ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം പിടിച്ച യുവവൈദീകന്റെ സാക്ഷ്യം വൈറലാകുന്നു..

സുഡാൻ : ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പുരോഹിതനായ ഫാ.ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ പുരോഹിതന്റെ ജീവിത സാക്ഷ്യം വൈറലാകുന്നു.
കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ യുവ വൈദികൻ ഇപ്പോൾ.
പ്രമുഖ മാധ്യമമായ ‘ഇ.ഡബ്ല്യു.ടി.എന്നിന് നൽകിയ അഭിമുഖത്തിലാണ് സംഭവബഹുലമായ തന്റെ ജീവിതം ഫാ. ചാൾസ് വിവരിച്ചത് .
1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരിയിൽ പ്രവേശിച്ചത്, സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ മാറ്റി മറിച്ച ആ സംഭവം, ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ഭീകരവാദികളുടെ സംഘം സെമിനാരിയിൽനിന്ന് റെക്ടർ ഉൾപ്പെട 40 വിദ്യാർത്ഥികളെ ബന്ധികളാക്കി. ‘രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവെച്ച് കൊല്ലും,’ എന്ന് ആക്രോശിച്ച ഭീകരരുടെ തോക്കിൻകുഴലിനു മുന്നിൽ ജീവിതം തളച്ചിടപ്പെട്ട ദിനങ്ങളായിരുന്നു പിന്നീട്.
കർശന സൈനിക പരിശീലനത്തിന് ഞങ്ങൾ നിർബന്ധിതരായി.
പഴയ ജീവിതത്തിലേക്കോ പൗരോഹിത്യ സ്വപ്‌നങ്ങളിലേക്കോ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ചിന്തയാൽ നിരാശയുടെ പിടിയിൽ അമരുമായിരുന്ന ഞങ്ങൾക്ക് കരുത്തായത് ഞങ്ങളോടൊപ്പം പിടിയിലായ റെക്ടറാച്ചൻ ആയിരുന്നു. അദ്ദേഹത്തെ വിട്ടയക്കാൻ ഭീകരർ തയാറായിരുന്നെങ്കിലും അദ്ദേഹം സെമിനാരിക്കാർക്കൊപ്പം തുടർന്നു. ആരൊക്കെ ഉപേക്ഷിച്ചാലും തങ്ങളെ സംരക്ഷിക്കാൻ ദൈവമുണ്ടെന്ന ബോധ്യത്താൽ അദ്ദേഹം ഞങ്ങളെ എന്നും ശക്തിപ്പെടുത്തി.
മാസങ്ങൾക്കുശേഷം നാല് സെമിനാരിക്കാരോടൊപ്പം രക്ഷപ്പെടാനുള്ള മാർഗം ഞങ്ങളുടെ മുന്നിൽ തെളിഞ്ഞു. പിടിക്കപ്പെട്ടാൽ കൊല്ലപ്പെടുമെന്ന് ഉറപ്പാണെങ്കിലും ദൈവത്തിൽ ആശ്രയിച്ച് രക്ഷപ്പെടാനുള്ള തീരുമാനമെടുത്തു. അപകടകരമായ ആ യാത്രയിൽ, മുതലയും ചീങ്കണ്ണിയുമൊക്കെയുള്ള രണ്ട് നദികൾ കടന്നു. ‘യേ’ എന്ന പട്ടണത്തിലാണ് സാഹസികയാത്ര അവസാനിച്ചത്. അവിടെ സെമിനാരി പരിശീലനം പുനരാരംഭിച്ചു.
എന്നാൽ, വിമതർ വീണ്ടും വരുമെന്ന വാർത്തകളെ തുടർന്ന് അവിടം വിടാൻ തീരുമാനിച്ചു. വിമതരിൽനിന്ന് രക്ഷനേടാൻ സെമിനാരി റിമെൻസെയിൽ നിന്ന് നസാരയിലേക്ക് മാറ്റിയെങ്കിലും വിമതപോരാളികൾ അവിടെയുമെത്തി. ഇതേ തുടർന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് പലായനം ചെയ്തു, മൂന്നു വർഷം അവിടെ ചെലവിട്ടു. തുടർന്ന് സെമിനാരി പഠനം തുടരാൻ ഉഗാണ്ടയിലെത്തി.

‘ഏതാണ്ട് ഒമ്പത് വർഷം ഞാൻ പ്രവാസിയായി ജീവിച്ചു. ഇക്കാലമത്രയും എന്റെ മാതാപിതാക്കളെ കാണാൻ എനിക്ക് കഴിഞ്ഞില്ല. കാരണം, സ്വന്തം നാട്ടിലെത്തിയാൽ അവർ ഞങ്ങളെ വീണ്ടും ബന്ധികളാക്കുമോയെന്ന് ഭയപ്പെട്ടിരുന്നു,’ ഫാ. ചാൾസ് വെളിപ്പെടുത്തി. സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം 2007ലായിരുന്നു തിരുപ്പട്ട സ്വീകരണം നടന്നത്.
ഫാ.ചാൾസിന്റെ അഭിപ്രായത്തിൽ, ഈ കഷ്ടപ്പാടുകളുടെ കാലമാണ് അദ്ദേഹത്തെ ദൈവവിളിയിൽ ഉറച്ചുനിൽക്കാൻ സഹായിച്ചത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group