ഇന്ന് തിരുഹൃദയ തിരുനാൾ…!!!

തിരുഹൃദയത്തോടുള്ള ഭക്തിക്കായി പ്രത്യേകം സമർപ്പിക്കപ്പെട്ട ദിനം…!!! ആദിമ നൂറ്റാണ്ടുകൾ മുതൽ തന്നെ തിരുഹൃദയഭക്തി സഭയില്‍ നില നിന്നിരുന്നതായും സഭാപിതാവായ ഒരിജെനും, വി. അംബ്രോസും, വി. ജെറോമും, വി. ജസ്റ്റിനും, വി. സിപ്രിയാനുമൊക്കെ ആദിമ നൂറ്റാണ്ടുകളില്‍ തന്നെ തിരുഹൃദയഭക്തി പ്രചരിപ്പിച്ചവരായിരുന്നെന്നും നമുക്കറിയാം….. മനുഷ്യ കുലത്തോടുള്ള ഈശോയുടെ അനിര്‍വചനീയമായ സ്നേഹത്തിന്റെ പ്രതീകമെന്ന നിലയിലാണ് ഇവരൊക്കെ തിരുഹൃദയത്തെ സ്വീകരിച്ചത്… പന്ത്രണ്ടാം നൂറ്റാണ്ടില്‍ വി. ബെര്‍ണാര്‍ഡ് ക്ലെയര്‍വോയും, പതിമൂന്നാം നൂറ്റാണ്ടില്‍ വി. ബൊനവന്തൂരയും, വി. ജെര്‍ത്രൂദും തിരുഹൃദയഭക്തി പ്രചരിപ്പിക്കുവാൻ മുന്നിട്ടിറങ്ങി… പതിനേഴാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാരിയായ വി. മാര്‍ഗ്ഗരീത്ത മറിയം അലക്കോക്കിന് ഉണ്ടായ തിരുഹൃദയദര്‍ശനത്തോടെയാണ് തിരുഹൃദയഭക്തി ലോകത്താകമാനം പ്രചരിക്കാന്‍ ഇടയാക്കിയതെന്നുള്ളതാണ് വസ്തുത…. 1673 ഡിസംബര്‍ 27 മുതൽ വി. മാര്‍ഗ്ഗരീത്ത മറിയം അലക്കോക്കിന് ഉണ്ടായ വിവിധ ദര്‍ശനങ്ങളിൽ ഈശോ തന്‍റെ തിരുഹൃദയ രഹസ്യം ഈ വിശുദ്ധക്ക് വെളിപ്പെടുത്തിക്കൊടുത്തെന്നും ഈശോയുടെ തിരുഹൃദയം സഭയിൽ പ്രത്യേകം വണങ്ങപ്പെടണമെന്നും തിരുഹൃദയ തിരുനാള്‍ സഭയിൽ ആഘോഷിക്കപ്പെടണമെന്നും ഈ ദര്‍ശനങ്ങളിൽ ഈശോ വിശുദ്ധയോട് നിര്‍ദ്ദേശിച്ചതായും ഈശോയുടെ തിരുഹൃദയത്തിന്‍റെ ചിത്രം എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും വണങ്ങപ്പെടണമെന്നും, തിരുഹൃദയത്തിന്‍റെ മുമ്പില്‍ എന്നും പ്രാര്‍ത്ഥനയോടെ ഒരുമിച്ചു കൂടുന്ന കുടുംബങ്ങളെ പ്രത്യേകം അനുഗ്രഹിക്കുമെന്നും അവരെ ആപത്തുകളില്‍നിന്നും രക്ഷിക്കുമെന്നും വിശുദ്ധ മർഗ്ഗറീത്തയോട് വാഗ്ദാനം ചെയ്യുകയുണ്ടായി…. പിന്നീട് 1765 ൽ ക്ലമന്റ് പതിമൂന്നാമന്‍ മാര്‍പാപ്പയാണ് തിരുഹൃദയ വണക്കം സഭയിൽ ഔദ്യോഗികമായി അംഗീകരിക്കുകയും സ്ഥാപിക്കുകയും ചെയ്തത്. ഹൃദയം സ്നേഹത്തിന്‍റെ പ്രതീകമാണ്…!!! ഈശോയുടെ തിരുഹൃദയം സഭാപിതാക്കന്മാർ പഠിപ്പിച്ചതുപോലെ, മനുഷ്യ കുലത്തോടു മുഴുവനുമുള്ള അവിടുത്തെ അനിര്‍വചനീയമായ സ്നേഹമായിരുന്നു…..!!! ഈ ഹൃദയമാണ് നമുക്കോരോരുത്തർക്കുമായ് കുന്തത്താൽ കുത്തി തുറക്കപ്പെട്ടത്….
നമ്മോടുള്ള സ്നേഹത്താല്‍ സ്വയം സമർപ്പിക്കുവാൻ, നാമെല്ലാവരെയും ഒരുപോലെ സ്വീകരിക്കാന്‍ തുറക്കപ്പെട്ട ഹൃദയമാണ് ഈശോയുടെ തിരുഹൃദയം…. ആ തിരുഹൃദയം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഹൃദയമുള്ള മനുഷ്യരായി തീരുകയെന്നുള്ളതാണ്…. സ്നേഹിക്കുന്ന, ഔദാര്യം കാണിക്കുന്ന, ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, സഹോദരന്‍റെ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരുന്ന മനുഷ്യരാവുകയെന്ന്….. മനുഷ്യന്‍റെ മുഖത്തുനോക്കി നിര്‍വ്യാജം പുഞ്ചിരിക്കാനാവുക….
കരയുന്നവന്‍റെ നെടുവീര്‍പ്പുകളും തേങ്ങുന്നവന്‍റെ ഗദ്ഗദങ്ങളും ഏറ്റുവാങ്ങുക…..
ഈശോ അങ്ങനെയായിരുന്നു….
ഈശോയുടെ തിരുഹൃദയം അങ്ങനെയായിരുന്നു….!!! “നിങ്ങള്‍ക്കു ഞാനൊരു പുതിയ ഹൃദയം നല്‍കും, ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും”.
(എസക്കി.11:19)
എസക്കിയേൽ പ്രവാചകൻ നമ്മെ ഓർമ്മപ്പെടുത്തുന്നു…..
നമുക്ക് പ്രാർത്ഥിക്കാം….
ഈ പുതിയ ഹൃദയത്തിനു വേണ്ടി…..
നമുക്ക് ആഗ്രഹിക്കാം ഈ പുതുചൈതന്യം നാമോരോരുത്തരുടെയും ഹൃദയത്തില്‍ നിറയപ്പെടുന്നതിന്…… ഈശോയുടെ തിരുഹൃദയം നമ്മെയും നമ്മുടെ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ…!!!


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group