“നല്ലവരുടെ നിശ്ശബ്ദത ദുഷ്ടരുടെ ക്രൂരതയെക്കാൾ കൂടുതൽ അപകടകരമാണ്”

“തീവ്രവാദത്തിനു മതമില്ല” – യുക്തിഭദ്രമായ ഈ പ്രഖ്യാപനം സമസ്തയുൾപ്പെടെയുള്ള പല കോണുകളിൽ നിന്നും ഈയിടെ ഉയർന്നു കേട്ടു. ഇസ്ലാമുമായി ബന്ധമില്ലാത്തവരാണ് തീവ്രവാദികൾ എന്ന് 2014-ൽ നൂറ്റിയിരുപത്താറോളം ഇമാമുമാരുടെയും മതപണ്ഡിതരുടെയും അന്തർദ്ദേശീയ യോഗം സൗദി അറേബ്യയിൽ ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോഴിക്കോട് പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ ടിവി ചർച്ചയിൽ വ്യക്തമാക്കുന്നത് കണ്ടു. ഇസ്ലാമിൽ ജിഹാദേ ഇല്ല എന്ന പ്രസ്താവന കാന്തപുരം അബുബക്കറുടേതായും വായിക്കാൻ ഇടയായി. അങ്ങനെ, ഇസ്ലാമിൻ്റെ പേരിൽ കേരളസമൂഹത്തിൽ അസ്വസ്ഥത വിതയ്ക്കുന്നവർ ഇസ്ലാംമതവുമായി ഒരു ബന്ധവും ഇല്ലാത്തവരാണെന്ന് ഇപ്പോൾ ഒന്നിനു പുറകേ ഒന്നായി വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

നേരത്തേതന്നെ പലരും പറഞ്ഞത്

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ കേരളത്തിലെ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് നാസർ ഫൈസിയും തെരുവിൽ നായയെ വെട്ടിപരിശീലിക്കുന്ന മുസ്‌ലിം യുവാക്കളെക്കുറിച്ച് മുൻ ലീഗ് MLA കെ.എം. ഷാജിയും (ആഴത്തിലുള്ള മുറിവുകളുമായി തെരുവിലലയുന്ന നായ്ക്കളെക്കുറിച്ച് ഈ ദിവസങ്ങളിലും വാർത്താമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്) തീവ്രസ്വഭാവമുള്ള യുവാക്കളെ മഹല്ലിൽനിന്ന് പുറത്താക്കണമെന്ന് പന്തല്ലൂരിലെ സത്താറും ഇത്തരക്കാർക്ക് പെൺകുട്ടികളെ വിവാഹം കഴിച്ചുകൊടുക്കരുതെന്ന് പി.കെ. ഫിറോസും വിദേശ ഫണ്ടിങ് സ്വീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദികൾ കേരളത്തിലുണ്ടെന്ന് ലീഗ് MLA
എം.കെ. മുനീറും നേരത്തേ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.

ഇനി ചെയ്യാനുള്ളത്…

ഇസ്ലാം മതനേതൃത്വങ്ങൾ ഇങ്ങനെ കാര്യങ്ങൾ തുറന്നുപറഞ്ഞ സ്ഥിതിക്ക് കേരളത്തിലെ സാമുദായികപ്രശ്നങ്ങൾക്ക് പരിഹാരമുണ്ട് എന്നുറപ്പായി. മതമൗലികവാദമാണ് തീവ്രവാദത്തിലേക്കും ഭീകരപ്രവർത്തനത്തിലേക്കും ക്രമേണ നീങ്ങുന്നത്. അതിനാൽ, നാട്ടിലെ മതമൗലികവാദപ്രവണതകൾക്കു തടയിടാൻ കഴിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ കേരളത്തിലുള്ളൂ. മതമൗലികവാദികളെയും തീവ്രവാദികളെയും തള്ളിപ്പറഞ്ഞ് അവർക്കെതിരേ നടപടിയെടുത്ത് അവരെ തിരുത്താൻ ഇസ്ലാം മതനേതൃത്വം തയ്യാറായാൽ അത് മുസ്ലീം സമുദായത്തോടും കേരളജനതയോടും കാണിക്കുന്ന ഏറ്റവും ഉത്തരവാദിത്തപരമായ നിലപാടായിരിക്കും. കേരളത്തിൽ നിലവിലുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനവരെ മുന്നറിയിപ്പു നല്കിക്കഴിഞ്ഞ ഭീകരവാദത്തിൻ്റെ സ്ലീപിങ്ങ് സെല്ലുകളെ നിർവീര്യമാക്കാൻ ആ നിലപാട് സഹായിക്കും. ഒപ്പം, നിലവിലുള്ള അന്തർദേശീയ ഭീകരക്കണ്ണികളെ പൊട്ടിച്ചെറിയാനും നർക്കോട്ടിക് മാഫിയയെ തകർക്കാനും അത് ഇടയാക്കും. നമ്മുടെ യുവതീയുവാക്കൾ മറ്റിടങ്ങളിൽ കൊല്ലപ്പെടുകയോ തടവിലാകുകയോ വഴിയാധാരമാകുകയോ ചെയ്യുന്ന ഇന്നത്തെ അവസ്ഥയും ഇല്ലാതാകും.

