തിരുവനന്തപുരം:മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 91-ാമത് വാർഷിക ആഘോഷങ്ങൾ മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം മേജർ അതിരൂപതയിൽ മണ്ണന്തല വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ ദേവാലയത്തിൽ വെച്ച് നടക്കും.
ഈ വർഷം സഭാ തലത്തിലുള്ള പൊതുപരിപാടിക്കു പകരമായി ഭദ്രാസനതലത്തിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിപാടികൾ നടക്കുന്നതെന്നു പിആർഒ ഫാ. ബോവാസ് മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.
1930 സെപ്റ്റംബർ 20ന് ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയിലേക്ക് നടന്ന പുനരൈക്യ പ്രസ്ഥാനം ഇന്ന് സാർവത്രിക സഭയിൽ സ്വയാധികാര വ്യക്തിഗത സഭയായി. പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കർദിനാൾ സംഘത്തിലേക്ക് സഭാതലവൻ ഉയർത്തപ്പെട്ടു. അഞ്ച് വ്യക്തികളിൽ ആരംഭിച്ച പ്രസ്ഥാനം അഞ്ചുലക്ഷത്തോളം വിശ്വാസികളുള്ള സഭാസമൂഹമായി.
ഒരു മേജർ അതിരൂപതയും ഒരു അതിരൂപതയും 10 രൂപതകളും സഭയ്ക്കുണ്ട്.
മലയാളത്തിൽ ഉപയോഗിച്ചിരുന്ന ആരാധനക്രമം ഇന്നു തമിഴ്, ഹിന്ദി ഭാഷകൾ ഉൾപ്പെടെ പത്തോളം ഇന്ത്യൻ ഭാഷകളിലും മറ്റ് വിദേശഭാഷകളിലും ഉപയോഗിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ സഭ സജീവമായി രംഗത്തുണ്ടെന്നും ഫാ. ബോവാസ് മാത്യു പറഞ്ഞു.
പുനരൈക്യ ദിനമായ സെപ്റ്റംബർ 20-ന് രാവിലെ 7.30ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ മണ്ണന്തല ഇടവകയിൽ പുനരൈക്യ വിശുദ്ധ കുർബാന അർപ്പിക്കും.
21നു വൈകുന്നേരം 5.30നു നടക്കുന്ന പുനരൈക്യ വാർഷിക സമ്മേളനം മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ലത്തീൻ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യ സന്ദേശം നൽകും.
സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, ഡോ. ശശി തരൂർ എംപി, മേയർ ആര്യാ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി.കെ. പ്രശാന്ത് എംഎൽഎ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വിവിധ സഭാ പ്രതിനിധികളായ ഫാ. ജോസഫ് കീപ്രത്ത്, റവ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, കൗണ്‍സിലർമാരായ വനജ രാജേന്ദ്ര ബാബു, ജോണ്സണ് ജോസഫ്, മോണ്‍. മാത്യു മനക്കരക്കാവിൽ, മോണ്‍. വർക്കി ആറ്റുപുറത്ത് തുടങ്ങിയവരും സംസാരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group