ഭാരതത്തിലെ ആദ്യത്തെ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനു സാക്ഷികളാകാൻ നൂറുകണക്കിനു വിശ്വാസികളാണ് ഇന്നലെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ച തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയിലേയ്ക്ക് എത്തിയത്. വത്തിക്കാനിൽ നടന്ന നാമകരണ നടപടികൾ തത്സമയം കാണുന്നതിനും ഇവിടെ അവസരം ഒരുക്കിയിരുന്നു.
വിശുദ്ധ പദവി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വിവിധ ചടങ്ങുകളാണ് കാറ്റാടിമല പള്ളിയിൽ നടന്നത്. വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും ശേഷിപ്പുകളുള്ള കാറ്റാടിമലയിലേയ്ക്ക് ഇന്നലെ രാവിലെ അഞ്ചരയോടെ തന്നെ വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങിയപ്പോൾ അവർ വിശ്വാസ ചൈതന്യത്താൽ കണ്ണുനീരൊഴുക്കി.
രക്തസാക്ഷിത്വം വരിക്കുന്നതിനു മുൻപ് വിശുദ്ധ ദേവസഹായം പിള്ളയെ പാർപ്പിച്ചിരുന്ന ജയിൽ, നിറയൊഴിക്കുന്നതിനു മുൻപ് മുട്ടുകുത്തി പ്രാർഥിച്ച സ്ഥലം, രക്തസാക്ഷിത്വം വരിച്ച പാറക്കെട്ട്, മരണ സമയത്ത് അടർന്നു വീണ് മണിശബ്ദം മുഴങ്ങിയ മണിയടിച്ചാംപാറ തുടങ്ങിയ സ്ഥലങ്ങളെല്ലാം കാറ്റാടിമലയിലാണുള്ളത്. ഈ പുണ്യസ്ഥലങ്ങളിലെല്ലാം ഇന്നലെ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങിനോടനുബന്ധിച്ച് കാറ്റാടിമല വ്യാകുലമാതാ ദേവാലയത്തിൽ ഇന്നലെ രാവിലെ 5.30ന് തമിഴിലും രാവിലെ പത്തിന് മലയാളത്തിലും ദിവ്യബലിയർപ്പണം നടന്നു. വിശുദ്ധ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കേരളത്തിലെയും തമിഴ്നാട്ടിലെയും ലത്തീൻ സഭയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പള്ളിമണികൾ മുഴങ്ങി. വിശുദ്ധ പദവി പ്രഖ്യാപനത്തിനു ശേഷം കാറ്റാടിമല വ്യാകുലമാതാ ദേവാലയത്തിലെ അദ്ദേഹത്തിന്റെ തിരുസ്വരൂപത്തിൽ കിരീടം ചാർത്തി. തുടർന്ന് നടന്ന കിരീട പ്രദക്ഷിണത്തിലും പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്ന ചടങ്ങിലും നൂറുകണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രദിക്ഷിണവും ദിവ്യബലിയും ഉണ്ടായിരുന്നു.
ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടാർ സെന്റ് സേവ്യേഴ്സ് കത്തീഡ്രലിലും ഇന്നലെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ഇവിടേയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും അപേക്ഷകൾക്കുമായി നൂറുകണക്കിനു വിശ്വാസികളാണ് ഇന്നലെ എത്തിയത്. പുലിയൂർകുറിച്ചി സെന്റ് മൈക്കിൾസ് പള്ളിയിലേക്കും ഇന്നലെ വിശ്വാസികളുടെ ഒഴുക്കായിരുന്നു. ദേവസഹായം പിള്ളയുടെ പീഡനയാത്രയ്ക്കിടെ ദാഹജലത്തിനായി പാറയിൽ മുട്ടിടിച്ച് വെള്ളം വരുത്തിയ മുട്ടിടിച്ചാൻപാറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മുട്ടിടിച്ചാൻ പാറയിൽ ഇന്നും തെളിനീരൊഴുകുന്നുണ്ട്.
വിശുദ്ധ ദേവസഹായം പിള്ളയുടെ കാൽപാടുകൾ പതിഞ്ഞ കമുകിൻകോട് വിശുദ്ധ അന്തോനീസ് പള്ളി, ദേവസഹായത്തിന്റെ പേരിൽ സ്ഥാപിതമായ ആദ്യ ദേവാലയമായ നെയ്യാറ്റിൻകര ചാവല്ലൂർ പൊറ്റ ദേവാലയം എന്നിവടങ്ങളിലെല്ലാം ഇന്നലെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group