കൊമ്പുള്ള പ്രസ്ഥാനങ്ങളും കേന്ദ്രങ്ങളും വ്യക്തികളും?!

ഒന്നാമതായി, ജനാധിപത്യഭാരതത്തിൽ ശരിയത്ത് ഭരണം കൊണ്ടുവരാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയും കേരള സമൂഹത്തിൻ്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ഉദ്യോഗസ്ഥ മണ്ഡലങ്ങളിൽ പണമിറക്കിയും വിലയേറിയ ഈന്തപ്പഴങ്ങളും വിമാനടിക്കറ്റുകളും മറ്റു സമ്മാനങ്ങളും കൊണ്ട് സ്വാധീനമുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയെ ആത്മാർത്ഥമായി തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും കേരളത്തിലെ ഇസ്ലാം മതപണ്ഡിതർ മുന്നോട്ടു വരണം. ഇക്കൂട്ടരുടെ തീവ്രമുഖം തിരിച്ചറിയാതെ ഇവരുമായി കൈകോർത്ത്, ചിറകെരിഞ്ഞ ഈയാംപാറ്റകളായി ചുരുങ്ങുന്ന കേരളത്തിൻ്റെ സാംസ്കാരിക നായകന്മാരെയും രാഷ്ട്രീയക്കാരെയും വേണ്ടവിധം ബോധവത്കരിക്കാൻ ഇസ്ലാംമത നേതാക്കൾക്കും പണ്ഡിതന്മാർക്കും മാത്രമേ കഴിയൂ. ഒപ്പം, ജമാ അത്തെ ഇസ്ലാമിയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി സർക്കാർ ഗൗരവമായി അന്വേഷിക്കണം. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന എം.ബി. ബഷീർ എന്ന മാധ്യമപ്രവർത്തകൻ്റെ വെളിപ്പെടുത്തലുകളിൽ സൗദി ഫണ്ടിങ്ങിനെക്കുറിച്ച് പരാമർശമുള്ളത് ഇതുവരെ ഉത്തരവാദിത്തപ്പെട്ടവരാരും കേട്ടതായി ഭാവിക്കാത്തത് എന്തുകൊണ്ടായിരിക്കാം?

കേരളത്തിൽ സാമുദായികസ്പർദ്ധ വളർത്തുന്ന വാർത്തകൾ നിരന്തരം സൃഷ്ടിക്കുകയും മറ്റു മതസ്ഥരെ അവഹേളിക്കുകയും താലിബാൻ്റെ കാട്ടാളത്തത്തെ സ്വാതന്ത്ര്യസമരമാക്കി വാർത്തകൊടുക്കുന്നതുപോലുള്ള നാനാവിധ വർഗീയവിഷങ്ങൾ നിരന്തരം ചീറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ജിഹ്വകളായ മാധ്യമവും മീഡിയാ വണ്ണും ഇസ്ലാംമതവുമായി പുലബന്ധമില്ലാത്തതാണെന്നു പ്രഖ്യാപിക്കാനും അവയ്ക്കെതിരേ നിലകൊള്ളാനും നേതാക്കൾ തയ്യാറാകണം.

