വിഴിഞ്ഞം സമരത്തിന്റെ നാൾ വഴികളും സംഘർഷാവസ്ഥയുടെ യാഥാർത്ഥ്യവും വ്യക്തമാക്കി തിരുവനന്തപുരം അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ.
സമരവുമായി ബന്ധപ്പെട്ട് അതിരൂപത അധ്യക്ഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ചു.
സര്‍ക്കുലറിന്റ പൂർണ്ണരൂപം
2015-നു ശേഷം ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് പനത്തുറ മുതല്‍ വേളിവരെയുള്ള പ്രദേശങ്ങളിലുണ്ടായ അതിരൂക്ഷമായ തീരശോഷണം, അതിന്റെ ഫലമായി നൂറുകണക്കിന് വീടുകളും സ്ഥലവും നഷ്ടപ്പെടുകയും, മത്സ്യബന്ധനം ദുഷ്‌കരമാവുകയും വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്‌കൂളുകളിലും സിമെന്റ് ഗോഡൗണുകളിലും അവര്‍ ജീവിക്കേണ്ടി വന്ന അവസ്ഥയും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 7 ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ജൂലൈ 20-ാം തിയതി സെക്രട്ടറിയേറ്റ് നടയില്‍ മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് തുടക്കം കുറിച്ചത്. സമാധാനപരമായിട്ടാണ് നമ്മള്‍ സമരം ആരംഭിച്ച് തുടര്‍ന്നുവന്നത്.
നിയമസഭയ്ക്കകത്തും സമരസമിതി പ്രതിനിധികളുമായുള്ള മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചയിലും സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ ആറും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സമ്മതിച്ചെങ്കിലും തുടര്‍ചര്‍ച്ചകള്‍ക്കു മുമ്പേ ഏകപക്ഷീയമായി, ഗോഡൗണുകളിലും സ്‌കൂളുകളിലും കഴിയുന്നവരെ 5500/- രൂപ വാടക നല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതുവരെ ആവശ്യങ്ങളില്‍ സമരസമിതിയുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ മന്ത്രിസഭാ ഉപസമിതി സന്നദ്ധമായില്ല.
സെക്രട്ടറിയേറ്റ് നടയില്‍ ആരംഭിച്ച അതിജീവന സമരം ആഗസ്റ്റ് 16-നാണ് വിഴിഞ്ഞം തുറമുഖ കവാടത്തിലേയ്ക്ക് മാറ്റിയത്. അവിടെ സമരപന്തല്‍ ഒരുക്കി രാപകല്‍ സമരത്തിന് തുടക്കം കുറിച്ചു. അവിടെയും സമാധാനപരമായാണ് സമരം തുടര്‍ന്നത്. അവിടെവച്ച് കേരളത്തിലെ വിവിധ സഭാവിഭാഗങ്ങളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും അനേകര്‍ വന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ, കെ.ആര്‍.എല്‍.സി.സി.യുടെയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നവരുടെയും നേതൃത്വത്തില്‍ സെപ്തംബര്‍ മാസം 15-ാം തിയതി മൂലമ്പള്ളിയില്‍ നിന്നും ആരംഭിച്ച ”ജനബോധനയാത്ര” സെപ്തംബര്‍ 18-ാം തിയതി വിഴിഞ്ഞത്ത് എത്തി ബഹുജനപങ്കാളിത്തത്തോടെ സമാപിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
നവംബര്‍ 26, 27 തിയതികളിലെ അനിഷ്ടസംഭവങ്ങള്‍
പ്രസ്തുത ദിവസങ്ങളില്‍ വിഴിഞ്ഞം പ്രദേശത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ വേദനാജനകവും അപലപനീയവുമാണ്. അവിടുത്തെ സംഭവങ്ങള്‍ കാരണം ക്ഷതമേറ്റവരുടെ വേദനയില്‍ പങ്കുചേരുന്നു. പ്രകോപനപരമായ സാഹചര്യങ്ങളാണ് പ്രസ്തുത ദിവസങ്ങളിലെ അനിഷ്ടസംഭവങ്ങളിലേയ്ക്ക് നയിച്ചത്. അതിജീവന സമരം 4 മാസം പിന്നിട്ടിട്ടും, സമരത്തിലെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയ കാര്യങ്ങളില്‍ പോലും വ്യക്തമായ നിലപാടെടുക്കാത്ത സര്‍ക്കാരിന്റെ നിസംഗതാ മനോഭാവം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണ്. ബഹുമാനപ്പെട്ട കോടതിയോടും ഉത്തരവുകളോടും തികഞ്ഞ ആദരവും ബഹുമാനവുമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് എന്നും ഉള്ളത്. പോര്‍ട്ട് നിര്‍മ്മാണം തുടരാനുള്ള കരാറുകാരുടെ അവകാശവും അതിജീവന സമരം തുടരാനുള്ള അതിരൂപതയുടെ അവകാശവും അംഗീകരിക്കുന്നതാണ് കോടതി നിലപാട്. സമരത്തിലെ ആവശ്യങ്ങളോടു സര്‍ക്കാര്‍ തുടര്‍ന്നു വന്ന നിഷേധാത്മക നിലപാടും അതിജീവന സമരത്തിനെതിരെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളും അധിക്ഷേപങ്ങളും 130 ദിവസമായി സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചു. അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയും തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ സമീപനവും പലകോണുകളില്‍ നിന്നും നമ്മെ വര്‍ഗ്ഗീയ വാദികളായി പ്രചരിപ്പിക്കുന്ന രീതികളും പ്രകോപനത്തിന് കാരണമായി.
