ഈസ്റ്റർ ആക്രമണം ഐക്യരാഷ്ട്ര സഭ അന്വേഷിക്കണം: കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ ലക്ഷ്യമാക്കി തീവ്രവാദികൾ നടത്തിയ ആക്രമണം ഐക്യരാഷ്ട്രസഭ അന്വേഷണ വിധേയമാക്കണമെന്ന് ശ്രീലങ്കയിലെ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണമാണ് ഈസ്റ്റർ ദിനത്തിൽ ഉണ്ടായതെന്ന് ആദ്യം കരുതപ്പെട്ടുവെങ്കിലും, പിന്നീട് നടന്ന അന്വേഷണങ്ങൾ വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണ് വിരൽചൂണ്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

സഭാനേതൃത്വവും, വിവിധ സംഘടനകളും നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ആക്രമണത്തിന് ഇരകളായവർക്ക് നീതി നടത്തിക്കൊടുക്കാൻ ശ്രീലങ്കൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും, അതിനാൽ അവർക്ക് നീതി വാങ്ങി നൽകാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. അക്രമണത്തിന് പിന്നിലെ യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവന്ന്, കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, നീതി ആവശ്യപ്പെടുന്നവരെ അപമാനിക്കാനും, ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കുറ്റകൃത്യം നടന്നിട്ട് മൂന്നു വർഷമായിട്ടും എന്താണ് സത്യം എന്ന് അറിയാതെ അന്ധകാരത്തിലാണ് തങ്ങൾ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദേവാലയങ്ങളിലും, മൂന്ന് ഹോട്ടലുകളിലുമാണ് ബോംബ് ആക്രമണം നടന്നത് . 82 കുട്ടികളും 47 വിദേശികളുമുൾപ്പെടെ 269 ആളുകളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. അഞ്ഞൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group