ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി: മൈക്കിൾ ഹോപ്കിൻസ്

കാലിഫോർണിയ/ യു.സ് : ലോക പ്രശസ്ത വ്യവസായ പ്രമുഖൻ ‘ഇയോൺ മസ്ക്കിന്റെ’ ഉടമസ്ഥതയിലുള്ള സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിയായ ‘സ്പേസ് എക്സ്’ അവരുടെ ബഹിരാകാശ പേടകമായ ഫാൽക്കൺ-9 കാലിഫോർണിയയിലെ വണ്ടൻബെർഗ് എയർ ഫോഴ്സ് ബേസിൽ (Vandenberg Air Force Base in California.) നിന്നും നവംബർ-16 വിക്ഷേപിച്ചു. നാസയുടെ ബഹിരാകാശ യാത്രികരായ മൈക്ക് ഹോപ്കിൻസ്, വിക്റ്റർ ഗ്ലോവർ, ഷാന്നൻ വാക്കർ, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സ (JAXA: Japan Aerospace Exploration Agency)യുടെ സോയ്ച്ചി നെഗൂച്ചി എന്നിവരടങ്ങുന്ന സംഘത്തെയാണ് ‘സ്പേസ് എക്സ് ‘ ആദ്യവിക്ഷേപണത്തിൽ ബഹിരാകാശത്ത് എത്തിച്ചത്. മൈക്ക് ഹോപ്കിൻസ് നേതൃത്വം നൽകുന്ന ഈ സംഘം ബഹിരാകാശത്ത് ആറുമാസക്കാലത്തോളം ചിലവഴിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഈ ബഹിരാകാശയാത്രികരിൽ ‘മൈക്ക് സ്കോട്ട് ഹോപ്കിൻസ്’ എന്ന ക്രൈസ്തവ വിശ്വാസിയുടെ സാന്നിധ്യം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഒരു മെത്തഡിസ്റ്റ് സഭാ വിശ്വാസിയായി വളർന്നുവന്ന മൈക്ക് ഹോപ്കിൻസ്, തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ യുവതിയെ ജീവിതപങ്കാളിയാക്കിയതിലൂടെയാണ് വിശുദ്ധ കുർബ്ബാനയോടും കത്തോലിക്കാ സഭയോടും കൂടുതൽ അടുക്കുന്നത്. തന്റെ ആത്മീയ ജീവിതത്തിൽ കാലങ്ങളായി ശൂന്യത അനുഭവപ്പെട്ടിരുന്നെന്നും തുടർന്ന് അതിനുള്ള പരിഹാരമായി വിശുദ്ധ കുർബ്ബാനയിൽ കൂടുതൽ ആഴപ്പെടുകയുമായിരുന്നെന്ന് മൈക്ക് വെളിപ്പെടുത്തുന്നു.

2013-ൽ 24 ആഴ്ചത്തേക്ക് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് നാസ (NASA-National Aeronautics and Space Administration of U.S) മൈക്ക് ഹോപ്കിൻസിനെ അയച്ചിരുന്നു. ഈ കാലയളവിലും വിശുദ്ധ കുർബ്ബാന സ്വീകരണം ഒഴിവാക്കാതിരിക്കാൻ മൈക്ക്, ടെക്‌സസിലെ തന്റെ ഇടവക വികാരിയായ ഫാ. ജെയിംസ് കാസ്നിസ്കിയുടെ സഹായത്താൽ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തിരുന്നു. കൂദാശ ചെയ്യപ്പെട്ട 6 തിരുവോസ്തികൾ ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു. ‘ഗാൽവെസ്റ്റോൺ-ഹൌസ്റ്റൺ’ അതിരൂപതയുടെ അനുവാദത്തോടെയാണ് തിരുവോസ്തികൾ കൊണ്ടുപോയത്. അങ്ങനെ ഓരോ ആഴ്ചയിലും വി.കുർബ്ബാന സ്വീകരിക്കാൻ സാധിച്ചത് ക്ലേശം നിറഞ്ഞ ആ നാളുകളിൽ തനിക്ക് വലിയ ധൈര്യമാണ് നൽകിയതെന്ന് അദ്ദേഹം അറിയിച്ചു. സ്പേസ് സ്റ്റേഷനിൽ നിന്നും ഭൂമിയിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന കാഴ്ചകൾ തന്നെ ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ച ആ മഹാശക്തിയിലേക്ക് കൂടുതലടുപ്പിച്ചെന്നും മൈക്ക് ഹോപ്കിൻസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group