ഈ സൈബർ യുഗത്തിൽ ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലനായി മാറിയ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിനെ എല്ലാവരും അറിയും. അതുപോലെ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും വിദേശ മണ്ണായ ലണ്ടനിൽ ദിവ്യകാരുണ്യ ഈശോയ്ക്കു വേണ്ടി ജീവിച്ച്,ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പരിശ്രമിച്ച് ജീവിതത്തിന്റെ ലക്ഷ്യം പൂർത്തിയാക്കി സ്വർഗ്ഗത്തിലേക്ക് യാത്രയായ അലൻ ചെറിയാൻ എന്ന 21-കാരനെ കുറിച്ച് അധികമാരും കേൾക്കാൻ ഇടയില്ല.
വൈദികനാകാൻ ആഗ്രഹിച്ച്, തന്റെ സ്വപ്നങ്ങളെല്ലാം ദൈവരാജ്യത്തിനായി മാറ്റിവെച്ച അപൂർവ വ്യക്തിത്വമായിരുന്നു അലൻ.നല്ല ജോലിയും, മുന്തിയ ജീവിതസൗകര്യങ്ങളും സ്വപ്നം കാണുന്ന യുവാക്കളിൽ നിന്ന് വ്യത്യസ്തനായി ദൈവ രാജ്യത്തിന് വേണ്ടി ആത്മാക്കളെ നേടുക എന്നതായിരുന്നു അലന്റെ സ്വപ്നം.അതുകൊണ്ടുതന്നെ അവന്റെ ആത്മീയ ജീവിതവും, അവൻ വഴിയായി ദൈവത്തെ അറിഞ്ഞ ജീവിതങ്ങളും നിരവധിയാണ്.
8-3-1994-ൽ ചെറിയാൻ സാമുവേലിന്റെയും റീനചെറിയാന്റെയും മകനായി ജനിച്ച അലൻ ചെറിയാൻ 23/03/1994ൽ ജ്ഞാനസ്നാനം സ്വീകരിച്ചു.സുവിശേഷവേല ജീവിതവ്രതമാക്കിയ മാതാപിതാക്കളുടെ പാത തന്നെയായിരുന്നു അലനും സ്വീകരിച്ചത്.സെഹിയോൻ മിനിസ്ട്രിയോട് ചേർന്ന് കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ ക്രിസ്തുവിനെ എത്തിക്കാൻ അലൻ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണ്. എല്ലാ യുവാക്കളുടെയും സ്വപ്നമായ ലണ്ടനിലെ തെരുവീഥി കളിലൂടെ യാതൊരു സങ്കോചവുമില്ലാതെ ദൈവവചനം പ്രഘോഷിച്ചു കൊണ്ട് സ്ട്രീറ്റ് മിനിസ്ട്രി ആരംഭിച്ച അലന്റെ ദൃഢനിശ്ചയം മാത്രം മതി അവൻ ദൈവ വചനത്തോട് എത്രമാത്രം ആഴ പെട്ടിരുന്നുവെന്ന് മനസ്സിലാക്കാൻ.
സെഹിയോൻ ശുശ്രൂഷകളോട് ചേർന്ന് ലോക സുവിശേഷവത്ക്കരണത്തിനു വേണ്ടി അധ്വാനിക്കുന്ന ഒരു വൈദികൻ ആകണമെന്നായിരുന്നു അവന്റെ ആഗ്രഹം. ആ ആഗ്രഹത്തിന്റെ പൂർ ത്തീകരണത്തിനായിരുന്നു അവൻ ലണ്ടനിൽനിന്ന് നാട്ടിലെത്തിയതും.2013 മുതൽ 2014 വരെ ഒരു വർഷക്കാലം പാലക്കാട് സെഹിയോൻ ധ്യാന മന്ദിരത്തിലെ ശുശ്രൂഷയിലൂടെയാണ് ഒരു വൈദികനാകണമെന്നുള്ള ആഗ്രഹം അവന് ഉണ്ടായത്.ഫാദർ സേവ്യർ ഖാൻ വട്ടായിലച്ചന്റെ അനുഗ്രഹാശിസുകളോടെ അലൻ അത് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ 2014-ന്റെ ആദ്യകാലങ്ങളിൽ യു.കെ യിലേക്ക് തിരികെ പോകാൻ സമയമായപ്പോൾ തന്റെ മാതാപിതാക്കൾ അലനെ വിളിച്ചു. ആ സമയം അലൻ മാതാപിതാക്കളോടു പറഞ്ഞു ഞാൻ പൗരോഹിത്യ ശുശ്രൂഷയിലേക്ക് ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടി ഡാഡി പ്രാർത്ഥിക്കണം.ഫോണിലൂടെ ഡാഡി ഏറെ സമയം പ്രാർത്ഥിച്ചതിനു ശേഷം ചെറിയാൻ ബ്രദർ പോയി വിശുദ്ധ വേദഗ്രന്ഥം എടുത്ത് വായിച്ചു. അപ്പോസ്തോല പ്രവർത്തനങ്ങൾ 26:16-17 “നീ എഴുന്നേറ്റുനില്‍ക്കുക. ഇപ്പോള്‍ നീ എന്നെപ്പറ്റി കണ്ടതും ഇനി കാണുവാനിരിക്കുന്നതു മായവയ്‌ക്കു സാക്‌ഷിയും ശുശ്രൂഷകനുമായി നിന്നെ നിയമിക്കാനാണ് ഞാന്‍ നിനക്കു പ്രത്യക്‌ഷപ്പെട്ടിരിക്കുന്നത്.നിന്നെ ഞാന്‍ നിന്റെ ജനത്തില്‍നിന്നും വിജാതീയരില്‍നിന്നും രക്‌ഷിച്ച് അവരുടെ അടുക്കലേക്ക് അയയ്‌ക്കുന്നു”.
