്സം മൂലം വാഴിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാത്ത ഏഷ്യന്‍ കര്‍ദ്ദിനാളന്മാര്‍ക്കായി മറ്റൊരു അവസരത്തില്‍ വത്തിക്കാനില്‍ അവര്‍ക്കു നൽകുന്നതിന് പാപ്പാ പ്രത്യേക അധികാരിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയുക്ത കര്‍ദ്ദിനാളന്മാരുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ചെറിയൊരു സാഹോദര്യ വലയത്തിന്റെ പങ്കാളിത്തം മാത്രമേ അനുവദിച്ചിട്ടുള്ളൂ. വാഴിക്കല്‍ ശുശ്രൂഷയ്ക്കുശേഷമുള്ള അഭിനന്ദന സമ്മേളനങ്ങളും സല്‍ക്കാരവും സാഹചര്യങ്ങള്‍ മൂലം റദ്ദാക്കിയിട്ടുള്ളതായും വത്തിക്കാന്റെ പ്രസ്താവന വ്യക്തമാക്കി.
സ്ഥാനമേല്‍ക്കുന്ന മറ്റു 11 കര്‍ദ്ദിനാളന്മാര്‍ :
- വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുന്നു ബിഷപ്പ് മാരിയോ ഗ്രേഷ് – മാള്‍ട്ട സ്വദേശി, 63 വയസ്സ്
- ബിഷപ്പ് മര്‍ചേലോ സെമെറാരോ – ഇറ്റലി സ്വദേശി, 73 വയസ്സ്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്.
- ആര്‍ച്ചുബിഷപ്പ് ആന്റെണി കാമ്പന്താ – ആഫ്രിക്കയിലെ റുവാണ്ട സ്വദേശി, 73 വയസ്സ്. കില്‍ഗാലി അതിരൂപതയുടെ മെത്രാപ്പോലീത്ത.
- ആര്‍ച്ചുബിഷപ്പ് വില്‍ട്ടണ്‍ ഡാനിയേല്‍ ഗ്രിഗരി അമേരിക്ക സ്വദേശി, 73 വയസ്സ്. ഇപ്പോള്‍ വാഷിങ്ടണ്‍ ഡി.സി.യുടെ മെത്രാപ്പോലീത്തയാണ്.
- ആര്‍ച്ചുബഷിപ്പ് ചെലസ്തീനോ അവോസ് ബ്രാകൊ സ്പെയിന് സ്വദേശി, 75 വയസ്സ്. തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍.
- ആര്‍ച്ചുബിഷപ്പ് അഗുസ്തോ പാവുളോ ലൊദീചെ ഇറ്റലി സ്വദേശി 56 വയസ്സ്. ഇറ്റലിയിലെ സിയെന്നാ – കോളെ ദി വാള്ഡിയേല്സ മൊന്താള്ചീനോ അതിരൂപതയുടെ മെത്രാപ്പോലീത്ത.
- ഫാദര്‍ മാവുരോ ഗമ്പേത്തി, കപ്പൂച്ചിന്‍ – ഇറ്റലി സ്വദേശി 55 വയസ്സ്
ഇറ്റലിയിലെ അസ്സീസി പട്ടണത്തിലെ ഫ്രാന്‍സിസ്കന്‍ സമൂഹത്തിലെ ശ്രേഷ്ഠാചാര്യന്. - ബിഷപ്പ് ഫെലീപെ അരിസ്മേന്തി എസ്ക്വിവേല്‍ (Bishop Felipe Arizmendi Esquivel) – മെക്സിക്കൊ സ്വദേശി, 80 വയസ്സ്. സാന്‍ക്രിസബല്‍ രൂപതയുടെ മുന്‍മെത്രാനായിരുന്നു.
- ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി (Archbishop Silvano M. Tomasi) – ഇറ്റാലിയന്‍ 80 വയസ്സ്.
മുന്‍ അപ്പസ്തോലിക സ്ഥാനപതിയും ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ വത്തിക്കാന്റെ സ്ഥിരംനിരീക്ഷകനായും സേവനംചെയ്തിട്ടുണ്ട്. വിശ്രമജീവിതം നയിക്കവെയാണ് കര്‍ദ്ദിനാള്‍ സ്ഥാനം ലഭിച്ചത്. - റനിയേരോ കന്തലമേസ്സ, കപ്പൂച്ചിന്‍ – ഇറ്റലിക്കാരന്, 86 വയസ്സ്. പേപ്പല്‍ വസതിയുടെ ഔദ്യോഗിക ധ്യാനപ്രഭാഷകനായ ആത്മീയാചാര്യന്.
- മോണ്‍സീഞ്ഞോര്‍ എന്റീക്കൊ ഫെറോച്ചി ഇറ്റലി സ്വദേശി, 80 വയസ്സ്.
വിഖ്യാതമായ ദൈവസ്നേഹത്തിന്റെ അമ്മ, (Divina Amore) എന്ന ഇറ്റലിയില്‍ റോമാരൂപതയുടെ കീഴിലുള്ള മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായി സേവനംചെയ്യുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group