രണ്ടാമതായി, കേരളത്തിലുള്ള മതമൗലികവാദകേന്ദ്രങ്ങളും തീവ്രവാദപ്രസ്ഥാനങ്ങളും അനിസ്ലാമികം എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെടണം. സത്യസരണി, പീസ് ഇൻ്റർനാഷണൽ സ്കൂളുകൾ, നീച്ചെ ഓഫ് ട്രൂത്ത് എന്നിവയുടെ ചരിത്രം അത്തരം പ്രഖ്യാപനത്തെ ശരിവയ്ക്കുക തന്നെ ചെയ്യും.

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട കേരള ഭീകരൻ അബ്ദുൾ റഷീദ്, അയാളോടൊപ്പം അഫ്ഗാൻഭീകരസംഘത്തിലേക്ക് ചേക്കേറിയ മതംമാറ്റപ്പെട്ട ഭാര്യ സോണിയ സെബാസ്റ്റ്യൻ, മതംമാറ്റപ്പെട്ട് ഭീകരപ്രവർത്തനത്തിനായി പോയി ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കും ഒരു നിശ്ചയവുമില്ലാത്ത മെറിൻ എന്നിവർ എറണാകുളം പീസ് ഇൻ്റർനാഷണൽ സ്കൂളിലെ സ്റ്റാഫായിരുന്നു എന്നത് നിസ്സാരമായി കാണാവുന്ന ഒരു വിഷയമല്ല. മാത്രമല്ല, സോണിയ സെബാസ്റ്റ്യൻ ഇസ്ലാംമതം സ്വീകരിച്ചതിനുശേഷം ഒരു വേദിയിൽ വച്ചു നടത്തുന്ന ജീവിതസാക്ഷ്യത്തിൻ്റെ വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത് നീച്ചേ ഓഫ് ട്രൂത്ത് എന്ന മൗലികവാദ പ്രസിദ്ധീകരണ ഗ്രൂപ്പാണ്. പിന്നീട് സോണിയ സെബാസ്റ്റ്യൻ്റേതായ ഒരു വീഡിയോ നമ്മൾ കണ്ടത് ഭീകരപ്രവർത്തകയായ അവളെ NIA ചോദ്യംചെയ്യുന്നതായിട്ടാണ്. ഇതിനിടയിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും, മതംമാറ്റത്തിലും ഭീകരപ്രവർത്തനത്തിലും പീസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെയും നീച്ചേ ഓഫ് ട്രൂത്തിൻ്റെയും പങ്ക് എന്തെന്നും സർക്കാർ അന്വേഷിക്കേണ്ടതല്ലേ? പ്രതിലോമകരങ്ങളായ ഇത്തരം കേന്ദ്രങ്ങളെയും പ്രസ്ഥാനങ്ങളെയും തള്ളിപ്പറയാൻ ഇസ്ലാം മതനേതൃത്വവും വിശ്വാസികളും കൂടുതൽ ആർജവം കാണിക്കണം. കൂടാതെ, പോപ്പുലർ ഫ്രണ്ടും പിഡിപിയും എസ്ഡിപിഐയും ഇസ്ലാമുമായി ബന്ധമില്ലാത്ത പ്രസ്ഥാനങ്ങളാണെന്ന് പൊതുസമൂഹത്തെ ഫലപ്രദമാംവിധം അറിയിക്കാനും ഇസ്ലാം മതനേതൃത്വം തയ്യാറാകണം.

