2013 ഏപ്രില്‍ 22 മുതൽ എറണാകുളം – അങ്കമാലി അതിരൂപതയിൽ കൂട്ടുത്തരവാദിത്വത്തോടെ ചർച്ച ചെയ്തു തുടങ്ങിയ ഭൂമിയിടപാട് വിഷയം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കടന്നു പോയത് ഏറെ സംഘർഷഭരിതമായ സംഭവങ്ങളിലൂടെ ആയിരുന്നു. 2023 ഏപ്രിൽ 14 ന് കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura ഭൂമിയിടപാട് വിവാദ വിഷയത്തിൽ അന്തിമവിധി പുറപ്പെടുവിക്കുമ്പോൾ അതിൽ ഉയർന്നു നിൽക്കുന്നത് സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ സത്യസന്ധതയാണ്. അദ്ദേഹത്തേ വ്യക്തിഹത്യ നടത്തി മാന്യന്മാരാകാൻ ശ്രമിച്ച അതിരൂപതയിലെ ഉപജാപക സംഘത്തിൻ്റെ മനക്കോട്ടകൾ തകർന്നു വീഴുന്നു, അവരുടെയുള്ളിലെ ദുഷ്ടത സമൂഹത്തിൽ അനാവരണം ചെയ്യപ്പെടുന്നു.
ഭൂമിയിടപാടിൻ്റെ പേരിൽ ഉയർന്ന വിവാദങ്ങൾ അവസാനിപ്പിച്ചുകൊണ്ട് വത്തിക്കാനിലെ പരമോന്നത നീതിപീഠം വിധി പറഞ്ഞിരിക്കുന്നു. “അത്യന്തികമായി തീരുമാനം എടുത്ത വിഷയങ്ങൾ പുനഃപരിശോധിക്കേണ്ടതില്ല: നിയമപരമായ എല്ലാ പൂർണ്ണതയോടുംകൂടി, ബന്ധപ്പെട്ട എല്ലാവരും ഇത് അറിഞ്ഞു കൊള്ളുക” സഭയുടെ പരമോന്നത നീതിപീഠം വിധി പ്രഖ്യാപിക്കുന്നു.
അതിരൂപതയിലെ വിവാദമായ ഭൂമിവിൽപ്പനയിൽ ഉയർന്ന വിവാദങ്ങൾ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങൾ മാത്രമായിരുന്നു എന്ന് വത്തിക്കാനിലെ പരമോന്നത കോടതിയായ അപ്പസ്ത്തോലിക് സൈനത്തോരയുടെ വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഭൂമിവിൽപ്പന നടന്നത്, ബന്ധപ്പെട്ട എല്ലാ കാനോനിക സമിതികളുടെയും കൂടിയാലോചനയിലൂടെയാണെന്നും, മെത്രാപ്പൊലീത്ത എന്ന നിലയിലാണ് കർദ്ദിനാൾ ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചതെന്നും, ആയതിനാൽ മറിച്ചുള്ള യാതൊരു ആരോപണങ്ങളും നിലനിൽക്കുകയില്ലെന്നുമുള്ള പൗരസ്ത്യ തിരുസംഘത്തിന്റെ കണ്ടെത്തലുകളെ പരമോന്നത നീതിപീഠം പൂർണ്ണമായി ശരിവയ്ക്കുന്നു.
അതിരൂപതയിലെ കാനോനിക സമിതികൾ കൂട്ടുത്തരവാദിത്വത്തോടെ തീരുമാനിച്ചു നടപ്പിലാക്കിയ മൂന്ന് ഏക്കർ ഭൂമിയുടെ വിൽപ്പനയിലൂടെ അതിരൂപതക്ക് യാതൊരു വിധത്തിലുള്ള നഷ്ടവും വന്നിട്ടില്ല എന്ന് അപ്പസത്തോലിക് സൈനത്തോര കണ്ടെത്തിയിരിക്കുന്നു. ഈ ഇടപാടിൽ അതിരൂപതയ്ക്കു ലഭിക്കുവാനുള്ള പണത്തിനു പകരമായി ലഭിച്ച ഈട് (collateral property) വസ്തുക്കൾ, വിൽക്കുകയോ, ആസ്തിയായി സ്വീകരിക്കുകയോ ചെയ്യുവാൻ അതിരൂപതക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
ഈ വിഷയത്തിൽ “അതിരൂപതക്ക് നഷ്ട്ടം നേരിട്ടുവെന്നും, അതിന് മേജർ ആർച്ചു ബിഷപ് നേരിട്ട് നഷ്ടപരിഹാരം (restitution) നടത്തണം എന്ന് പൗരസ്ത്യ തിരുസംഘം നിർദേശിച്ചു എന്ന് ചില വ്യക്തികൾ വ്യാഖ്യാനിച്ചത് തെറ്റാണെന്നും, അങ്ങനെ ദുർഭാഷണം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും” അന്തിമവിധി നിർദേശിക്കുന്നു. അതിരൂപതയുടെ മൂന്നു ഏക്കർ ഭൂമി വിൽപ്പന നടത്തിയതിൽ മാർ ആലഞ്ചേരിക്ക് നേതൃത്വപരമായ പങ്ക് മാത്രമേ ഉള്ളു എന്നും, സഹായ മെത്രാന്മാരുടെ കത്തുകളും റിപ്പോർട്ട്കളും ഈ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും വത്തിക്കാന്റെ പരമോന്നത കോടതി കണ്ടെത്തി.
