ദൈവത്തിന്റെ കഴുതയാകാൻ ഇന്ത്യയിലേക്ക് എത്തിയ സന്യാസിനിയുടെ ഒരായുഷ്കാല സമർപ്പണത്തിന്റെ കഥ…

ആധുനിക ലോകം നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പരക്കം പായുമ്പോൾ, തിരസ്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന വലിയൊരുവിഭാഗം പാവപ്പെട്ടവർ നമുക്കിടയിലുണ്ട്. മറ്റൊന്നും പ്രതീക്ഷിക്കാതെ അവർക്ക് ആശ്രയമാകുവാൻ ഈ ലോകത്തിൽ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്ന് മറ്റ് അനേകരെപ്പോലെ സി. മേരി തിയഡോറും പിൻഗാമികളും ഒരിക്കൽക്കൂടി തെളിയിക്കുന്നു.

അവശ്യ സൗകര്യങ്ങളോ ചെന്നെത്താത്ത നഗരപ്രാന്തങ്ങൾ ഇന്ത്യയിൽ ഒട്ടേറെയുണ്ട്. വൈകല്യങ്ങൾകൊണ്ടും രോഗങ്ങൾക്കൊണ്ടും അവിടെ ഒറ്റപ്പെടുന്ന ആയിരങ്ങൾക്കിടയിലാണ് ഒട്ടേറെ സന്യസ്തർ തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയിട്ടുള്ളത്. വി. മദർതെരേസയെപ്പോലെ നിരവധി സന്യസ്തർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അനാഥരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായി മാറിയത് അങ്ങനെയാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മദിരാശി പട്ടണത്തിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനേകർക്ക് അഭയമായി മാറിയ ഒരു സന്യാസിനിയുണ്ട്. 2012ൽ മരിക്കുന്നതുവരെയും ആ മണ്ണിൽ ജീവിച്ച് അവർ അനേകായിരങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി.

ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ജനിച്ചുവളർന്ന്, ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനീ സമൂഹത്തിൽ അംഗമായി തീർന്ന സി. മേരി തിയഡോർ 1951 ലാണ് ആദ്യമായി മദ്രാസിലെത്തിയത്. നിത്യവ്രത വാഗ്ദാനം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്നുതന്നെ തന്റെ പ്രവർത്തനമേഖലയായി സി. തിയഡോർ മദ്രാസിനെ കണ്ടിരുന്നു. 1948 ൽ തന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിലാണ് സിസ്റ്റർ തിയഡോർ ഒരു സന്യാസിനിയാവുക എന്ന നിർണ്ണായകമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുന്നത്. വളരെ പെട്ടെന്നെടുത്ത തീരുമാനമെങ്കിലും അതൊരു ഉറച്ച തീരുമാനവും വലിയൊരു ദൈവ നിയോഗത്തിന്റെ ആരംഭവുമായിരുന്നു.

മദ്രാസിന്റെ മണ്ണിൽ ജീവിച്ച കാലഘട്ടത്തിൽ അവിടെ പലവിധ വൈകല്യങ്ങളാൽ ജീവിതം വഴിമുട്ടിയവരും, ബലഹീനരും, രോഗികളുമായി അനേകരുടെ നിസ്സഹായാവസ്ഥ സി. തിയഡോറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. അവർക്ക് താങ്ങും തണലുമാകുവാൻ ആരുമുണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ തന്നെ അന്നത്തെ മദ്രാസ് ആർച്ച് ബിഷപ്പ് അത്തരമൊരു കാര്യം സി. മേരി തിയഡോറിനോട് ആവശ്യപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ മൂലം വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നതായിരുന്നു അത്.
ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1977ലാണ് സിസ്റ്ററിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത്. ചെന്നൈ നഗര മധ്യത്തിൽ അണ്ണാനഗറിലാണ് അതിനായി സ്ഥലം കണ്ടെത്തിയത്. സൗഹൃദം എന്നർത്ഥമുള്ള മിത്ര എന്ന സംസ്കൃത നാമമാണ് സിസ്റ്റർ ആ ഭവനത്തിന് നൽകിയത്. സിസ്റ്ററിന്റെ തന്നെ വാക്കുകളിൽ, മനുഷ്യത്വത്തിലെ വിസ്മരിക്കപ്പെട്ട വിഭാഗമായ ദുർബ്ബലരെ ശക്തിപ്പെടുത്തുന്നതിനായാണ് അത് ആരംഭിച്ചത്. Challenge to Conquer എന്ന വാക്യമാണ് മിത്രയ്ക്ക് മോട്ടോ ആയി സിസ്റ്റർ സ്വീകരിച്ചത്. കീഴടക്കാനുള്ള വെല്ലുവിളി. തങ്ങൾക്ക് ഒന്നും കഴിയില്ല എന്ന് കരുതി നിരാശയിൽ അകപ്പെട്ട് ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കിയിരുന്ന അനേകരുടെ ലോകം കീഴടക്കാനുള്ള വെല്ലുവിളി അവർക്കുവേണ്ടി സി. മേരി തിയഡോർ ഏറ്റെടുക്കുകയായിരുന്നു.

വാസ്തവത്തിൽ സിസ്റ്ററിന്റെ ഒറ്റയ്ക്കുള്ള കഠിനാധ്വാനമായിരുന്നു മിത്രയുടെ വിജയത്തിന് പിന്നിൽ. വലിയ ദൈവപരിപാലനയുടെ കരുതൽ ഓരോ ദിവസവും സിസ്റ്ററും മിത്രയിലെ അന്തേവാസികളും തിരിച്ചറിഞ്ഞിരുന്നു. ചെന്നൈയിലെയും ഓസ്‌ട്രേലിയയിലെയും അനേകർ സിസ്റ്ററിന്റെ മഹത്തായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. ഓസ്‌ട്രേലിയയിലെ ചില പത്രപ്രവർത്തകർ മിത്ര സന്ദർശിക്കുകയും വിശദമായി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ മിത്രയിലെ അന്തേവാസികളെ സന്ദർശിക്കാൻ അവിടെയെത്തിയിരുന്നു.

പീറ്റർ ഗെയിൽ രചിച്ച സിസ്റ്റർ മേരി തിയഡോറിന്റെ ജീവചരിത്രത്തിന്റെ പേര് God’s Donkey എന്നാണ്, ദൈവത്തിന്റെ കഴുത. തന്നെ സ്വയം സിസ്റ്റർ തിയഡോർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിലപ്പോൾ പിടിവാശി പ്രകടിപ്പിക്കാറുള്ള ജീവിയായാണ് സിസ്റ്റർ ഒരു ഇന്റർവ്യൂവിൽ കഴുതയെക്കുറിച്ച് പറയുന്നത്. ദൈവത്തിനുവേണ്ടി ചിലപ്പോൾ പിടിവാശി കാണിക്കുകയും എല്ലായ്പ്പോഴും യജമാനനായ ദൈവത്തിന് വിധേയപ്പെടുകയും ചെയ്യുന്ന ഒരു കഴുതയായി അവർ സ്വയം കണ്ടു.

മാവേലിക്കര രൂപതാദ്ധ്യക്ഷനായ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിന് കീഴിലാണ് ഇന്ന് മിത്ര. 2010 മുതൽ മിത്ര സ്‌പെഷ്യൽ സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും നടത്തിപ്പ് ചുമതല സർവൈറ്റ് സന്യാസിനിമാർക്കാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ ചുമതലകൾ അതിന്റെ പൂർണ്ണതയിൽ ആ സന്യാസിനിമാർ നിർവഹിച്ചുവരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group