കർണാടക: ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ പിൻവലിച്ചു. മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബിൽ സർക്കാർ അവതരിപ്പിക്കുമെന്നു പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് കഴിഞ്ഞ വർഷമാണ് ബിജെപി സർക്കാർ നടപ്പാക്കിയത്. ക്രൈസ്തവ മിഷണറിമാരെ ലക്ഷ്യമിട്ടായിരുന്നു നിയമമെന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നു. നിയമത്തിനെതിരേ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഉൾപ്പെടെ ക്രൈസ്തവ നേതാക്കളും ബിജെപി സർക്കാരിന്റെ വിവാദ നിയമത്തിനെതിരേ രംഗത്തു വന്നിരുന്നു.
ബലമായോ സ്വാധീനം ചെലുത്തിയോ സമ്മർദം ചെലുത്തിയോ തെറ്റായ അവതരണത്തിലൂടെയോ ഒരാളെ മതം മാറ്റിയാൽ മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും 25,000 രൂപ പിഴയും പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗക്കാർ എന്നീ വിഭാഗക്കാരെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയാൽ മൂന്നു മുതൽ പത്തു വർഷം വരെ തടവും 50,000 രൂപ പിഴയും വിധിക്കുന്നതായിരുന്നു ബിജെപി സർക്കാർ നടപ്പാക്കിയ നിയമം. ഇതുകൂടാതെ മതപരിവർത്തനത്തിനു വിധേയനായ ആൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമായിരുന്നു. കൂട്ട മതപരിവർത്തനമാണെങ്കിൽ മൂന്നു മുതൽ പത്തു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു നിയമം.
മതപരിവർത്തന നിരോധന നിയമം പിൻവലിച്ച സിദ്ധരാമയ്യ സർക്കാരിനെ ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ അഭിനന്ദിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group