കേന്ദ്രബജറ്റ് 2024: പരമ്പരാഗത ‘ഹൽവ ചടങ്ങിൽ’ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്ര ബജറ്റിന് മുന്നോടിയായി എല്ലാവര്‍ഷവും നടത്തുന്ന ആചാരമായ ഹല്‍വ ചടങ്ങില്‍ പങ്കെടുത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.

ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലെ ബേസ്‌മെന്റിലാണ് മന്ത്രി ഹല്‍വ വിതരണം നടത്തിയത്.

ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്കും ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി ഹല്‍വ മധുരം വിളമ്ബി.

എന്താണ് ഹല്‍വ ചടങ്ങ്?

ബജറ്റ് അവതരണത്തിന് ഏകദേശം ഒരാഴ്ച മുമ്ബ് ആരംഭിക്കുന്ന പരമ്ബരാഗത ചടങ്ങാണ് ഹല്‍വ ചടങ്ങ്. ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും പ്രയത്‌നങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിവരുന്നത്.

ഇതിന് ശേഷം ബജറ്റിന്റെ രഹസ്യാത്മകത നിലനിര്‍ത്തുന്നതിനായി ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് വരെ ഇതിന്റെ നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കാളികളായ ഉദ്യോഗസ്ഥരെ നോര്‍ത്ത് ബ്ലോക്കിലെ ബേസ്‌മെന്റിലാണ് താമസിപ്പിക്കുക. ധനകാര്യ മന്ത്രി ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് ശേഷമേ ഇവര്‍ക്ക് പുറത്തേക്ക് പോകാന്‍ അനുവാദമുള്ളു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23നാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

ജൂലൈ 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. ഈ വര്‍ഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.

23ന് തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മല സീതാരാമന്‍ ഏറ്റവും കൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കും. അവതരിപ്പിച്ച ഏഴ് ബജറ്റുകളില്‍ ആറെണ്ണവും സമ്ബൂര്‍ണ ബജറ്റുകളാണെന്ന പ്രത്യേകതയുമുണ്ട്.

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് നിര്‍മല സീതാരാമന്‍ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ സാമ്ബത്തിക മേഖലയിലെ ഏതെല്ലാം ഘടകങ്ങള്‍ക്കാണ് വരുന്ന കേന്ദ്ര ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ പോവുന്നതെന്നതിന്റെ ഏകദേശ രൂപരേഖ നിര്‍മല സീതാരാമന്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നടപ്പാക്കാനായിരിക്കും രണ്ടാമതും ധനമന്ത്രിയായിരിക്കുന്ന നിര്‍മല സീതാരാമന്‍ ശ്രമിക്കുക.

കേന്ദ്ര മന്ത്രിസഭയില്‍ ആദ്യം വാണിജ്യമന്ത്രിയായിരുന്ന നിര്‍മല 2017ല്‍ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തു. രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന ചരിത്രം രചിച്ച്‌ കൊണ്ടാണ് നിര്‍മല ചുമതല നിര്‍വഹിച്ചത്.

2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പിന്‍ഗാമിയായാണ് നിര്‍മല ധനമന്ത്രി ആ സ്ഥാനത്തേക്ക് വരുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമാണ് ആദ്യമായി ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയെന്ന റെക്കോഡും നിര്‍മല സീതാരാമന്റെ പേരിലാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധി താല്‍ക്കാലികമായി ധനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m