മൂന്നാമതായി, പീസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെയും നീച്ചേ ഓഫ് ട്രൂത്തിൻ്റെയും സ്ഥാപകനും രണ്ടാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കുപോലും മതതീവ്രവാദം വിളമ്പുന്നവനുമായ എം.എം. അക്ബർ (ഭീകരൻ സക്കീർ നായിക്കിൻ്റെ ശിഷ്യൻ), മറ്റു മതങ്ങളെ നിരന്തരം ആക്രമിക്കുകയും മറ്റു വിശ്വാസസംഹിതകളെ അവഹേളിക്കുകയും ചെയ്യുന്ന മുജാഹിദ് ബാലുശ്ശേരി, പോപ്പുലർഫ്രണ്ടിന് ഭാരതത്തിൻ്റെ ഭരണം പിടിച്ചെടുക്കാനുള്ള കണക്ക് ഉപദേശിച്ചുകൊടുക്കുന്ന ഫസൽ ഗഫൂർ, തീവ്രവാദപ്രവർത്തനങ്ങൾക്ക് തടവിലായിരിക്കുന്ന അബ്ദുൾ നാസർ മദനി, ഹഗിയാ സോഫിയാ കത്തീഡ്രൽ മോസ്കാക്കി മാറ്റിയ എർദോഗൻ്റെ കിരാതപ്രവൃത്തിയെ അനുകൂലിച്ച്‌ മുസ്ലീംലീഗിൻ്റെ ജിഹ്വയായ ചന്ദ്രിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെ കേരളത്തിൻ്റെ മതേതരാന്തരീക്ഷത്തിന് അപരിഹാര്യമാംവിധം കേടുവരുത്തിയ സാദിഖലി തങ്ങൾ, താലിബാൻതീവ്രവാദത്തെ സർവാത്മനാ പിന്തുണച്ചുകൊണ്ട് കേരളജനതയുടെ നീതിബോധത്തെയും സാമാന്യബോധത്തെയും കൊഞ്ഞനംകുത്തിക്കൊണ്ട് ഇവിടെയുള്ള മൗലികവാദികൾക്കും തീവ്രവാദികൾക്കും ഉണർവു പകരുന്ന മാധ്യമ പ്രവർത്തകൻ ഒ. അബ്ദുള്ള എന്നിവർ മുസ്ലീങ്ങളല്ല എന്നു തെളിച്ചുപറഞ്ഞ് അവരെ തിരുത്താനും കേരളത്തിൻ്റെ സാമൂഹികാരോഗ്യം സംരക്ഷിക്കാനും ബഹുമാന്യരായ ഇസ്ലാം മതനേതൃത്വം തയ്യാറാകണം.

അനിവാര്യം സാത്വിക സ്വരം

“നല്ലവരുടെ നിശ്ശബ്ദത ദുഷ്ടരുടെ ക്രൂരതയെക്കാൾ കൂടുതൽ അപകടകരമാണ്” എന്നു കുറിച്ചത് മാർട്ടിൻ ലൂതർ കിങ്ങാണെന്നാണ് ഓർമ. നൂറുവർഷം മുൻപ് മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ നിശ്ശബ്ദത ഭഞ്ജിച്ച ചില നല്ലവരുടെ ഒരു പ്രസ്താവന വായിക്കാൻ ഇന്നലെ എനിക്ക് ഇടയായി. 1921 സെപ്റ്റംബർ 21-നു പ്രസിദ്ധീകരിച്ച ഹസ്രത് മൗലാനാ അബ്ദുൾ ബാരിയും മൗലാനാ ആസാദ് സുബാനിയും ചേർന്നു തയ്യാറാക്കിയ സംയുക്ത പത്രിക ദി ഹിന്ദു ദിനപ്പത്രം ഇന്നലെ പുന:പ്രസിദ്ധീകരിച്ചു. അതിൽ ഒരു ഭാഗം ഇങ്ങനെയാണ്: “ഹിന്ദുക്കളെ ഇസ്ലാംമതം സ്വീകരിക്കാൻ ബലപ്രയോഗം നടത്തുന്ന മാപ്പിളമാരുടെ വെറുപ്പുളവാക്കുന്ന പ്രവൃത്തികളെക്കുറിച്ചുള്ള വാർത്തകളോടുള്ള പ്രതികരണം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സുവ്യക്തമായി ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നു: മതത്തിന്റെ പേരിൽ, ഭ്രാന്തരായ ചില മാപ്പിളമാർ ഹിന്ദു സഹോദരങ്ങളോട് ചെയ്ത ഇത്തരം തെറ്റായ നടപടികൾ പരസ്യമായ ക്രൂരതയും അനിസ്ലാമികവുമാണ്”.

Fr Joshy Mayyattil


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group