വത്തിക്കാൻ മ്യൂസിയം വീണ്ടും അടച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ വത്തിക്കാൻ മ്യൂസിയം വീണ്ടും അടച്ചു. ലോകപ്രസിദ്ധവും നിരവധി കലാ നിധികളുമുള്ള മ്യൂസിയം ഡിസംബർ മൂന്നു വരെ അടച്ചിടുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇറ്റലിയിൽ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി മൂലം ഇറ്റലിയിലെ എല്ലാ മ്യൂസിയങ്ങളും നവംബർ അഞ്ചു മുതൽ ഡിസംബർ മൂന്നു വരെ അടയ്ക്കാനുള്ള ഉത്തരവിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യൂസെപ്പെ കോണ്ടെ ഒപ്പുവച്ചു. ഇറ്റാലിയൻ സർക്കാരിന്റെ നടപടികൾ വത്തിക്കാൻ കോവിഡ് പകർച്ചവ്യാധിയുടെ സമയങ്ങളിൽ കൃത്യമായി പാലിച്ചിരുന്നു.

കോവിഡ് പ്രതിസന്ധികൾക്ക് മുൻപ് മൈക്കലാഞ്ചലോയുടെ സിസ്റ്റൈൻ ചാപ്പൽ ഉൾപ്പെടുന്ന വത്തിക്കാൻ മ്യൂസിയങ്ങൾ, പ്രതിവർഷം 6 ദശലക്ഷത്തിലധികം ആളുകൾ സന്ദർശ്ശിച്ചിരുന്നു. ഇത് വത്തിക്കാൻ സമ്പദ് വ്യവസ്ഥയെ നാല്ലരീതിയിൽ സ്വാധീനിച്ചിരുന്നു. വത്തിക്കാൻ മ്യൂസിയങ്ങൾക്കൊപ്പം, വി. പത്രോസിന്റെ ശവകുടീരത്തിൻ്റെ സ്കാവി ടൂർ, പൊന്തിഫിക്കൽ വില്ലകൾ എന്നിവ നവംബർ അഞ്ചു മുതൽ അടയ്ക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇറ്റലിയിൽ രണ്ടാം ഘട്ടത്തിലും കൊറോണ അതിരൂക്ഷമാണ്. നവംബർ മൂന്നിന് 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയം 28,244 പുതിയ കോവിഡ് കേസുകളും 353 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2,225 കൊറോണ വൈറസ് രോഗികൾ നിലവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്.

മ്യൂസിയങ്ങൾ അടച്ചതിനു പുറമേ, രാത്രി 10 മുതൽ ദേശീയ കർഫ്യൂ ഉൾപ്പെടെയുള്ള കൂടുതൽ നിയന്ത്രണങ്ങളും ഇറ്റലി ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചു മണി വരെ, വാരാന്ത്യങ്ങളിൽ എല്ലാ ഷോപ്പിംഗ് സെന്ററുകളും അടയ്ക്കുകയും പൊതുഗതാഗതം കർശനമായി നിയന്ത്രിക്കുകയും ചെയ്യും.ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group