Vietnamese priest, Father Francis Xavie Tran wins ethnic villager’s hearts
ഹനോയി : വിയറ്റ്നാമിലെ ഡാ ക്രൊങ് ജില്ലയിലെ ബാ ലോങ് എന്ന ഉൾനാടൻ പ്രദേശത്തെ ജനങ്ങൾക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ, എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ അവിടുത്തെ തദ്ദേശീയ ഗ്രാമവാസികൾ ആദ്യം എത്തിച്ചേരുന്നത് ഫാ. ഫ്രാൻസിസ് സേവി ട്രാൻ വുവാങ് വിൻ എന്ന ഈ വൈദികന്റെ അടുക്കലാണ്. തന്റെ സാമൂഹിക സേവന പ്രവർത്തനത്തിലൂടെ വിയറ്റ്നാമിലെ മധ്യ പ്രവിശ്യയിലെ തദ്ദേശീയ വാൻ കിയു വംശജരായ ഗ്രാമവാസികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഈ വൈദികൻ. ഏഴു വർഷങ്ങൾക്ക് മുൻപ് നവംബർ 15 മുതൽ വിയറ്റ്നാമിൽ ആഞ്ഞടിച്ച കൊടുംകാറ്റിൽ നിരവധി വീടുകൾ തകരുകയും 2200-ഓളം കന്നുകാലികൾ ചാവുകയും 10 ഹെക്ടറോളം കൃഷി നശിക്കുകയും സംഭവിച്ചപ്പോൾ ഫാ. ഫ്രാൻസിസാണ് ഇവിടുത്തെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിച്ചത്. കിലോമീറ്ററുകൾ താണ്ടി ഈ ഗ്രാമവാസികൾക്കാവശ്യമായ അരിയും സാധനങ്ങളും എത്തിക്കാൻ ഈ വൈദികൻ അന്ന് മുൻകൈയ്യെടുത്തു.
വാൻ കിയു വംശജരിൽ ഏറെ ആൾക്കാർ ഫാ. ഫ്രാൻസിസിന്റെ പ്രവർത്തനങ്ങളിലും വിശ്വാസത്തിലും ആകൃഷ്ടരായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. ഈ കുഗ്രാമത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള വേ സാൻ ഇടവകയുടെ വികാരിയാണ് ഈ വൈദികൻ. ഇത്രയും ദൂര വ്യത്യാസമുണ്ടായിട്ടും യാതൊരു മടിയും കൂടാതെ ഈ ജനവിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ ഈ വൈദികൻ കാണിക്കുന്ന താൽപ്പര്യമാണ് നിരവധി ഗ്രാമവാസികളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകർഷിച്ചത്. പ്രതിസന്ധിയിൽ വൈദികൻ നടത്തുന്ന ഇടപെടലുകൾ ഗ്രാമവാസികൾക്ക് ആശ്വാസവും ഒപ്പം ക്രിസ്തുവിനെ മനസ്സിലാക്കാനുള്ള അവസരവും കൂടിയാണ്.
ഗ്രാമത്തിലെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഗ്രാമവാസികൾ ആദ്യം ക്ഷണിക്കുന്നത് ഫാ. ഫ്രാൻസിസിനെയാണ്. “ഇന്ന് ഞങ്ങളുടെ വിളവെടുപ്പ് ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങൾ അദ്ദേഹത്തെ ക്ഷണിക്കും. അദ്ദേഹത്തിനായി ഭക്ഷണം തയ്യാറാക്കികൊണ്ട് ഞങ്ങളോട് കാണിച്ച കരുതലിന് നന്ദി അറിയിക്കും”- ഗ്രാമത്തിലെ മുതിർന്ന വ്യക്തിത്വമായ ഹോ ലുവാങ് പറഞ്ഞു. ഏതൊരു വൈദികനും മാതൃകയാകുന്ന ജീവിതമാണ് ഫാ. ഫ്രാൻസിസിന്റേത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group