സീറോ മലബാർ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരായി ഒരു സംഘം വൈദീകർ നടത്തിയത് ക്രൂരവും നീചവുമായ അക്രമണമായിരുന്നുവെന്ന് ഈ വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഈ ഹീനകൃത്യത്തിലൂടെ തങ്ങൾ എന്ത് നേടിയെന്നു ഈ വിമത വൈദീകർ ഇനിയെങ്കിലും വിചിന്തനം ചെയ്യണം.
അനാവശ്യമായ ഒരു വിവാദം ഉയർത്തിയ തല്പരകക്ഷികൾക്കു മുൻപിൽ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. ഇനി അവശേഷിക്കുന്നത് സഭായോടൊപ്പം മുന്നോട്ട് നടക്കുക അല്ലെങ്കിൽ സഭക്ക് പുറത്തേക്ക് പോവുക എന്നീ മാർഗങ്ങൾ മാത്രമാണ്.
കത്തോലിക്കാ സഭയിൽ ഒരു മെത്രാപ്പോലീത്തയെ സഹായിക്കുവാൻ നിയുക്ത രായ രണ്ടു മെത്രാന്മാരുടെ നിലപാടുകളാണ് ഈ വിധിയുടെ പശ്ചാത്തലത്തിൽ ഇനി ചർച്ച ചെയ്യപ്പെടുക. കൂട്ടുത്തരവാദിത്വം ഉണ്ടായിട്ടും മാർ ആലഞ്ചേരി കുറ്റക്കാരനാണെന്നുള്ള രീതിയിൽ സർക്കുലർ ഇറക്കിയ ഒരു സഹായമെത്രാന്റെ ഗൂഡലക്ഷ്യങ്ങൾ എന്തായിരുന്നു? ആരോപണശരങ്ങൾ സഹിക്കവയ്യാതെ മെത്രാപോലീത്ത, തൻ്റെ സ്ഥാനം ഒഴിയുമെന്ന് ഇദ്ദേഹം കണക്കുകൂട്ടിയോ? അതോ വിമത വൈദീകർ ഒരുക്കിയ കെണിയിൽ ഈ മെത്രാനും വീണുപോയോ ? ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് എന്ത് പ്രയോജനമാണ് ഈ സഹായമെത്രാൻ പ്രതീക്ഷിച്ചത്? എല്ലാ കുതന്ത്രങ്ങൾക്കും കാലം ഉത്തരം കാണിച്ചുതരുമെന്നുള്ള പ്രമാണം ഇവിടെ അവശേഷിക്കുന്നു.
2017 ഡിസംബർ മാസത്തിൽ, ആദ്യമായി ലോകത്തിനു മുൻപിൽ, മാധ്യമങ്ങളെ ക്ഷണിച്ചു വരുത്തി, മെത്രാപോലീത്ത അതിരൂപതയുടെ ഭൂമിയെല്ലാം വിറ്റുതുലച്ചു എന്ന പച്ചക്കള്ളം വിളിച്ചു പറഞ്ഞ പുരോഹിതൻ ഇന്ന് അജ്ഞാത വാസത്തിലാണ്.
തിരുസഭയുടെ പരമോന്നത നീതിപീഠം മെത്രാപ്പോലീത്തയെ കുറ്റവിമുക്തനാക്കുമ്പോൾ അദ്ദേഹത്തെ കുറ്റക്കാരാണെന്നു വിധിച്ചുകൊണ്ട് പൊതുനിരത്തിൽ പ്രകടനം നടത്തിയ വൈദീകർ ഇന്ന് സഭയുടെയും സമൂഹത്തിന്റെയും മുൻപിൽ കോമാളികളായി നിൽക്കുന്നു.
വിമത വൈദീകരുടെ കുഴലൂത്തുകാരായി മെത്രാപ്പോലീത്തക്കെതിരായി നിരന്തരം സംസാരിക്കുകയും കർദിനാൾമാരുടെ കോലം കത്തിക്കൽ, സഭ്യമല്ലാത്ത മുദ്രാവാക്യം വിളികളുമായി പന്തംകൊളുത്തി പ്രകടനം… തുടങ്ങിയ സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർ തങ്ങളുടെ പ്രവർത്തികൾ ഇനി എങ്ങിനെ ന്യായീകരിക്കും?
