വൈകല്യങ്ങൾക്കിടയിലും നീന്തൽ കുളത്തിൽനിന്ന് വിജയങ്ങൾ വാരിക്കൂട്ടുന്ന നീന്തൽതാരത്തിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു.

കൈവിരലുകളും കാൽപ്പാദവും ഇല്ലാതെ തന്റെ ശരീരത്തിന്റെ വൈകല്യങ്ങൾക്കിടയിലും നീന്തൽ കുളത്തിൽനിന്ന് വിജയങ്ങൾ വാരിക്കൂട്ടുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഫിലിപ്പൈൻസിൽ നിന്നുള്ള പാരാലിംപിക്‌സ് താരം എർണി ഗാവിലാൻ. ആ രഹസ്യം എന്തെന്നല്ലേ? ജീവിതത്തിൽ ഒന്നാം സ്ഥാനം ദൈവത്തിന് നൽകുക എന്നതുതന്നെ! ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ മാധ്യമമായ ‘ദ എപ്പോക്ക് ടൈസി’ന് നൽകിയ അഭിമുഖത്തിലാണ്, ഫിലിപ്പൈൻസിന് നീന്തലിൽ പ്രഥമ ഏഷ്യൻ പാരാലിംപിക്‌സ് സ്വർണം നേടിക്കൊടുത്ത എർണി തന്റെ ജീവിതത്തിൽ ദൈവത്തിനുള്ള സ്ഥാനം സാക്ഷ്യപ്പെടുത്തിയത്.

2018ലായിരുന്നു ഈ സുവർണ്ണ നേട്ടം. അഞ്ച് തവണ ഏഷ്യൻ പാരാലിംപിക്‌സിൽ പങ്കെടുത്ത ഇദ്ദേഹം രണ്ട് തവണ ചാംപ്യൻപട്ടം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന് അഭിമാന നേട്ടവും അനേകർക്ക് പ്രചോദനവുമായി മാറിയ എർണി എന്ന 30 വയസുകാരൻ ഗർഭച്ഛിദ്രത്തിന്റെ ഇരയാണെന്നുകൂടി അറിയണം. അതെ, ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും അതിന്റെ ഫലമായി കൈവിരലുകളും കാൽപ്പാദവും ഇല്ലാതെയായിരുന്നു അവന്റെ ജനനം. അവിടംകൊണ്ടും തീർന്നില്ല അവൻ നേരിടേണ്ടിവന്ന പരീക്ഷണങ്ങൾ. മിണ്ടാനാവോ നഗരത്തിലായിരുന്നു ജനനം. അവന്റെ ജനനത്തെ തുടർന്ന് പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. അഞ്ച് മാസംമാത്രം പ്രായമുള്ളപ്പോൾ അമ്മയെയും നഷ്ടമായി. അനാഥത്വത്തിന്റെ കൈപ്പുനീരു നിറഞ്ഞ ബാല്യത്തിൽ അവന് സംരക്ഷണമേകിയത് അവന്റെ അമ്മൂമ്മയായിരുന്നു.

‘ആദ്യം, എന്റെ ശാരീരിക അവസ്ഥകൾ മൂലം എന്റെ ജീവിതം എവിടേക്കാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ, ദൈവത്തിന് നന്ദി. കാരണം, അവിടുന്ന് എന്നെ തനിച്ചാക്കിയില്ല. എന്റെ മുത്തശ്ശി എന്നെ പരിപാലിച്ചു,’ അദ്ദേഹം പറഞ്ഞു. എർണിക്ക് ഒൻപത് വയസുള്ളപ്പോൾ വ്യവസായ പ്രമുഖൻ വിസെന്റെ ഫെറാസിനി അവനെ കാണാനിടയായതാണ് വഴിത്തിരിവായത്. ഭിന്നശേഷിയുള്ള കുട്ടികളെ പരിപാലിക്കുന്ന ഡാവോ സിറ്റിയിലെ സ്ഥാപനത്തിലേക്ക് അവനെ അയക്കാൻ അദ്ദേഹമാണ് അവന്റെ മുത്തശ്ശിയെ പ്രേരിപ്പിച്ചത്.

മേരിക്നോൾ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള ‘ഔവർ ലേഡി ഓഫ് വിക്ടറി ട്രെയിനിംഗ് സെന്ററി’ൽ ചെലവിട്ട നാളുകളിലാണ് കായികരംഗത്തോടുള്ള വിശിഷ്യാ, നീന്തലിനോടുള്ള തന്റെ താൽപ്പര്യം അവൻ തിരിച്ചറിഞ്ഞത്. നീന്തൽ പരിശീലകൻ മാർക്ക് ജൂഡ് കോർപസ് അവന്റെ കഴിവുകൾ തിരിച്ചറിഞ്ഞത് 2004ൽ എർണി പ്രൊഫഷണൽ രംഗത്തെത്താൻ വഴിയൊരുക്കുകയും ചെയ്തു. 2008ൽ കാഗായൻ ഡി ഒറോ പട്ടണം വേദിയായ ഫിലിപ്പൈൻസ് ഒളിംപിക്‌സ് ഫെസ്റ്റിവെൽ വേദിയിലായിരുന്നു അവന്റെ ശ്രദ്ധേയമായ നേട്ടം. സ്വിമ്മിംഗ് സ്യൂട്ട് ലഭിക്കാതെപോയതിനെ തുടർന്ന് ഭാരംകൂടിയ ട്രാക്‌സ്യൂട്ട് ധരിച്ച് മത്‌സരിച്ച അവൻ കൈപ്പിടിയിലാക്കിയ രണ്ടാം സ്ഥാനം വലിയ നേട്ടം തന്നെയായിരുന്നു!

2016ലെയും 2020ലെയും പാരാലിംപിക്‌സുകളിൽ പങ്കെടുത്ത അദ്ദേഹത്തിന് 2020ലെ ടോക്കിയോയിലെ പാരാലിംപിക്‌സിന്റെ സമാപനവേദിയിൽ ഫിലിപ്പൈൻസിന്റെ പാതകയേന്താനുള്ള ഭാഗ്യവും ലഭിച്ചു. ഒരു ഡസനിലധികം അന്താരാഷ്ട്ര മെഡലുകൾ നേടിയ എർണി, 2017ൽ പുറത്തിറങ്ങിയ ‘ഗാവിലൻ’ എന്ന ഷോർട്ട് ഫിലിമിലെ താരവും കൂടിയാണ്. ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ പ്രതിഫലത്തിൽ തുല്യത ഉറപ്പാക്കാനുള്ള ക്യാംപെയിനുകളുടെ മുന്നണിപ്പോരാളിയുമാണ് അദ്ദേഹം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group