ചൈനയുമായുള്ള കരാർ വത്തിക്കാന്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായുള്ള കരാർ വീണ്ടും പുതുക്കിയതായി വത്തിക്കാന്‍. കരാര്‍ നേരത്തെ ഉണ്ടായിട്ടും ചൈനയില്‍ ക്രൈസ്തവരും സഭാനേതൃത്വവും വിവിധങ്ങളായ വിവേചനവും പീഡനവും നേരിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് നാല് വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്. ആറ് വർഷം മുമ്പ് ചൈന – വത്തിക്കാൻ ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം പത്തോളം ബിഷപ്പുമാർ ഭരണകൂടത്തില്‍ നിന്നു കടുത്ത സമ്മർദ്ധവും നേരിടേണ്ടി വന്നുവെന്നും നിയമാനുസൃത നടപടികളില്ലാതെ മെത്രാന്മാര്‍ തടങ്കലിലാക്കപ്പെട്ടതായും ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.

ഉടമ്പടി പുതുക്കിയതോടെ 2028 ഒക്ടോബർ 22 വരെ മെത്രാന്‍ നിയമനം സംബന്ധിച്ച കരാര്‍ പ്രാബല്യത്തിൽ തുടരും. ചൈനയിലെ കത്തോലിക്ക സഭയുടെ അഭിവൃദ്ധിക്ക് ഉഭയകക്ഷി ബന്ധത്തിൻ്റെ കൂടുതൽ സാധ്യത കണക്കിലെടുത്ത് ചൈനീസ് പാർട്ടിയുമായി ക്രിയാത്മകവുമായ സംഭാഷണം തുടരുന്നതിന് പരിശുദ്ധ സിംഹാസനം പ്രതിജ്ഞാബദ്ധമാണെന്ന് വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ഉചിതമായ കൂടിയാലോചനയ്ക്കും വിലയിരുത്തലിനും ശേഷമാണ് താൽക്കാലിക കരാർ നീട്ടാൻ ഇരുപക്ഷവും സമ്മതിച്ചതെന്നും പ്രസ്താവനയുണ്ട്. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാനും കരാര്‍ പുതുക്കിയ വിവരം സ്ഥിരീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group