വിശപ്പ്

മുപ്പത്തഞ്ച് ദിവസം മാത്രം
പ്രായമുള്ള കുഞ്ഞിന്റെ കഥ.

എന്തെന്നറിയില്ല കുഞ്ഞ്
വല്ലാത്ത കരച്ചിൽ.
മുലപ്പാൽ കൊടുത്തിട്ടും
താരാട്ടുപാടിയിട്ടുമൊന്നും
ഫലം കണ്ടില്ല. വികാരിയച്ചന് അരികിലെത്തി പ്രാർത്ഥിപ്പിച്ചിട്ടും കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ
ഡോക്ടറുടെ നിരീക്ഷണത്തിൽ ശാരീരിക പ്രശ്നങ്ങളൊന്നുമില്ല.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയിട്ടും കുഞ്ഞിന്റെ
കരച്ചിൽ നിൽക്കാതിരുന്നപ്പോൾ അമ്മൂമ്മ പറഞ്ഞു:
“അതിന് വിശപ്പു മാറാഞ്ഞിട്ടായിരിക്കും കരച്ചിൽ നിർത്താത്തത്.
കുറച്ച് സൂചിഗോതമ്പ് വെള്ളത്തിലിട്ട് പിഴിഞ്ഞ് അതിന്റെ നൂറെടുത്ത്
കുറുക്കി കൊടുക്കൂ ….
കരച്ചിൽ നിൽക്കുമോ
എന്നു നോക്കാം.”

അമ്മൂമ്മ പറഞ്ഞതു പോലെ
കുഞ്ഞിന്റെ മാതാവ് ചെയ്തു.
ഭക്ഷണം അകത്തു ചെന്നപ്പോൾ കുഞ്ഞിന്റെ കരച്ചിലും നിന്നു!

അന്നത്തെ ആ കുഞ്ഞ് തന്നെയാണ്
ഇന്നിതെഴുതുന്നത്!

കുഞ്ഞിന് വിശക്കുന്നുണ്ടെന്ന്
തിരിച്ചറിയാൻ ദൈവകൃപയുള്ള
അമ്മൂമ്മയ്ക്ക് മാത്രമേ കഴിഞ്ഞുള്ളൂ
എന്നത് ശ്രദ്ധേയമാണ്.

മനുഷ്യന്റെ വിശപ്പ് മനസിലാക്കണമെങ്കിൽ……
അതനുസരിച്ച് പ്രവർത്തിക്കണമെങ്കിൽ ദൈവീക ചൈതന്യം കൂടിയേ തീരൂ എന്നു സാരം.

ഇവിടെയാണ് അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോറ്റിയ ക്രിസ്തു വേറിട്ടു നിൽക്കുന്നത്.
അന്നത്തെ ജനക്കൂട്ടത്തിൽ നിന്നും വിശപ്പിന്റെ നിലവിളി ഉയർന്നിരുന്നു. അത് ശിഷ്യർക്കും മനസിലായി.
എന്നാൽ അവരെ വീടുകളിലേക്ക് പറഞ്ഞയക്കാനാണ്
അവർ ക്രിസ്തുവിനെ നിർബന്ധിച്ചത്.

പന്ത്രണ്ടു പേർ ഒറ്റക്കെട്ടായ് പറഞ്ഞിട്ടും ക്രിസ്തു മാത്രം അവരെ വീടുകളിലേക്ക് പറഞ്ഞയക്കാൻ തയ്യാറായില്ല.
“നിങ്ങള്‍ അവര്‍ക്കു ഭക്‌ഷണം കൊടുക്കുവിന്‍….” (ലൂക്കാ 9 : 13).
അതായിരുന്നു അവന്റെ മറുപടി.

എത്രയോ പേരുടെ കണ്ണീർ
നമ്മൾ കണ്ടിരിക്കുന്നു.
കരച്ചിൽ നമ്മൾ കേട്ടിരിക്കുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ കണ്ണീരൊപ്പാനും പശിയകറ്റാനും
നമുക്ക് കഴിയാത്തത്?

അപരന്റെ രോദനം കാതുകളിലല്ല
ഹൃദയങ്ങളിലാണ് പതിയേണ്ടത്.
എങ്കിൽ മാത്രമേ കണ്ണീരൊപ്പാനും
വിശപ്പകറ്റാനും നമുക്ക് സാധിക്കൂ.

ഫാദർ ജെൻസൺ ലാസലെറ്റ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group