രണ്ടര പതിറ്റാണ്ട് പഴക്കമുള്ള വ്യക്തിസഭയ്ക്കു വിരാമം: പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

Two-and-a-half-decade-old individual church ceases to exist: Pastor Titus Kappan and family convert to Catholicism.

കണ്ണൂർ: രണ്ടര പതിറ്റാണ്ട് കാലമായി തുടർന്നുപോന്ന വ്യക്തിസഭ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ അവസാനിപ്പിച്ച് പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ‘വീണ്ടും ജനന സഭ’ എന്ന പേരിൽ സമൂഹങ്ങൾ സ്ഥാപിച്ച് അനേകം അനുയായികളെ നേടിയ പാസ്റ്റർ ടൈറ്റസ് കഴിഞ്ഞ ദിവസമാണ് കുടുംബമായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്കും, പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് വിശ്വാസസ്ഥിരീകരണ ചടങ്ങ് നടന്നത്.

1996 ഡിസംബറില്‍ നടന്ന ധ്യാനത്തിന് പിന്നാലെയാണ് പാസ്റ്റർ ടൈറ്റസ് ‘വീണ്ടും ജനന സഭ’ എന്ന പേരിൽ സഭയും ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരിൽ ശുശ്രൂഷകളും ആരംഭിച്ചത്. ഇത് പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വളരുകയായിരുന്നു. കാഞ്ഞങ്ങാട് നടന്ന ഒരു എക്യുമെനിക്കൽ കൺവെൻഷനിൽ ശുശ്രൂഷയ്‌ക്കെത്തിയപ്പോഴാണ് മാതൃസഭയെ കുറിച്ചുള്ള ചിന്ത വീണ്ടും മനസില്‍ നിറയുവാന്‍ ആരംഭിച്ചെന്ന് അദ്ദേഹം ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ ബിഷപ്പ് അലക്സ് വടക്കുംതലയുമായി മാതൃസഭയിലേയ്ക്ക് തിരികെ എത്തുന്നതിനെപ്പറ്റി അദ്ദേഹം ചർച്ചനടത്തിയിരുന്നു.

പിന്നീട് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും, ഒരുക്ക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് അദ്ദേഹം കത്തോലിക്ക വിശ്വാസം വീണ്ടും സ്വീകരിച്ചത്. പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കൊസ്തു സമൂഹത്തിലുള്ള നിരവധി അംഗങ്ങളും കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കത്തോലിക്ക സഭയിലേക്ക് തിരിച്ചെത്തിയിരിന്നു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group