ന്യൂഡല്‍ഹി: രാത്രികാല ഷിഫ്റ്റുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് പ്രതികരിച്ച് രാജ്യത്തെ മൂന്നിലൊന്ന് ഡോക്ടർമാരും.
ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) ഓണ്‍ലൈൻ ആയി നടത്തിയ സർവേയിലാണ് ഡോക്ടർമാരുടെ പ്രതികരണം. സർവേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളയായിരുന്നെന്ന് ഐ.എം.എ പ്രതികരിച്ചു.
രാത്രി ഷിഫ്റ്റുകള്‍ ‘സുരക്ഷിതമല്ല’ അല്ലെങ്കില്‍ ‘ഒട്ടും സുരക്ഷിതമല്ല’ എന്നാണ് പൊതുവില്‍ ഉള്ള പ്രതികരണം. ചിലർക്ക് പ്രതിരോധത്തിന്റെ ഭാഗമായി ആയുധങ്ങള്‍ കൈവശം വയ്ക്കേണ്ടതിൻ്റെ ആവശ്യകത പോലും തോന്നിയതായും സർവേയില്‍ പ്രതികരിച്ചു. 45 ശതമാനം പേർക്കും രാത്രി ഷിഫ്റ്റില്‍ ഡ്യൂട്ടി റൂം ലഭ്യമല്ലെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സർവേയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സർവേ നടത്തിയത്.
3,885 വ്യക്തിഗത പ്രതികരണങ്ങളോടെ, ഈ വിഷയത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ പഠനമാണിതെന്ന് ഐ.എം.എ അവകാശപ്പെട്ടു. കേരള സ്റ്റേറ്റ് ഐഎംഎയുടെ റിസർച്ച് സെല്‍ ചെയർമാൻ ഡോ രാജീവ് ജയദേവനും സംഘവും സമാഹരിച്ച സർവേ കണ്ടെത്തലുകള്‍ ഐഎംഎയുടെ കേരള മെഡിക്കല്‍ ജേണല്‍ 2024 ഒക്ടോബർ ലക്കത്തില്‍ പ്രസിദ്ധീകരിക്കും.
22-ലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സർവേയില്‍ പ്രതികരിച്ചത്. അവരില്‍ 85 ശതമാനം 35 വയസ്സിന് താഴെയുള്ളവരും 61 ശതമാനം ഇൻ്റേണുകളോ ബിരുദാനന്തര ബിരുദധാരികളോ ആയിരുന്നു. ചില എംബിബിഎസ് കോഴ്സുകളില്‍ ലിംഗാനുപാതം അനുസരിച്ച് 63 ശതമാനം സ്ത്രീകള്‍ ആണെന്ന് സർവേ പറയുന്നു.
നിരവധി ഡോക്ടർമാർ സുരക്ഷിതമല്ല (24.1 ശതമാനം) എന്ന് പ്രതികരിച്ചു. 11.4 ശതമാനം പേരാണ് തങ്ങള്‍ ഒട്ടു സുരക്ഷിതമല്ലെന്ന് പ്രതികരിച്ചത്. റിപ്പോർട്ട് ചെയ്തവരില്‍ മൂന്നിലൊന്ന് പേർ ആകെ സുരക്ഷിതരല്ലാതെ ജോലി ചെയ്യുന്നെന്നാണ് സർവേ കണക്കുകള്‍ വ്യക്തമാക്കുന്നത്. 20-30 വയസ്സ് പ്രായമുള്ള ഡോക്ടർമാർക്ക് ഇടയിലാണ് സുരക്ഷിതത്വബോധം ഏറ്റവും കുറവ് കണ്ടെത്തിയത്. ഈ പ്രായ ഗ്രൂപ്പില്‍ കൂടുതലും ഇൻ്റേണുകളും ബിരുദാനന്തര ബിരുദധാരികളും ആണ്.
രാത്രി ഷിഫ്റ്റുകളില്‍ 45 ശതമാനം പേർക്കും ഡ്യൂട്ടി റൂം ലഭ്യമല്ല എന്നതാണ് രാജ്യത്തെ സ്ഥിതി. സ്വന്തമായി ഡ്യൂട്ടി റൂം ഉള്ളവർക്ക് കൂടുതല്‍ സുരക്ഷിതത്വബോധം ഉള്ളതായാണ് അനുഭവമെന്നനും സർവേ പറയുന്നു. പകുതിയിലധികവും (53 ശതമാനം) ഡോക്ടർമാരുടെ ഡ്യൂട്ടി റൂം സ്ഥിതി ചെയ്യുന്നത് വാർഡ്/കാഷ്വാലിറ്റി ഏരിയയില്‍ നിന്ന് വളരെ അകലെയാണ്. ഡ്യൂട്ടി റൂം ലഭ്യമായവരില്‍ തന്നെ ഏകദേശം മൂന്നിലൊന്ന് അറ്റാച്ച്‌ഡ് ബാത്ത്റൂം ഇല്ലായിരുന്നു. അതായത്, ബാത്ത്റൂം ഉപയോഗിക്കാൻ ഡോക്ടർമാർക്ക് രാത്രി സമയങ്ങളില്‍ മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുക, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, ശരിയായ വെളിച്ചം ഉറപ്പാക്കുക, സെൻട്രല്‍ പ്രൊട്ടക്ഷൻ ആക്‌ട് (സി.പി.എ) നടപ്പാക്കുക, ബൈസ്റ്റാൻഡർ നമ്ബറുകള്‍ നിയന്ത്രിക്കുക, അലാറം സംവിധാനങ്ങള്‍ സ്ഥാപിക്കുക, പൂട്ടുകളുള്ള സുരക്ഷിതമായ ഡ്യൂട്ടി റൂമുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ നിർദേശങ്ങള്‍ സർവേയില്‍ പങ്കെടുത്തവർ മുന്നോട്ടുവെച്ചു.
സുരക്ഷിതവും വൃത്തിയുള്ളതും ആക്സസ് ചെയ്യാവുന്നതുമായ ഡ്യൂട്ടി റൂമുകള്‍, ബാത്ത്റൂമുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. മതിയായ സ്റ്റാഫിംഗ്, ഫലപ്രദമായ ട്രൈജിംഗ്, പേഷ്യൻ്റ് കെയർ ഏരിയകളില്‍ ജനക്കൂട്ട നിയന്ത്രണം എന്നിവയും ആവശ്യമാണ്.
വേണ്ടത്ര പരിശീലനം സിദ്ധിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം, ഇടനാഴികളിലെ വെളിച്ചക്കുറവ്, സിസിടിവി ക്യാമറകളുടെ അഭാവം, രോഗികളുടെ പരിചരണ മേഖലകളിലേക്ക് അനധികൃത വ്യക്തികളുടെ അനിയന്ത്രിതമായ പ്രവേശനം എന്നിവയാണ് ഇവർ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികള്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m