മന്ത്രിസഭാ ഉപസമിതിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കൾ നടത്തിയ ചർച്ച പരാജയം. ചർച്ച പരാജയപ്പെട്ടതിനാൽ സമരം ശക്തമായി തുടരുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നും പഠന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുറമുഖനിർമ്മാണം തുടരാൻ പാടുള്ളൂവെന്നും സമരസമിതി നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ, തുറമുഖനിർമ്മാണം നടക്കട്ടെയെന്നും സമരം നിർത്തിവയ്ക്കണമെന്നും പിന്നീട് പരിസ്ഥിതി ആഘാത പഠനം നടത്താമെന്നും സർക്കാരിനു വേണ്ടി ചർച്ച നടത്തിയവർ നിർദേശം വച്ചു. വിഴിഞ്ഞം തുറമുഖ സമരം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളും ചർച്ചയായി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സമരസമിതിയിലെ ലത്തീൻ കത്തോലിക്കാ സഭാ പ്രതിനിധികൾ കടുത്ത അമർഷം അറിയിച്ചു. സമരം ആസൂത്രിതമല്ലെന്നും പുറത്തു നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് അവർ വ്യക്തമാക്കി. സമരത്തിന് പിന്തുണയുമായി വിവിധ ജില്ലകളിൽ നിന്നുള്ള പല സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും എത്തുന്നതായി അവർ ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ വി. അബ്ദുൾ റഹ്മാൻ, ആന്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറാൾ യൂജിൻ എച്ച്. പെരേര, സമരസമിതി കണ്‍വീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group