പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം :ഒൻപതാം ദിവസം

പ്രിയമുള്ളവരേ,വികാരങ്ങളിൽ അധിഷ്ഠിതമായ നൈമിഷികമായ മാനുഷികസ്നേഹത്തെ വിശുദ്ധമായ ദൈവീകസ്നേഹത്തിന്റെ പരിവേഷം അണിയിക്കുകയാണ് ദൈവം വിവാഹമെന്ന കൂദാശയിലൂടെ.വിവാഹത്തെ സാമൂഹികമോ നിയമപരമോ ആയ ഒരു ക്രമീകരണമായല്ല സഭ വിവക്ഷിക്കുന്നത്….വിവാഹമെന്ന വിശുദ്ധ കൂദാശ വഴി ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒരു നവജീവിതമാണ് ദൈവം അവിടുത്തെ സാന്നിധ്യത്തിൽ നമുക്ക് നൽകുന്നത്….ദമ്പതികളെ പവിത്രീകരിക്കുകയും അവരിലൂടെ സംജാതമാകുന്ന കുടുംബത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ കർമ്മമാണ് വിവാഹം….
മാനുഷികമായ വികാരങ്ങളേക്കാൾ ഉപരിയായി ഒരു കൌദാശീക ജീവിതത്തിന്റെ തലത്തിൽ വിവാഹത്തെ കാണാൻ കഴിയാതെ പോകുമ്പോഴാണ് ഇന്ന് സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളും പരാതികളുമെല്ലാം വിവാഹ-കുടുംബജീവിതങ്ങളിലേക്ക് കടന്നുവരുന്നത്‌….
വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,
വളർന്നു വരുന്ന തലമുറ രൂപീകരിക്കുന്നത് അവരുടെ കുടുംബങ്ങളിൽ നിന്നു തന്നെയാണ്…മാതാപിതാക്കളുടെ പരസ്പരസ്നേഹവും സഹവർത്തിത്വവുമാണ് മക്കളെ കൌദാശികമായ വിവാഹജീവിതത്തിനു പ്രേരിപ്പിക്കുന്ന അവിഭാജ്യ ഘടകം…ദൈവസ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ വിവാഹജീവിതത്തിലൂടെ ക്രിസ്തീയ മൂല്യങ്ങൾ പകർന്നു നൽകി ദൈവമഹത്വത്തിനു സാക്ഷ്യം വഹിക്കുന്ന കുടുംബങ്ങൾ ക്രൈസ്തവ സമൂഹങ്ങളിൽ സമൃദ്ധമാകുന്നതിനായി തിരുക്കുടുംബത്തിന്റെ കാവൽക്കാരനായ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനോട് ചേർന്ന് നമുക്ക് പ്രാർത്ഥിക്കാം.പരി.കന്യകയേ,
അവിടുന്ന് വി. യൗസേപ്പുമായിട്ട് വിവാഹിതയായിക്കൊണ്ട് കുടുംബജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയകുടുംബങ്ങള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ പ്രതീകങ്ങളായിത്തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമേ… വിവാഹജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണന്നു മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരുടെ വൈവാഹികജീവിതത്തെ പവിത്രീകരിക്കട്ടെ….
കുടുംബങ്ങളില്‍ സമാധാനവും സേവനസന്നദ്ധതയും പുലര്‍ത്തട്ടെ….
ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാക്കിത്തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ചുതരണമേ….
അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു… ആമേൻ… 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.സുകൃതജപം: അറിവിന്റെ ദര്‍പ്പണമായ മറിയമേ, ദൈവികകാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കണമേ….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group