കോട്ടയം:മൂവാറ്റുപുഴ രൂപതയ്ക്കു വേണ്ടി പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സെൻറ് ജോസഫ് ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ബിജു ഇടയാളികുടിയിലാണ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ വൈദികൻ.തന്റെ ഇടവകയിലെ ഒരു കുടുംബത്തിന് കഴിഞ്ഞ മഴക്കാലത്ത് നഷ്ടമായ വീട് നിർമ്മിക്കാനായി സ്വയം മേസ്തിരി പണി കൂടി ഏറ്റെടുത്ത് ചെയ്യുന്ന ഫാദർ ബിജു ഇടയാളിക്കുടിയിലിന്റെ ചിത്രമാണ് താഴെ ഈ ലേഖകൻ പങ്കുവയ്ക്കുന്നത്.യേശുക്രിസ്തുവും വളർത്തുപിതാവായ ഭാഗ്യപ്പെട്ട യൗസേപ്പ് പിതാവും ആശാരിപ്പണി ചെയ്തിരുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് നമുക്കോരോരുത്തർക്കും ബോധ്യം നൽകുന്ന യൗസേപ്പ് പിതാവിന്റെയും ഈശോയുടെയും പാതയിലൂടെ,സഹായഹസ്തവുമായി മേസ്തിരിപ്പണിയിൽ വ്യാപൃതനാണ് ഈ പ്രിയപ്പെട്ട വൈദികൻ.മൂവാറ്റുപുഴ ഇടയാളിക്കുടിയിൽ വർഗീസിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1971 മെയ് 10 നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1996 തിരുവല്ല അതിരൂപതയ്ക്ക് വേണ്ടി സെമിനാരിയിൽ ചേർന്നു….
മൂന്നുവർഷത്തെ സെമിനാരി പഠനത്തിനുശേഷം തിരുവനന്തപുരം മലങ്കര മേജർ സെമിനാരിയിൽ ഫിലോസഫി തിയോളജി പഠനം.1997 ഏപ്രിൽ ഒന്നിന് അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപോലീത്തയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു…
പിന്നീട് തിരുവല്ല അതിരൂപതയിലെ നെടുമാവ്,കാഞ്ഞിരപ്പാറ,
എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ രൂപത രൂപീകരിച്ചപ്പോൾ മൂവാറ്റുപുഴ കത്തീഡ്രൽ ഇടവകാംഗം എന്ന നിലയിൽ എറണാകുളം,തൃശ്ശൂർ,പാലക്കാട് എന്നീ മൂന്നു ജില്ലകളും കോയമ്പത്തൂരും ഉൾപ്പെടുന്ന മൂവാറ്റുപുഴ രൂപതയുടെ ബിഷപ്പായിരുന്ന അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ് പിതാവിന്റെ സെക്രട്ടറിയായി ചുമതലയേറ്റു….
തുടർന്ന് പാമ്പാക്കുട, കോട്ടപ്പുറം, മഴുവന്നൂർ,കുന്നക്കുരുടി, കട്ടിലപ്പൂവം, വെട്ടായി,ഇരുമ്പുമുട്ടി, ചിറക്കൽപ്പടി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു ഈ യുവ വൈദികൻ.തന്നിൽ നിക്ഷിപ്തമായ പൗരോഹിത്യജീവിതത്തിലൂടെ ക്രിസ്തുവിന്റെ പാതയിൽ കടന്നുപോയ ദേവാലയങ്ങളിലെല്ലാം വിശുദ്ധ ബലിക്കായി കരങ്ങൾ ഉയർത്തുന്നതിനൊപ്പം ഒരു തച്ചന്റെ ഇച്ഛാശക്തിയോടെ ദേവാലയങ്ങളെ നിരീക്ഷിച്ച് മോടി പിടിപ്പിക്കുന്നതിനും മനോഹരമാക്കി തീർക്കുന്നതിനും സമയം കണ്ടെത്തി ഫാ. ബിജു.മേധാവിയും കാഴ്ചക്കാരനുമാകാതെ ജോലിക്കാരുടെ ഒപ്പം കിളക്കാനും മണ്ണ് വെട്ടാനും,കല്ല് കെട്ടാനുമെല്ലാം ചുറുചുറുക്കോടെ മുന്നിട്ടിറങ്ങി ഇദ്ദേഹം.നല്ലൊരു പ്രാസംഗികൻ കൂടിയായ ഈ വൈദികൻ സുമനസ്സുകളുടെ സഹായത്തോടെ അട്ടപ്പാടിയിൽ ഏഴ് വീടുകളാണ് ഇദ്ദേഹത്തിന്റെ കൂടി നിർമ്മാണ കരവിരുതിൽ പൂർത്തിയാക്കി പാവപ്പെട്ടവർക്കായി നൽകിയത്…. വർഷത്തിൽ നാലു തവണയെങ്കിലും ഇടവകയിലെ അക്രൈസ്തവരുടേതടക്കം വീടുകൾ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങളിൽ സഹായഹസ്തമാവുകയും ചെയ്യുന്ന അപൂർവ്വ വ്യക്തിത്വം കൂടിയാണ് ഈ പുരോഹിതർ ശ്രേഷ്ഠൻ…. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ കാലഘട്ടത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നാലു തവണ ഭക്ഷണ കിറ്റുകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു കഴിഞ്ഞു….. ക്രിസ്തുമസിന് ഇടവകയിലെ പകുതിയോളം വരുന്ന കുടുംബങ്ങൾക്ക് ഒരു കിലോ കോഴിയും പച്ചക്കറികളുമടക്കമുള്ള ഭക്ഷ്യക്കിറ്റാണ് ഫാ. ബിജുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്…..
ഇക്കഴിഞ്ഞ ഈസ്റ്ററിനോടനുബന്ധിച്ച് ഇടവകയിലെ കുടുംബനാഥൻമാർക്ക് ഷർട്ടും സ്ത്രീകൾക്ക് സാരിയും നൈറ്റിയും വരെ വിതരണം ചെയ്തു കൊണ്ടാണ് ഈ നല്ല സമരിയാക്കാരൻ ഉയിർപ്പ് തിരുനാളിന്റെ മഹത്വം ദൈവജനത്തോട് പങ്കു വച്ചത്…… പൗരോഹിത്യ രജത ജൂബിലിയുടെ ഈ വർഷത്തിൽ കുറച്ചു വീടുകൾ കൂടി നിർമിച്ചു നൽകാനുള്ള പരിശ്രമത്തിലാണ് ബിജു അച്ചൻ…. തന്റെ പ്രവർത്തനങ്ങളിൽ എന്നും കൂടെയുള്ള ഇടവക ജനത്തോടും കരുതലും പ്രോത്സാഹനവുമായിരിക്കുന്ന രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തെയഡോഷ്യസ് പിതാവിനോടും സർവ്വോപരി സർവ്വശക്തനായ ദൈവത്തോടും നന്ദി പറഞ്ഞു കൊണ്ടാണ് ബിജു അച്ചൻ വീണ്ടും ചരടിനൊപ്പിച്ച് സിമൻറ് കട്ടകൾ അടുക്കി കൊണ്ട് സഭാ സമൂഹത്തിനും കർത്താവിനും വേണ്ടി പുഞ്ചിരിച്ചു നിൽക്കുന്നത്….
സഭയ്ക്കും ദൈവജനത്തിനും വേണ്ടി നന്മകൾ ചെയ്ത് നടന്നു നീങ്ങുന്ന പുരോഹിതരിലൊരുവനായ വന്ദ്യ വൈദീകന് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ….
അജി ജോസഫ് കാവുങ്കൽ,
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group