ആ തിരുവചനം വായിച്ച് കഴിഞ്ഞപ്പോൾ ചെറിയാൻ ബ്രദറിന് മനസ്സിലായി ഇത് ദൈവത്തിന്റെ തെരഞ്ഞെടുപ്പാണെന്ന് . അതിനുശേഷം അലൻ സെഹിയോനിലെ പ്രാർത്ഥന മുറിയിൽ പോയി ഏറെ സമയം പ്രാർത്ഥിച്ചു കഴിഞ്ഞ് ബൈബിൾ തുറന്ന് നോക്കിയപ്പോൾ കണ്ട വചനം അപ്പ.പ്രവർത്തനങ്ങൾ 26:16- 17 തന്നെ ആയിരുന്നു. ആ തിരുവചനത്തിന്റെ വെളിച്ചത്തിൽ അലന്റെ പൗരോഹിത്യ പഠനo തീർത്തും ദൈവത്തിന്റെ തെരഞ്ഞെടുപ്പായി അംഗീകരിച്ചുറപ്പിച്ചു. 2014-ൽ പാലക്കാട് മേരി മാതാ മൈനർ സെമിനാരിയിൽ അലൻ ചേർന്നു പഠിച്ചു. മെത്രാന്റെ പ്രത്യേക പരിഗണനയിൽ ഒരു വർഷം കഴിഞ്ഞപ്പോൾ 2015 ൽ തൃശ്ശൂർ മേജർ സെമിനാരിയിൽ ചേർന്ന് അഞ്ച് മാസം കഴിഞ്ഞപ്പോൾ വെക്കേഷനിൽ അലൻ യു.കെ യിൽ മാതാപിതാക്കളുടെ അടുത്ത് ചെന്ന് ഏതാനം ദിവസം താമസിച്ചു. അവിടുള്ള കൂട്ടുകാരേയും, കൂട്ടായ്മയും വൈദികരേയു കണ്ട് ഇനി ഉടനെ ഞാൻ വരില്ലായെന്ന് മാതാപിതാക്കളോട് പറഞ്ഞ് തിരികെ സെമിനാരിയിലേക്ക് പോന്നു.തുടർന്ന് 2015 തൃശ്ശൂർ മേരി മാതാ മേജർ സെമിനാരിയിൽ ചേർന്ന അലൻ അഞ്ചു മാസത്തെ പഠനത്തിന് ശേഷം അനാരോഗ്യത്തെ തുടർന്ന് വീട്ടിലേക്ക് തിരികെ വന്നു. പിന്നീട് ആരോഗ്യ നില വീണ്ടെടുത്ത അലൻ 2015 നവംബർ 27- കൂട്ടുകാരുമൊത്ത് യാത്ര ചെയ്യവേ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു
തന്റെ ജീവിതത്തിലെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അനേകം ആത്മാക്കളെ നേടിയെടുത്ത ഈ യുവാവ് ഇന്നും ലണ്ടനിലെ ക്രിസ്ത്യൻ യുവജനങ്ങളുടെ ഇടയിൽ ജ്വലിക്കുന്ന ഓർമ്മയാണ്.
ഇന്ന് 2022 മാർച്ച് 8 – ഭൂമിയിൽ ഒരു പക്ഷേ അലൻ ഉണ്ടായിരുന്നുവെങ്കിൽ ഒരു ജന്മദിനം കൂടി ഇന്ന് ആഘോഷിക്കുമായിരുന്നു, എന്നാൽ ഭൂമിയിലെതിനേക്കാൾ മനോഹരവും സുന്ദരവുമായ സ്വർഗ്ഗീയ പിതാവിന്റെ നിത്യ ഭവനത്തിൽ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അലന്റെ ആത്മാവിന് വേണ്ടി നമുക്കും പ്രാർത്ഥിക്കാം. അലൻ ബാക്കിവെച്ച് പോയ ദൈവ രാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുക എന്ന ലക്ഷ്യം നമ്മുടെ ജീവിതത്തിലൂടെ നമുക്കും പൂർത്തീകരിക്കാo…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group