വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പ്രയാണം ഇനി കാഞ്ഞിരപ്പള്ളിയിൽ

കേരളസഭയിൽ കാർലോ യൂത്ത് ആർമിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പ്രയാണം ഇനി കാഞ്ഞിരപള്ളി രൂപതയിൽ.

2021 നവംബർ 21 -ന് ആരംഭിച്ച തിരുശേഷിപ്പ് പ്രയാണം സീറോ മലബാർ സഭയുടെ തലവനും മേജർ ആർച്ചുബിഷപ്പും കെസിബിസി ചെയർമാനുമായ അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവായിരുന്നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് .

തദവസരത്തിൽ ഭാരത കത്തോലിക്കാ സഭയിലെ അധികാരികളോടു സംസാരിച്ച് കേരളത്തിലും ഇന്ത്യയിലുമുള്ള എല്ലാ യുവജന പ്രസ്ഥാനങ്ങളുടെയും (യുവദീപ്തി, കെസിവൈഎം, മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്, ലാറ്റിൻ കാത്തലിക് മൂവ്മെന്റ് ) ഡയറക്ടർ അച്ചന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് , ദിവ്യകാരുണ്യ ഈശോയിലേക്കും ദേവാലയത്തിലേക്കും യുവജനങ്ങളെ അടുപ്പിക്കാൻ തിരുശേഷിപ്പ് പ്രയാണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനോടനുബന്ധിച്ച് കാർലോ യൂക്കരിസ്റ്റിക് യൂത്ത് ആർമിയുടെ സ്ഥാപകരിലൊരാളായ ഫാ. ജോസഫ് വെട്ടുകുഴിച്ചാലിൽ ഫെബ്രുവരി എട്ടിന്, കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി ഡയറക്ടറിന് തിരുശേഷിപ്പ് കൈമാറി. ജൂലൈ 22 വരെയുള്ള ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും തിരുശേഷിപ്പ് സന്ദർശനം നടത്തും. കാർലോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയത്തിന്റെ അംശമാണ് തിരുശേഷിപ്പ്.

ജൂലൈ 22 -ന് ഫാ. ജോസഫ് വെട്ടുകുഴിച്ചാലിന് തിരുശേഷിപ്പ് തിരികെ കൈമാറും, തുടർന്ന് സീറോ മലബാർ സഭയുടെ മറ്റ് രൂപതകളിലേക്കും പ്രയാണം തുടരും. ഇതിനോടൊപ്പം തന്നെ വാഴ്ത്തപ്പെട്ട കാർലോയുടെ മറ്റു രണ്ട് തിരുശേഷിപ്പുകളുമുണ്ട്. അവ മെയ് മാസം മുതൽ സീറോ മലങ്കര സഭയിലും ലാറ്റിൻ സഭയിലും പ്രയാണം ചെയ്യപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group