പൊളിറ്റിക്കൽ ഇസ്ലാമിനെ വിമർശിച്ചാൽ ഇസ്ലാം മതത്തെയാണ് വിമർശിക്കുന്നതെന്നും മതസ്പർദ്ധ വളർത്തുകയാണെന്നും പറയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നറിയണം, കടലും കടലാടിയും ഒന്നല്ല എന്നതുപോലെ പൊളിറ്റിക്കൽ ഇസ്ലാമും ഇസ്ലാമും ഒന്നല്ല. മതവിമർശനവും മതരാഷ്ട്ര വിമർശനവും ഒന്നല്ല.മതവിമർശനവും മതങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും മാനവരാശിയുടെ വളർച്ചയുടെ ഭാഗമാണ്. കൊണ്ടും കൊടുത്തുമാണ് വിവിധ മതങ്ങളും മതസമൂഹങ്ങളും വളരുന്നതും ചരിത്രത്തെ സംപുഷ്ടമാക്കുന്നതും.മതരാഷ്ട്രവാദം മതമല്ല, പ്രത്യയശാസ്ത്രമാണ്. അത് മതത്തിന്റെ മൂടുപടം അണിയുന്ന അധികാര രാഷ്ട്രീയ രൂപമാണ്. അത് മതത്തിന്റെ ദുരുപയോഗവും അപചയവും അതിനാൽത്തന്നെ, അപകടകാരിയുമാണ്. അതിന്റെ സ്ട്രേറ്റജി മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ അധികാരത്തിനുള്ള ചട്ടുകമാക്കി മാറ്റലാണ്. അത് മതത്തിന്റെ രൂപത്തിൽ പതിയിരിക്കുന്ന അപകടമാണ്. അതിനെ എതിർത്തു തോല്പിക്കേണ്ടത് മതേതര ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.പൊളിറ്റിക്കൽ ഇസ്ലാം മതമല്ല. മതത്തെ ദുരുപയോഗിച്ച് അധികാരം പിടിക്കാനുള്ള കപട രാഷ്ട്രീയ അജണ്ടയാണ്. സർവാധിപത്യ പ്രവണതയുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. മതേതര ജനാധിപത്യത്തിനുമേൽ സർവാധിപത്യ സ്വഭാവമുള്ള ഒരു ഏകാധിപതിയെ പ്രതിഷ്ഠിക്കാനുള്ള കപട രാഷ്ട്രീയമാണ്.അതിനെ ചേർത്തുനിർത്തി താൽക്കാലിക ലാഭം കൊയ്യുന്ന രാഷ്ട്രീയ പാർട്ടികൾ കാറ്റുവിതച്ചു കൊടുംകാറ്റു കൊയ്യാൻ ശ്രമിക്കുകയാണ്. കേരളം ഇപ്പോൾ ഇതിന്റെ പരീക്ഷണശാലയാണ്.സ്വർണ്ണക്കടത്തുമുതൽ തീവ്രവാദ പ്രവർത്തനംവരെ അതിന്റെ ഭാഗമാണ്. അതിനോടു സന്ധി ചെയ്യുന്നവർ ഒന്നോർക്കണം: ചരിത്രത്തിൽ മതരാഷ്ട്രത്തിലൂടെ സോഷ്യലിസമോ ജനാധിപത്യമോ മതേതരത്വമോ കൊണ്ടുവന്ന ഒരു ജനസമൂഹവും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. കേരളത്തിലെ ഇടത്തു-വലത്തു രാഷ്ട്രീയ പക്ഷങ്ങൾ ഇതു മറക്കരുത്.
Fr Varghese Vallikkatt
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group