ഒളിംപിക്സില്‍ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മെഡല്‍ നഷ്ടമാകും

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും.

ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഒളിംപിക്സില്‍ ഇന്ത്യക്ക് ഉറപ്പായ മെഡല്‍ കൂടി നഷ്മമായി.

ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച്‌ വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് നല്‍കുക.

ഇന്നലെ നടന്ന മത്സരത്തിന് മുമ്ബും വിനേഷ് പതിവ് ഭാരപരിശോധനക്ക് വിധേയയായിരുന്നു. ഇന്നലെ വിനേഷിന്‍റെ ശരീരഭാരം കൃത്യമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ വിനേഷിന്‍റെ ശരീരഭാരം ഏതാണ്ട് രണ്ട് കിലോ ഗ്രാമോളം അധികമായി. ഇന്നലെ സെമി ഫൈനല്‍ മത്സരത്തില്‍ ജയിച്ചശേഷം വിനേഷ് ഫോഗട്ട് ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്തിരുന്നു.

രാത്രി ഉറങ്ങാതെ സൈക്ലിഗും ജോഗിങ്ങുമെല്ലാം നടത്തിയിട്ടും ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. റിയോ ഒളിംപിക്സില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് പിന്നീട് 53 കിലോ ഗ്രാം വിഭാഗത്തിലും മത്സരിച്ചിരുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ശരീരഭാരം കുറച്ചാണ് പാരീസില്‍ 50 കിലോ ഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിലും വിനേഷ് സമാനപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അന്ന് ശരീരഭാരത്തിന്‍റെ കാര്യത്തില്‍ നേരിയ വ്യത്യാസത്തിലാണ് വിനേഷ് യോഗ്യത ഉറപ്പാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group