ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റി തുർക്കി

തുർക്കി :ചരിത്ര പ്രസിദ്ധമായ കോറ ഹോളി സേവ്യർ ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റി. മുസ്ലിം പള്ളിയാക്കി മാറ്റിയ ഇസ്താംബൂളിലെ കോറ ക്രൈസ്തവ ദേവാലയത്തിൽ നിന്നും ഒക്ടോബർ 30 വെള്ളിയാഴ്ച ആദ്യ ഇസ്ലാമിക പ്രാർത്ഥനകൾ ഉയരും. ഒരുപാട് കാലപ്പഴക്കമുള്ള ഈ ക്രൈസ്തവ ദേവാലയം എഡി 534ൽ ബൈസൻറൈൻ വാസ്തുകലയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചത്. ഏറെ ചരിത്ര പ്രാധാന്യമുള്ളതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ ചിത്രങ്ങൾ ഇന്നും ദേവാലയത്തിൽ അവശേഷിക്കുന്നുണ്ട്. ഏറെനാളായി മ്യൂസിയമായി പ്രവർത്തിച്ചിരുന്ന ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റാൻ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഇടപെടലുകൾ നടത്തിയിരുന്നു.

പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് തീരുമാനിച്ചതും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളും ഉൾപ്പെടെ നിരവധിയായ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റുന്നത്. കോറ ദേവാലയത്തിലെ  ക്രിസ്‌തീയതയെ പ്രതിഫലിപ്പിക്കുന്ന ചുവർ ചിത്രങ്ങൾ മറച്ചുവച്ചതിനെ ഇസ്താംബൂൾ മെട്രോപോളിറ്റൻ മുൻസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാഹിർ പൊളാട്ട് എതിർത്തിരുന്നു.  പുരാതന ചിത്രങ്ങൾ മറച്ചുവെക്കുന്നത് കോറയുടെ കലാമൂല്യം നശിപ്പിക്കുമെന്ന് മാഹിർ പൊളാട്ട്  ചൂണ്ടിക്കാട്ടി.

1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയപ്പോൾ കോറ ദേവാലയവും അവർ പിടിച്ചെടുത്തിരുന്നു. പിന്നീട് 1511ൽ കോറ ദേവാലയം മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയാണ് കോറ ദേവാലയം ഒരു മ്യൂസിയമാക്കി മാറ്റിയത്. 2019 നവംബറിൽ  തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  ക്രിസ്തീയ ദേവാലയത്തിൽ ഇസ്ളാമിക പ്രാർത്ഥനകൾ നടത്താൻ ഏർദോഗൻ ഭരണകൂടം തീരുമാനമായത്. തുർക്കിയിലെ തീവ്ര ഇസ്ളാമികവാദമുള്ള എർദോഗൻ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങൾ ഉയരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group: https://chat.whatsapp.com/LX07uRMRjTq1sEKvmJdy58