കൊച്ചി : ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവർഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശിൽ സ്വയം യാഗമായി തീർന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിർപ്പാഘോഷിക്കുന്ന ഈ വേളയിൽ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്നിക്കാനും ഈ ഉയർപ്പുതിരുനാൾ നമ്മോട് ആവശ്യപ്പെടുന്നു. കാരണം ലോകത്തിന്റെ സമാധാനം തകർക്കുക എന്ന ലക്ഷ്യവുമായി വിവിധ ഇടങ്ങളിൽ കലഹങ്ങളും വർഗീയ സംഘട്ടനങ്ങളും സൃഷ്ടിച്ച് ഭീകരത പടർത്തുന്ന സംഘങ്ങൾ വർധിച്ചു വരികയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അത്തരം സംഘങ്ങളുടെ ഭാഗമാകാതിരിക്കാനും എല്ലാ രാജ്യങ്ങളിലേയും പൗരന്മാർ ജാഗ്രത പുലർത്തണം.
ഇന്ത്യ എന്നും ഉയർത്തിപ്പിടിക്കുന്ന സന്ദേശം ഐക്യവും അഖണ്ഡതയുമാണ്. നാനാത്വത്തിന്റെ മഹത്വം ലോകത്തെ പഠിപ്പിക്കുന്ന ശ്രേഷ്ഠ സമൂഹമാണ് ഇവിടത്തേത്. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കുവാനും ഐക്യം നഷ്ടപ്പെടുത്തുവാനും വർഗീയ ധ്രുവീകരണത്തിന്റേയും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കാനും ഇവിടെയും ചിലർ ശ്രമിക്കുന്നുണ്ട്. അത്തരം ആളുകളിലേക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും പ്രത്യാശയുടെതുമായ ഈ സന്ദേശം എത്തിച്ചേരട്ടെയെന്നും അങ്ങനെ അവരും സ്നേഹത്തിന്റെ വക്താക്കളാകാൻ ഉത്ഥിതനായ ഈശോയുടെ അനുഗ്രഹം കാരണമാകട്ടെയെന്നും പ്രത്യാശിക്കുന്നു എന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറാൾ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group