വിശുദ്ധവാരത്തിലെ മാർപാപ്പയുടെ കാര്യപരിപാടികൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു

വത്തിക്കാൻ സിറ്റി :ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ വാരത്തിലെ പരിപാടി ക്രമങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു.

ഓശാന ഞായറാഴ്ചത്തെ അടക്കം ഒൻപത് വിശുദ്ധ കുർബാനകൾക്കും ആരാധനക്രമങ്ങൾക്കും ആരാധനകൾക്കും മാർപാപ്പ നേതൃത്വം നൽകും എന്നാണ് വിവരങ്ങൾ. ഏപ്രിൽ ഒന്നിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത പാപ്പാ ഓശാന ഞായറിലെ ആരാധനാക്രമത്തിൽ പങ്കെടുത്തിരുന്നു.

വിശുദ്ധവാരത്തിലെ പരിശുദ്ധ പിതാവിന്റെ കാര്യപരിപാടികൾ :

പെസഹാ വ്യാഴം

റോമിലെ കർദ്ദിനാൾമാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും സാന്നിധ്യത്തിൽ രാവിലെ 9.30-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയോടെ പെസഹാ ദിനത്തിലെ ആരാധനാക്രമങ്ങൾ മാർപാപ്പ ആരംഭിക്കും. കുർബാനയിൽ, റോമിലെ ബിഷപ്പ് എന്ന നിലയിൽ പാപ്പാ, രോഗികൾക്കായുള്ള തൈലം, വരും വർഷത്തിൽ രൂപതയിൽ ഉപയോഗിക്കേണ്ട തൈലം എന്നിവ ആശീർവദിക്കും.

ദുഃഖവെള്ളി

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദുഃഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കർത്താവിന്റെ പീഡാനുഭവ തിരുക്കർമ്മത്തിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകും. ഈ ആരാധനാ വേളയിൽ, മാർപ്പാപ്പക്ക് പകരം കർദ്ദിനാൾ റാനീറോ കാന്റലമെസ്സ ക്രിസ്തുവിന്റെ പീഡാനുഭവ സന്ദേശം നൽകും. വൈകിട്ട് 9.15-ന് കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിക്കും ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകും.

ദുഃഖശനി

ദുഃഖശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വൈകുന്നേരം 7:30 ന് നടക്കുന്ന ഈസ്റ്റർ വിജിലിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകും. ഈ ആരാധനാക്രമത്തിനിടയിൽ ബസിലിക്കയിലൂടെ വത്തിക്കാനിലെ കർദ്ദിനാൾമാരും ബിഷപ്പുമാരും വൈദികരും കത്തിച്ച മെഴുകുതിരികൾ വഹിച്ചുകൊണ്ട് നടത്തുന്ന പ്രദക്ഷിണം ഇരുട്ടിനെ അകറ്റാൻ വരുന്ന ക്രിസ്തുവിന്റെ
വെളിച്ചത്തെ സൂചിപ്പിക്കുന്നു. ഈ അവസരത്തിൽ പാപ്പാ മാമ്മോദീസ നൽകും.

ഈസ്റ്റർ

ഈസ്റ്റർ ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പത്തു മണിക്ക് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. കുർബാനയ്ക്ക് ശേഷം, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെൻട്രൽ ബാൽക്കണിയിൽ നിന്ന് അദ്ദേഹം വാർഷിക ഈസ്റ്റർ ‘ഉർബി എത് ഓർബി ആശീർവാദം നൽകും. (എല്ലാ വർഷവും ഈസ്റ്റർ ഞായർ, ക്രിസ്തുമസ് തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ മാർപ്പാപ്പ നൽകുന്ന അപ്പസ്തോലിക ആശീർവാദം).

ഈസ്റ്റർ തിങ്കൾ

ഈസ്റ്റർ കഴിഞ്ഞ് വരുന്ന തിങ്കളാഴ്ച അപ്പോസ്തോലിക കൊട്ടാരത്തിന്റെ ജനാലയിൽ നിന്ന് ഉച്ചയ്ക്ക് പാപ്പാ ആഞ്ചലൂസ് പ്രാർത്ഥനക്ക് നേതൃത്വം നൽകും. പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥം തേടുന്ന ഒരു പരമ്പരാഗത പ്രാർത്ഥനയാണ് ആഞ്ചലൂസ് പ്രാർത്ഥന. എല്ലാ ഞായറാഴ്ചകളിലും പ്രധാനപ്പെട്ട മരിയൻ തിരുന്നാളുകളിലും ഇത് ചൊല്ലാറുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group