ബ്രൂണേയി/ഫിലിപ്പീൻസ് : ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത 13 കർദ്ദിനാളന്മാരിൽ 2 പേർ ഏഷ്യയുടെ അതിരുകളിൽനിന്നും. തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണേയിയുടെ അപ്പസ്തോലിക വികാരി, ബിഷപ്പ് ‘കൊർണേലിയസ് സീമും’ ഫിലിപ്പീൻസിലെ കപീസ് അതിരൂപതാദ്ധ്യക്ഷൻ, ആർച്ചുബിഷപ്പ് ‘ഹൊസ്സെ ഫുവേർത്തെ അദ്വീങ്കുള’യുമാണ് തിരഞ്ഞെടുക്കപ്പെട്ട നിയുക്ത കർദിനാളുമാർ. നവംബർ 28-ന് വത്തിക്കാനിൽ ചേരുന്ന കർദ്ദിനാൾ സംഘത്തിൻറെ പാപ്പാ ഫ്രാൻസിസ് അദ്ധ്യക്ഷതവഹിക്കുന്ന കൂട്ടായ്മയിൽ (consistory) ഈ രണ്ട് ഏഷ്യൻവംശജരെയും വിവിധ രാജ്യക്കാരായ മറ്റു 11 പേരെയും പാപ്പാ ഫ്രാൻസിസ് കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് വാഴിക്കും. ആഗമനകാലത്തെ പ്രഥമവാരത്തിന് ഒരുക്കമായ സായാഹ്ന പ്രാർത്ഥനമദ്ധ്യേ അവരം സ്ഥാനികചിഹ്നങ്ങൾ അണിയിച്ചുകൊണ്ടായിരിക്കും കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് ഉയർത്തുന്നത്. ഒക്ടോബർ 25-Ɔο തിയതി ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയുടെ അന്ത്യത്തിലായിരുന്നു പാപ്പാ ഫ്രാൻസിസ് ആഗോളസഭയിലെ 13 നവകർദ്ദിനാളന്മാരുടെ പേരുകൾ വെളിപ്പെടുത്തിയത്.
ബിഷപ്പ് ‘കൊർണേലിയസ് സിം’ ബ്രൂണേയിയിലെ അപ്പസ്തോലിക വികാരിയാണ്. അതിരുകൾ തേടിയെത്തുന്ന പാപ്പാ ഫ്രാൻസിസിൻറെ അജപാലന സ്നേഹത്തിൻറെ അപൂർവ്വ തിരഞ്ഞെടുപ്പാണ് ഏഷ്യയുടെ തെക്കു-കിഴക്കൻ അതിരുകളിൽ ശാന്ത്രസമുദ്രത്തിലെ ഒരു ചെറുദ്വീപു രാജ്യമായ ബ്രൂണേയിയിലെ ചെറിയ അജഗണത്തിന് ഒരു കർദ്ദിനാളിനെ സമ്മാനിച്ചതെന്ന്, നിയുക്തകർദ്ദിനാൾ ബിഷപ്പ് കൊർണേലിയസ് സീം വത്തിക്കാൻ വാർത്താവിഭാഗത്തോട് അഭിമുഖത്തിൽ പങ്കുവച്ചു. 69 വയസ്സുകാരൻ ബിഷപ്പ് സിം ബ്രൂണേയിയിലെ സേറിയാ എന്ന സ്ഥലത്തെ ചൈനീസ്-ദുസൂനിക് വംശജനാണ്. സ്കോട്ട്ലാൻറിൽനിന്നും എഞ്ചിനീയറിങ് പാസ്സായി നാട്ടിൽ തിരിച്ചെത്തിയശേഷം 7 വർഷക്കാലം ജോലിചെയ്തു കുടുംബത്തെ സഹായിച്ചു.. അതിനുശേഷമാണ് ഒരു വൈദികനാകാൻ തീരുമാനിച്ചത്. 1989-ൽ സീം പൗരോഹിത്യം സ്വീകരിക്കുമ്പോൾ മുസ്ലിം സാമ്രാജ്യമായ ബ്രൂണേയിലെ ചെറിയ ക്രൈസ്തവസമൂഹത്തിലെ രണ്ടാമത്തെ വൈദികനായിരുന്നു ഫാദർ കൊർണേലിയൂസ് സീം.
