കലയിലൂടെ ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കുന്ന യുവസന്യാസിനി മാതൃകയാകുന്നു

ആധുനിക ലോകത്തിൽ ആധുനിക ദൃശ്യ മാധ്യമങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കുകയാണ് സിസ്റ്റര്‍ സെബി എംഎസ്എംഐ.

ഇതിനോടകം 18 ഷോര്‍ട്ട് ഫിലിമുകളും 5 ഡോക്യുമെന്ററികളും 5 ആല്‍ബങ്ങളും പുറത്തിറക്കിയാണ് സിസ്റ്റര്‍ സെബി ശ്രദ്ധേയയായത്.

ബത്തേരി എംഎസ്എംഐ പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ക്രിസ് മീഡിയ സ്റ്റുഡിയോയിലിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. സ്‌നേഹദൂത്, അമ്മ, അര്‍പ്പണം, നിന്നെപ്പോലെ ഒരാള്‍, ഒരു ചെറിയ തിരുത്ത്, കോവിഡ്-19 മൂന്നാം തരംഗം, കനല്‍, മൈ സൂപ്പര്‍ ഹീറോ, പറയാതിരുന്നത്, ബെസ്റ്റ് ഫ്രണ്ട്, ഈശോ, ജയ് മിഷന്‍ ലീഗ്, സ്‌നേഹപൂര്‍വം, മഞ്ഞുതുള്ളികള്‍, അതിഥി, മറുപടി എന്നീ ഷോര്‍ട്ട് ഫിലിമുകളാണ് ദൃശ്യകലയുടെ ആവിഷ്‌കാരത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. എറണാകുളത്ത് മാസ് കമ്മ്യൂണിക്കേഷന്‍ വിത്ത് ജേണലിസം കോഴ്‌സിന് പഠിക്കുമ്പോഴാണ് ആദ്യത്തെ ഷോര്‍ട്ട് ഫിലിമായ സ്‌നേഹദൂതിന് രൂപം നല്‍കിയത്. പത്ത് മിനുട്ടാണ് ദൈര്‍ഘ്യം.

മദ്യപിച്ച് വാഹനമോടിച്ച് അപ്പനും അമ്മയും നഷ്ടപ്പെട്ട ആങ്ങളയുടെയും പെങ്ങളുടെയും കഥ. ക്ലാസെടുക്കുന്നവര്‍ക്ക് ഈ ഷോര്‍ട്ട് ഫിലിം അനുഗ്രഹമായി മാറി. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ കഥയാണ് ‘അമ്മ’. തലശേരി ആര്‍ച്ച്ബിഷപ് ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് സ്‌നേഹപൂര്‍വത്തിന് രൂപം നല്‍കിയത്. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് കോവിഡ്-19 മൂന്നാം തരംഗം നിര്‍മിച്ചത്. ദൈവ വിളിയുമായി ബന്ധപ്പെട്ടുള്ളതാണ് അര്‍പ്പണം. ദൈവവിളി ക്യാമ്പിനും മറ്റും ഈ ഷോര്‍ട്ട് ഫിലിം ഉപയോഗപ്പെടുത്തുന്നുണ്ട്.

അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ‘നിന്നെപ്പോലെ ഒരാള്‍’ എന്ന ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. 50 ലക്ഷത്തില്‍പരം ആളുകള്‍ കണ്ടു. ‘ഒരു ചെറിയ തിരുത്തും’ ‘ഈശോ’യും ‘മറുപടിയും’ വൈറല്‍ ആയപ്പോള്‍ ലക്ഷങ്ങളാണ് ദൃശ്യാവിഷ്‌കാരം കണ്ടത്. മികച്ച ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈന്‍ ഓഫ് ഗോഡ്, സത്ഗമയ, തിരിച്ചറിവ്, നസ്രായന്റെ കൂടെ, പ്രിയപ്പെട്ട അമ്മക്ക് എന്നീ ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്. ക്രൂശിതനെ ഉത്ഥിതനെ, എത്ര വളര്‍ന്നാലും എന്തൊക്കെയായാലും, മേലേ മാനത്തെ ഈശോയെ, ദിവ്യകാരുണ്യമായി, നീയെന്റെ സങ്കേതവും എന്ന ആല്‍ബങ്ങളും പിറവിയെടുത്തു.

മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സിന് ചേര്‍ന്നതോടെയാണ് പ്രവൃത്തി മേഖലയിലുള്ള മാറ്റം തിരിച്ചറിഞ്ഞതെന്ന് സിസ്റ്റര്‍ സെബി പറഞ്ഞു. തീരെ താല്‍പര്യമില്ലാത്ത കോഴ്‌സിനാണ് ചേര്‍ന്നത്. ഇങ്ങനെയൊരു കോഴ്‌സ് സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു. എന്നാല്‍ ദൈവനിശ്ചയം അതായിരുന്നു. ബത്തേരി ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ആയിരുന്ന സിസ്റ്റര്‍ ഡോ. ലില്ലി ജോസിന്റെ നിര്‍ദേശം അനുസരിച്ചു. അത് അനുഗ്രഹമായി മാറി. ഇപ്പോഴത്തെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. ലിറ്റില്‍ ഫ്ലവര്‍ എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്നു. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ക്രിസ് മീഡിയ എന്ന പേരില്‍ എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റുഡിയോ തന്നെ തുറന്നു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു തുടക്കം. എഡിറ്റിംഗ്, ഡബ്ബിംഗ് അടക്കമുള്ള എല്ലാ ജോലിയും ചെയ്യുന്നു. കഥയും തിരക്കഥയും സംവിധാനവും നിര്‍മാണവും എല്ലാം സ്വന്തം തന്നെ. ഡാന്‍സ് പഠിച്ചിട്ടുള്ള സിസ്റ്റര്‍ സെബി അഭിനയം പഠിപ്പിക്കുന്നുമുണ്ട്. 22 വര്‍ഷക്കാലത്തെ സന്യാസ ജീവിതത്തില്‍ ദൈവത്തെ പകര്‍ന്നുകൊടുക്കാനുള്ള ഒരു മാധ്യമമായി സിസ്റ്റര്‍ സെബി കലയെ കാണുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group