മുംബൈ : ശാന്തതയോടും സമാധാനത്തോടും കൂടിയ മരണമാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ കാൻസർ രോഗികളുടെ മരണം അത്രത്തോളം സമാധാനഭരിതമല്ല. കടുത്ത വേദനയിലൂടെയാണ് അവർ കടന്നു പോകുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഹോം ഓഫ് പെയ്ൻലസ് പീസ് എന്ന സ്ഥാപനത്തിന് പ്രസക്തി വർദ്ധിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് ഹോളിക്രോസ് സന്യാസ സമൂഹാംഗങ്ങളാണ് ഈ സ്ഥാപനത്തിലെ ശുശ്രൂഷകർ.
ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യതയില്ലാത്ത കാൻസർ രോഗികളുടെ അന്ത്യനിമിഷങ്ങളെ ആശ്വാസപ്രദമാക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതുകൊണ്ട് രോഗികളും ബന്ധുക്കളും ഇവരെ വിശേഷിപ്പിക്കുന്നത് മാലാഖമാർ എന്നാണ്. കന്യാസ്ത്രീമാരുടെ പരിചരണവും സ്നേഹവും വാക്കുകളിൽ വർണ്ണിക്കാനാവാത്തതാണ്.
ഞങ്ങൾ മാലാഖമാരാണോയെന്ന് അറിയില്ല. പക്ഷേ ദൈവം ഞങ്ങളെ ഈ ശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. പേരോ പ്രശസ്തിയോ ലക്ഷ്യമാക്കിയല്ല ഈ ശുശ്രൂഷ ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത് ദൈവസ്നേഹം മാത്രം. ഹോളിക്രോസ് സിസ്റ്റേഴ്സ് പറയുന്നു.
കാൻസർ രോഗികളെ പരിചരിക്കാനും അവരുടെ അന്ത്യനിമിഷങ്ങളെ ശാന്തമാക്കാനുമായി ഇങ്ങനെയൊരു സ്ഥാപനത്തിന്റെ തുടക്കം1986 നവംബർ രണ്ടിന് മുംബൈയിലായിരുന്നു. ശാന്തി ആവേദന സദൻ എന്ന പേരുള്ള ഈ സ്ഥാപനം ആരംഭിച്ചത് കത്തോലിക്കനായ ഡോ. ലൂയിസ് ജോസ് ഡിസൂസയായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഹോളിക്രോസ് സിസ്റ്റേഴ്സിന് ഏല്പിച്ചു കൊടുക്കുകയായിരുന്നു. ഇവരുടെ സമർപ്പണവും സ്നേഹവും മനസ്സിലാക്കി ക്കൊണ്ടാണ് ഈ നിയോഗം അവരെ ഏല്പിച്ചു കൊടുത്തതെന്ന് ഡോക്ടർ പറയുന്നു.
രണ്ടാമത് ഗോവയിലും മൂന്നാമത് ന്യൂഡൽഹിയിലുമാണ് ഇത്തരം സെന്റർ ആരംഭിച്ചത്. സിസ്റ്റർ ആൻസി കൊട്ടുപ്പള്ളിക്കാണ് ന്യൂഡൽഹിയിലെ സ്ഥാപനത്തിന്റെ ഭരണചുമതല. ന്യൂഡൽഹിയിലെ സെന്ററിൽ 11 സ്ത്രീകളും ഏഴു പുരുഷന്മാരും രോഗികളായി കഴിയുന്നു. ഇതുവരെ ഏഴായിരത്തോളം രോഗികളെ ശുശ്രൂഷിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ രോഗികൾക്കും തുല്യസ്ഥാനമാണ് നല്കുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. രോഗികളെ മാത്രമല്ല അവരുടെ ബന്ധുക്കൾക്കും സിസ്റ്റേഴ്സ് വേണ്ട വിധത്തിലുള്ള കൗൺസലിംങും നൽകി വരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group