ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; എറണാകുളത്ത് കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു

കൊച്ചി: ഗൂഗിള്‍ മാപ്പുനോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിറഞ്ഞൊഴുകുകയായിരുന്ന പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ചു.

മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും നേഴ്സുമടക്കമുള്ള മൂന്നുപേരെയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. രാത്രി പന്ത്രണ്ടരയോടെ എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തിലാണ് അപകടം ഉണ്ടായത്. കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം എന്നാണ് അറിയുന്നത്.

വഴി പരിചയമില്ലാതിരുന്നതിനാല്‍ ഗൂഗിള്‍ മാപ്പുനോക്കിയാണ് സംഘം സഞ്ചരിച്ചിരുന്നത്. കാറിന് സാമാന്യം വേഗവുമുണ്ടായിരുന്നു. അപകടവിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കാര്‍ പുഴയില്‍ മുങ്ങിയിരുന്നു. ഈ സമയം ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച്‌ ഉടൻതന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.

ഗൂഗിള്‍ മാപ്പുനാേക്കി സഞ്ചരിക്കുന്നതിനിടെ അടുത്തിടെയായി നിരവധി പേരാണ് അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം ഗൂഗിള്‍ മാപ്പുനാേക്കി കാറില്‍ സഞ്ചരിച്ച ആന്ധ്രാസ്വദേശികളായ അഞ്ചുപേര്‍ ദിശതെറ്റി തോട്ടില്‍ വീണിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടനാട് പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപത്തായിരുന്നു അപകടം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group