കർദ്ദിനാൾ കുറ്റക്കാരനാണെന്നു സ്ഥാപിച്ചെടുക്കാൻ വ്യാജരേഖ നിർമ്മിച്ച മൂന്നു വൈദികർ കോടതിയിൽ ക്രിമിനൽ കേസിൽ നടപടികൾ നേരിടുന്ന വിധത്തിൽ അതിരൂപതയിലെ വിമതപക്ഷം അധഃപതിച്ചത് എത്രയോ പരിപാതകരമായ സ്ഥിതിയായാണ്; ഇതല്ലേ ഈ വിവാദങ്ങളുടെയെല്ലാം ബാക്കിപത്രം ?
നീണ്ടവർഷങ്ങളുടെ പരിശ്രമങ്ങളുടെ ഫലമായി സീറോ മലബാർ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാന അർപ്പണരീതി അംഗീകരിച്ചു, സഭയിലെ എല്ലാ രൂപതകളും അത് പിന്തുടരുകയും ചെയ്തപ്പോൾ, എറണാകുളം -അങ്കമാലി അതിരൂപത ഇത് പിന്തുടരാതെ ജനഭിമുഖ കുർബാനയുമായി മുൻപോട്ട് പോയതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണം ആലഞ്ചേരി പിതാവിനെ സ്ഥാനഭ്രഷ്ടനാക്കണം എന്നുള്ള വിമത പുരോഹിത നേതാക്കന്മാരുടെ ദുർവാശി ഒന്നുമാത്രമാണ്. ഇക്കാര്യം പുറത്ത് പറയാൻ സാധിക്കാത്തത് കൊണ്ടാണ് അറുപതു വർഷത്തെ പാരമ്പര്യമുള്ള ഞങ്ങളുടെ കുർബാന എന്ന് ഇവർ ന്യായം പറഞ്ഞുകൊണ്ടിരിക്കുന്നത്.
സീറോ മലബാർ സഭയുടെ തലവൻ എന്ന നിലയിൽ ഇക്കഴിഞ്ഞ (2022)ക്രിസ്മസ് ദിനത്തിൽ എറണാകുളം ബസിലിക്കയിൽ വി. കുർബാന അർപ്പിക്കേണ്ടിയിരുന്നത് ആലഞ്ചേരി പിതാവ് ആയിരുന്നു. ഏതു വിധത്തിലും ഇത് തടയുക എന്ന ഉദ്ദേശത്തോടെയാണ് അതിനും ഒരു ദിവസം മുൻപേ തന്നെ വി. കുർബാന അർപ്പിക്കുവാൻ എന്ന വ്യാജേന ബസിലിക്കയുടെ അൽത്താരയിൽ കയറിയ വിമത പുരോഹിതർ തുടർച്ചയായി പിറ്റേന്ന് രാവിലെ പതിനൊന്നു മണിക്ക് പോലീസ് ദേവാലയം അടപ്പിക്കുന്നത് വരെ മരത്തോൺ കുർബാന അർപ്പിച്ചു വി. കുർബാനയെ അവഹേളിച്ചത്.
ഈ വിമത കൂട്ടത്തിൽ കഥ അറിയാതെ ആടിത്തകർക്കുന്ന “പാവങ്ങളും” ഉണ്ട് എന്നുള്ളത് മറ്റൊരു യാഥാർഥ്യമാണ്.
എന്തുകൊണ്ട് കർദ്ദിനാൾ ആലഞ്ചേരി “മാത്രം” ഇവിടെ കുറ്റാരോപിതനായി ? ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് കൂട്ടുത്തരവാദിത്വത്തോടെ അദ്ദേഹത്തിൻ്റെ ഇരുവശങ്ങളിലായി നിന്നിരുന്ന സഹായമെത്രാന്മാരും അതിരൂപതയുടെ ആലോചനാ സമിതിയും ഫൈനാൻസ് കൗൺസിലുമാണ്.
സാധാരണ വിശ്വാസികളെ പിതാവിനെതിരായി തെറ്റിദ്ധരിപ്പിച്ചതിനു ഇവർ തിരുസഭയോടും, ആലഞ്ചേരി പിതാവിനോടും, വിശ്വാസികളോടും ആത്മാർഥമായി മാപ്പ് ചോദിക്കണം. അനുതാപത്തിന്റെ മനോഭാവം കാണിക്കുവാൻ മടിക്കുന്ന വൈദീകരോട് പ്രവാചക ധൈര്യത്തോടെ പ്രതികരിക്കുവാൻ ഉദ്ദേശ്യശുദ്ധിയുള്ള പുരോഹിതരും അതിരൂപതാ നേതൃത്വവും തയ്യാറാവണം.
കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group