അശാസ്ത്രീയ തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരും രാജ്യദ്രോഹികൾ എന്ന് മുദ്രയടിക്കപ്പെട്ടവരുമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രൈസ്തവ സംഘടനകളായ UCF – INDIA യും UCSF ഉം സംയുക്തമായി എറണാകുളത്തു വച്ച് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുകയുണ്ടായി.
വൈകുന്നേരം 5:00 മണിക്ക് എറണാകുളം ഹൈകോർട്ട് ജംഗ്ഷനു സമീപമുള്ള സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ അങ്കണത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലി മദർ തെരേസ സ്ക്വയറിൽ എത്തിച്ചേർന്ന ശേഷം നടന്ന പ്രതിഷേധ യോഗം കെ.സി.ബി.സി മാധ്യമ കമ്മീഷൻ സെക്രട്ടറി റവ. ഡോ. എബ്രഹാം ഇരിമ്പിനാനിക്കൽ ഉൽഘാടനം ചെയ്തു.
2018 ലെ പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്നു മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച തീരദേശ ജനതയുടെ ഈ നിലനിൽപ്പിന്റെ പോരാട്ടത്തിന് ജാതി മത ഭേദമന്യേ കേരളീയ പൊതുസമൂഹം പൂർണ പിന്തുണ നൽകണമെന്ന്
ഡോ.എബ്രഹാം ഇരിമ്പിനാനിക്കൽ ആഹ്വാനം ചെയ്തു.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കടലോര ജനതയെ നിരന്തരം കബളിപ്പിച്ചു അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണാധികാരികൾക്ക് എതിരെ സമൂഹ മനഃസാക്ഷി ഉണർന്നു പ്രവർത്തിക്കണമെന്ന് പാസ്റ്റർ A.K രവി (ബൈബിൾ കോളേജ് അധ്യാപകൻ) ഉദ്ബോധിപ്പിച്ചു.
വിഴിഞ്ഞം മത്സ്യതൊഴിലാളി സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദാനിയുടെ പക്ഷത്തല്ല, നീതിയുടെ പക്ഷത്താണ് സർക്കാർ നിലയുറപ്പിക്കേണ്ടതെന്നും സമരപന്തലിൽ ഇരിക്കുന്ന ബിഷപ്പുമാർക്കും വൈദികർക്കൊപ്പവും ഇരിക്കാൻ സഭാ വ്യത്യാസം ഇല്ലാതെ ക്രെസ്തവർ സമരപന്തലിലേക്ക് എത്തിചേരുമെന്നും UCSF വർക്കിങ് ചെയർമാൻ ഷൈജു എബ്രഹം പറഞ്ഞു.
UCF സെക്രട്ടറി ഡോമിനിക് സാവിയോ, ക്രിസ്ത്യൻ കോർഡിനേഷൻ കൗൺസിൽ സ്റ്റേറ്റ് കോർഡിനേറ്റർ സാബു എബ്രഹാം,എക്ലേയ്സയുണറ്റഡ് ഫോറം ജനറൽ സെക്രട്ടറി അഡ്വ.സോണു അഗസ്റ്റിൻ ആലഞ്ചേരി. അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ പാസ്റ്റർ T.T ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
UCF – INDIA വൈസ് പ്രസിഡന്റ് ജോയ് ജോർജിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group