ആദ്യമായി ഭാരതത്തിൽ നിന്നുള്ള അല്മായന് സാര്‍വത്രികസഭയിലെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുമ്പോള്‍, ചരിത്രസ്മൃതികളുടെ നാള്വഴിപ്പെരുമയില് കൊച്ചി രൂപത സവിശേഷമായ ആത്മീയാഹ്ലാദത്തിലാണ്
വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്ന ദേവസഹായം പിള്ള ജനിച്ച നാഗര്‍കോവില്‍ നട്ടാലം, ജ്ഞാനസ്നാനം സ്വീകരിച്ച വടക്കന്‍കുളം ഗ്രാമങ്ങള്‍ അന്ന് പഴയ വിശാലമായ കൊച്ചി രൂപതയുടെ ഭാഗമായിരുന്നു.1557ല്‍ സ്ഥാപിതമായ കൊച്ചി രൂപത, ഏറെക്കാലം ഭൂമിശാസ്ത്രപരമായി കേരളവും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളും പിന്നിട്ടു വിശാലമായിരുന്നു. പടിഞ്ഞാറു മലബാര്‍ തീരം മുതല്‍, കിഴക്ക് ചോളമണ്ഡല തീരവും മദ്രാസിന്റെ സമീപപ്രദേശങ്ങളും അതിലുള്‍പ്പെട്ടു. മധുര, കര്‍ണാടക, ശ്രീലങ്ക (സിലോണ്‍), ബര്‍മ എന്നിവയെല്ലാം പഴയ കൊച്ചി രൂപതയിലാണ് ഉള്‍പ്പെട്ടിരുന്നത്.
തിരുവിതാംകൂറില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠ പിള്ള (ദേവസഹായം പിള്ള) 1748ല്‍ ഈശോസഭാ വൈദികനായ ഫാ. ബൂത്ത്വരി ഇറ്റാലൂസില്നിന്നാണു ജ്ഞാനസ്നാനം സ്വീകരിച്ചത്. ഭാരതത്തിലെ വിശ്വാസസംബന്ധമായ കാര്യങ്ങളുടെ ഏകോപനം പോര്‍ച്ചുഗീസ് മെത്രാന്മാരുടെ മേല്‍നോട്ടത്തിലായിരുന്ന (പദ്രുവാദോ) കാലഘട്ടത്തിലാണു 1752 ല്‍ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം.
അന്നത്തെ കൊച്ചി രൂപതയുടെ ചുമതല വഹിച്ചിരുന്ന പോച്ചുഗീസ് മെത്രാന് ക്ലെമന്റ് ജോസഫ് ദേവസഹായം പിള്ളയുടെ വിശ്വാസത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വം സംബന്ധിച്ചു റോമിനെ അറിയിച്ചിരുന്നെന്നു വ്യക്തമാക്കുന്ന രേഖകള്‍ രൂപതയുടെ ആര്ക്കൈവ്സിലുണ്ടെന്നു പിആര്‍ഒ റവ.ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട് പറഞ്ഞു.
1756 നവംബര്‍ 15നു തന്റെ ആദ്ലിമിന സന്ദര്‍ശനത്തില്‍ ബിഷപ് ക്ലെമന്റ് ജോസഫ്, ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം സംബന്ധിച്ചു ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് സ്വന്തം കൈപ്പടയിൽ എഴുതിനൽകിയ വിവരണ രേഖയുടെ വിശദാംശങ്ങള്‍ ആര്‍ക്കൈവ്സിലുണ്ട്.
ദേവസഹായം പിള്ളയുടെ നാമകരണ നടപടികളില്‍ ഈ രേഖകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഫാ. പുതുക്കാട്ട് പറഞ്ഞു. ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 14നു കൊച്ചി രൂപതയില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ഥന നടത്താറുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group