സംസ്ഥാനത്ത് കെട്ടിടവാടക നിയന്ത്രണ നിയമം പരിഷ്കരിക്കാൻ നീക്കം

കോട്ടയം: സംസ്ഥാനത്ത് കെട്ടിടവാടക നിയന്ത്രണ നിയമം പരിഷ്കരിക്കുന്നത് സർക്കാറിന്‍റെ സജീവ പരിഗണനയില്‍. പുതിയ വാടക നിയന്ത്രണ നിയമമില്ലാത്തതിനാല്‍ കെട്ടിട ഉടമകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വർധിച്ച സാഹചര്യത്തിലാണ് വർഷങ്ങള്‍ പഴക്കമുള്ള നിയമം പരിഷ്കരിക്കാനുള്ള നീക്കം.

1965 ലെ നിയമമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കേരള കെട്ടിടങ്ങള്‍ (പാട്ടവും വാടകനിയന്ത്രണവും) എന്ന ഈ നിയമം 2021 ല്‍ കേന്ദ്രസർക്കാർ പാസാക്കിയ ‘മോഡല്‍ ടെനൻസി’ ആക്ടിന് അനുസൃതമായി പരിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമമായതിനാല്‍ നിലവില്‍ സംസ്ഥാനത്ത് പാട്ടത്തിനും വാടകക്കും കെട്ടിടങ്ങള്‍ നല്‍കുന്നത് തോന്നുംപടിയാണ്. വാടക്ക് നല്‍കിയ വീട് ഒഴിഞ്ഞുപോകാൻ പലരും കൂട്ടാക്കാത്തത് കെട്ടിട ഉടമകള്‍ക്കും മുൻകൂർ തുക വാങ്ങുന്നത് വാടകക്കാർക്കും ഒരുപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഇത് ക്രമസമാധാന പ്രശ്നമാകുകയും നിയമനടപടിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച്‌ നിരവധി പരാതികള്‍ സർക്കാറിന് ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര നിയമത്തിന് സമാന രീതിയിലുള്ള നിയമ പരിഷ്കാര നീക്കം.

2021 ലെ കേന്ദ്രസർക്കാർ നിയമത്തില്‍ കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ രേഖാമൂലം കരാറില്‍ ഏർപ്പെടണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതില്‍ വാടക, എത്രകാലത്തേക്കാണ് വാടകക്ക് നല്‍കുന്നത് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും വ്യക്തമാക്കണം. വീടുകള്‍ക്ക് രണ്ട് മാസത്തെ വാടകയും അല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടകയും സെക്യൂരിറ്റി നിക്ഷേപമായി വാങ്ങാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിശ്ചിത കാലാവധിക്കുള്ളില്‍ വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ അതെല്ലാം സെക്യൂരിറ്റി നിക്ഷേപത്തില്‍ നിന്നും ഈടാക്കാമെന്നും നിയമത്തില്‍ പറയുന്നു.

അതിന് പുറമെ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കുന്നതിന് റെൻറ് അതോറിറ്റി, റെന്‍റ്കോടതി, റെന്‍റ് ട്രൈബ്യൂണല്‍ തുടങ്ങിയ ത്രിതല സംവിധാനത്തിന് രൂപം നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമ, തദ്ദേശ, റവന്യു-ഭവനനിർമ്മാണ വകുപ്പുകള്‍ കൂടിയാലോചിച്ച്‌ വിഷയത്തില്‍ തുടർനടപടികള്‍ സ്വീകരിക്കാനാണ് നീക്കം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m