ട്രാൻസെക്ഷ്വൽ വ്യക്തികൾക്ക് ജ്ഞാനസ്നാനം സ്വീകരിക്കാo: വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററി

ട്രാൻസ്‌സെക്ഷ്വൽ ആയ ആളുകൾക്ക്, അവർ ഹോർമോൺ ചികിത്സയ്‌ക്കോ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കോ വിധേയരായിട്ടുണ്ടെങ്കിൽപ്പോലും, “വിശ്വാസികൾക്കിടയിൽ ദുഷ്‌കീർത്തിയോ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളോ സൃഷ്ടിക്കുന്നില്ലെങ്കിൽ” സ്നാനം സ്വീകരിക്കാമെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററി. ഇതിന് പുറമെ, സ്വവർഗ്ഗരതിക്കാരായ പങ്കാളികളുടെ കുട്ടികൾ, അവർ വാടകഗർഭപാത്രത്തിൽനിന്ന് ജനിച്ചവരാണെങ്കിലും, കത്തോലിക്കാവിശ്വാസത്തിൽ വളർത്തപ്പെടുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെങ്കിൽ, അത്തരം കുട്ടികൾക്ക് ജ്ഞാനസ്നാനം നൽകുന്നതിനെക്കുറിച്ചും ഡിക്കസ്റ്ററി അനുകൂലപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുമായി ഒക്ടോബർ മുപ്പത്തിയൊന്നിന് നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പായുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ്, വിശ്വാസകാര്യങ്ങൾ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടെസ് ഇത്തരമൊരു രേഖ ഇപ്പോൾ പുറത്തുവിട്ടത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച്, ബ്രസീലിൽനിന്നുള്ള ബിഷപ് ജൊസെ നേഗ്രി വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ്, ഇതുസംബന്ധിച്ച് ഡികാസ്റ്ററി മുൻപുതന്നെ നൽകിയിട്ടുള്ള ഈ വിശദീകരണങ്ങൾ ആവർത്തിച്ചത്.

സമൂഹത്തിൽ ഉതപ്പിന് കരണമാകുന്നില്ല എന്ന വ്യവസ്ഥയിൽ, ട്രാൻസ്‌സെക്ഷ്വൽ ആയ ആളുകൾ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് സംബന്ധിച്ചും അനുകൂലമായ ഉത്തരമാണ് ഈ രേഖയിലൂടെ വത്തിക്കാൻ നൽകുന്നത്. ശരിയായ രീതിയിൽ വിശ്വാസപരമായ കാര്യങ്ങളിൽ ഉദ്‌ബോധനം ലഭിക്കുകയും അതിനായി തയ്യാറാവുകയും ചെയ്യുകയാണെങ്കിൽ, കുട്ടികളോ, ചെറുപ്പക്കാരോ മുതിർന്നവരോ ആയ ഇത്തരം ആളുകൾക്ക് ജ്ഞാനസ്നാനം ലഭിക്കാൻ സാധിക്കുമെന്നാണ് രേഖ വിശദീകരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group