ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് മലയോരമേഖലയിലെ കർഷകർ അടക്കമുള്ള ജനവിഭാഗങ്ങളുടെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള വൈദിക-അല്‌മായ പ്രതിനിധി സംഘം. ഇന്നലെ രാവിലെ കൽപ്പറ്റ ഗസ്റ്റ് ഹൗസിൽവച്ചാണ് രൂപതാ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കർഷകരുടെ ആശങ്കകൾ അറിയിച്ചത്.
വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാരുടെ സംഘം സ്ഥലം സന്ദർശിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബിഷപ്പിനെ അറിയിച്ചു. രൂപതാ സംഘത്തിൻ്റെ മുൻപിൽവെച്ച് മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ വിളിക്കുകയും നാശനഷ്ടം സംബന്ധിച്ച് റിപ്പോർട്ട് നൽകാനും തുടർ നടപടി സ്വീകരിക്കാനും നിർദേശം നൽകുകയും ചെയ്തു. രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കാവളക്കാട്ട്, എകെസിസി രൂ പത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ, യൗജിൻ, ലിബിൻ പുത്തൻപുരയിൽ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപതാ തലത്തിൽ ഏകോപന സമിതി പ്രവർത്തനം ആരംഭിച്ചതായും രൂപത അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ, വായാട് പ്രദേശത്തു ഉണ്ടായ ഉരുൾപൊട്ടലിൽ 13 വീടുകൾ പൂർണ്ണമായും 9 വീടുകൾ ഭാഗികമായും നശിച്ചു. 44 വീടുകളിൽ തുടർന്ന് താമസിക്കാനാകാത്ത രീതിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group