1995-ൽ ബ്രൂണേയിയുടെ വികാരി ജനറലായി. 1997-ൽ സഭാപ്രവിശ്യയുടെ അപ്പസ്തോലിക് പ്രീഫെക്ടായി. 2004-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ബ്രൂണേയിയെ അപ്പസ്തോലിക വികാരിയത്തായി (Apstolic vicariate) ഉയർത്തി. മോൺസീഞ്ഞോർ കൊർണേലിയസ് സീം പ്രഥമ അപ്പസ്തോലിക വികാരിയായി നിയമിതനുമായി.
ആർച്ചുബിഷപ്പ് ‘ഹൊസ്സെ ഫുയർസേ അദ്വേങ്കുള’ ഫിലിപ്പീൻസിലെ കപീസ് അതിരൂപതാദ്ധ്യക്ഷനാണ്. ജനങ്ങളോടു ചേർന്നു നില്ക്കണം സഭ, പ്രത്യേകിച്ച് സാമൂഹിക ചുറ്റുപാടുകളുടെ അതിരുകളിൽ കഴിയുന്നവരോട് അജപാലകരും അധികാരികളും അനുകമ്പയുള്ളവരായിരിക്കണം എന്നതാണ് തൻറെ നിലപാടെന്ന് ആർച്ചുബിഷപ്പ് അദ്വേങ്കുള അഭിപ്രായപ്പെട്ടു. തൻറെ ഈ മൗലികമായ കാഴ്ചപ്പാടാണ് ഫിലിപ്പീൻസിലെ പട്ടണങ്ങളിൽനിന്ന് അകന്നു കിടക്കുന്ന ഗ്രാമാന്തരങ്ങളിൽ അജപാലന ശുശ്രൂഷചെയ്യുന്ന തന്നെ പാപ്പാ ഫ്രാൻസിസ് കർദ്ദിനാൾ സ്ഥാനത്തേയ്ക്കു വിളിക്കുവാൻ ഇടയാക്കിയതെന്ന് വിശ്വസിക്കുന്നതായി ആർച്ചുബിഷപ്പ് അദ്വേങ്കുള വത്തിക്കാൻ വാർത്താവിഭാഗത്തോട് അഭിമുഖത്തിൽ പങ്കുവച്ചു.
1976-ൽ പൗരോഹിത്യം സ്വീകരിച്ചു. ഫിലിപ്പീൻസിലെ റോക്സാസ് സെമിനാരിയിൽ വൈദിക വിദ്യാർത്ഥികളുടെ ആത്മീയ ഗുരുവായി നിയമിതനായി. ദൈവശാസ്ത്രത്തിലും കാനോന നിയമത്തിലും തുടർന്നു പഠിച്ച് ഡോക്ടർ ബിരുദം കരസ്ഥമാക്കി. 1995-ൽ കപീസിൽ വിശുദ്ധ പത്താം പിയൂസ് പാപ്പായുടെ നാമത്തിലുള്ള സെമിനാരിയുടെ റെക്ടറായി നിയമിതനായി. അതിരൂപതയുടെ നീതിക്കായുള്ള കമ്മിഷൻറെ പ്രസിഡൻറ്, ജുഡീഷ്യൽ വികാരി എന്നീ തസ്തികകളിലും തത്സമയം പ്രവർത്തിച്ചു. 1999-ൽ ദാവോയിലുള്ള സെൻറ് തോമസ് വില്ലനോവ ഇടവക വികാരിയായി സേവനം ആരംഭിച്ചു. 2001-ൽ സാൻ കാർളോ രൂപതയുടെ മെത്രാനായി നിയമിതനായി. 2011-ൽ കപീസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായും നിയമിതനായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group