ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ജനനായകന് വിടചൊല്ലി യു.കെ ജനത..

ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട,ബ്രിട്ടീഷ് പാർലമെന്റംഗവും തികഞ്ഞ കത്തോലിക്ക വിശ്വാസിയുമായ ഡേവിഡ് അമേസിന് കണ്ണീരോടെ
നാട് വിടചൊല്ലി.സ്വന്തം നിയോജകമണ്ഡലമായ സൗത്ത്എൻഡ് വെസ്റ്റിലെ മെത്തഡിസ്റ്റ് ദൈവാലയത്തിൽ നിയോജകമണ്ഡല നിവാസികളുടെ യോഗത്തിൽ പങ്കെടുക്കവേ, സൊമാലയൻ വംശജൻ നടത്തിയ കത്തി ആക്രമണത്തിൽ ഒക്‌ടോബർ 15നാണ് ഡേവിഡ് അമേസ് കൊല്ലപ്പെട്ടത്. 25 വയസുള്ള ആക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ്, ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കത്തോലിക്കാ വിശ്വാസം മുറുകെപ്പിടിക്കുകയും ധാർമികമൂല്യങ്ങൾക്കായി നിലയുറപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട ജനനായകന്റെ വിയോഗത്തിൽ കേഴുകയാണ് യു.കെ. ഡേവിഡിന്റെ വിയോഗം തീരാനഷ്ടമാണെന്ന് വ്യക്തമാക്കുന്ന അനുശോചനങ്ങൾ സമൂഹത്തിലെ നാനാതുറകളിൽനിന്ന് പ്രവഹിക്കുകയാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരെ സഹായിക്കാൻ ഉതകുന്ന നിയമങ്ങൾ പാസാക്കിയതിൽ മികച്ച റെക്കോർഡിന് ഉടമയാണ് ഡേവിഡ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അനുസ്മരിച്ചു. ഡേവിഡ് കൊല്ലപ്പെട്ട സൗത്ത്എൻഡ് വെസ്റ്റിലെ മെത്തഡിസ്റ്റ് ദൈവാലയത്തിൽ കഴിഞ്ഞ ദിവസം ബോറിസ് ജോൺസൺ സന്ദർശം നടത്തുകയും ചെയ്തു.

ഡേവിഡ് പൊതുജീവിതത്തിൽ ഔദാര്യത്തോടെയും സത്യസന്ധതയോടെയും തന്റെ കത്തോലിക്കാ വിശ്വാസം ജീവിച്ചുവെന്ന്, ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ വിൻസെന്റ് നിക്കോൾസ് അനുസ്മരിച്ചു. ‘കരുണാമയനായ സ്വർഗീയനാഥന്റെ സന്നിധിയിലേക്ക് ആനയിക്കപ്പെടാൻ ഞാൻ അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു. ദുഃഖാർത്തരായ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. രാഷ്ട്രീയരംഗത്ത് അദ്ദേഹത്തിനൊപ്പം സേവനം ചെയ്ത എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു,’ വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പുകൂടിയായ അദ്ദേഹം കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group