നവംബര്‍ 27-ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ഓടുകൂടി വിഴിഞ്ഞം മുക്കോല ഭാഗത്തുവച്ച് നമ്മുടെ രണ്ട് സഹോദരന്മാരെ ഷാഡോ പോലീസ് എന്ന പേരില്‍ രണ്ടു പേര്‍ കൊണ്ടുപോയി. ഒരംഗത്തെ ജനപ്രതിനിധിയാണെന്നറിഞ്ഞ് തിരിച്ചയച്ചു. വിവരമന്വേഷിച്ച് പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെയും അമ്മയെയും ഒരു കാരണവുമില്ലാതെ പോലീസ് മര്‍ദ്ദിച്ചു. ഇക്കാര്യങ്ങളുടെ നിജസ്ഥിതി വിഴിഞ്ഞം പോലീസില്‍ നിന്നും അറിയാന്‍ ഇടവക കൗണ്‍സിലിലെ നാലുപേരെ ഇടവക വികാരി ഫാ. മെല്‍ക്കോണ്‍ ചുമതലപ്പെടുത്തി വൈകുന്നേരം 4.00 മണിയോടെ അയച്ചു. ഒരു മണിക്കൂര്‍ സമയം കഴിഞ്ഞിട്ടും വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പോയവര്‍ മടങ്ങിവരാത്തതിനാലും അവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനാലും പള്ളിപരിസരത്ത് തടിച്ചുകൂടിയ ഇടവക ജനങ്ങളില്‍ അന്യായമായി വഴിയില്‍ വച്ച് അറസ്റ്റു ചെയ്ത സഹോദരന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം സ്ത്രീകളുമായി വിവരം അന്വേഷിക്കാന്‍ ഇടവക വികാരി വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ ചെല്ലുകയുണ്ടായി. പോലീസില്‍ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ വൈദികനും സ്ത്രീജനങ്ങളും പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെ നിന്നു. പോലീസും ജനങ്ങളും തമ്മില്‍ വാക്കേറ്റം തുടരുന്നതിനിടെ സന്ധ്യയായ ശേഷം (ഇരുള്‍പരന്ന ശേഷം) പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ടെറസില്‍ നിന്നും പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി കല്ലേറ് ആരംഭിച്ചു. ഈ സമയത്തിനുള്ളില്‍ ധാരാളം പുരുഷന്മാരും പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നു. കല്ലേറിനെ തുടര്‍ന്ന് നിരായുധരായ സ്ത്രീകളെ ലാത്തി ഉപയോഗിച്ച് പോലീസ് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പുരുഷന്മാരെയും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമായി മാറുകയും ഇരുവിഭാഗത്തിനും (തദ്ദേശവാസികള്‍ക്കും പോലീസുകാര്‍ക്കും) പരിക്കേല്‍ക്കുകയും ചെയ്തു. ലാത്തി വീശിയതിനു പുറമേ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സി. സി. ടി. വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും അന്നത്തെയും തലേദിവസത്തേയും സംഘര്‍ഷങ്ങളും അതിലേയ്ക്ക് നയിച്ച പ്രകോപനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ സത്യാവസ്ത ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്ന് അടുത്ത ദിവസം തന്നെ അതിരൂപത ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഈ ആവശ്യം ഇപ്പോള്‍ ആവര്‍ത്തിക്കുന്നു.
നമ്മുടെ സമരം അതിജീവനത്തിനുവേണ്ടിയുള്ളതാണ്. തീരശോഷണത്തിന്റെ പ്രധാന കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണ് എന്ന നമ്മുടെ നിലപാട് സര്‍ക്കാര്‍ ഇനിയും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പോര്‍ട്ട് നിര്‍മ്മാണത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സുതാര്യമായ ഒരു പഠനം വേണമെന്നും നമ്മള്‍ നിര്‍ദ്ദേശിക്കുന്ന രണ്ടു വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടത്.
തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്ന് നമ്മള്‍ ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുള്ള പഠനം നമ്മള്‍ ആവശ്യപ്പെടുന്നതിന് രണ്ടു കാരണങ്ങളാണ്: വര്‍ഷം കഴിയുംതോറും തീരശോഷണവും അതുമുലമുള്ള പ്രത്യാഘാതങ്ങളും ക്രമാതീതമായി കൂടിവരുന്നു.
നാഷ്ണല്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ച സമയ ബന്ധിതമായ റിവ്യൂ നടത്തണമെന്നും അതിനായി ഒരു വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും പറയുന്നു. എന്നാല്‍, നാളിതുവരെയും അപ്രകാരം ഒരു സമിതിയെ നിയോഗിച്ചതായോ പഠനം നടത്തിയതായോ അറിവില്ല.
സമരത്തിന്റെ പേരില്‍ സംഘര്‍ഷമോ സംഘര്‍ഷസാഹചര്യങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സംഘര്‍ഷ സാഹചര്യം അതിജീവിക്കാനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നുമാണ് അദ്ദേഹം സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍, സമരസമിതി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ നമ്മള്‍ സമരമുഖത്ത് ഉണ്ടാകും.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ഇരകളായവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കാനും അവരുടെ വേദനയിലും സഹനങ്ങളിലും പങ്കുചേരുന്നതിന്റെ ഭാഗമായി 9-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് എല്ലാ ദൈവാലയങ്ങളിലും കുരിശ്ശിന്റെ വഴി പ്രാര്‍ത്ഥന നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതിലൂടെ, പീഢകള്‍ സഹിച്ച് കുരിശ്ശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന നമ്മുടെ രക്ഷകനും കര്‍ത്താവുമായ യേശുവിനെ ധ്യാനിച്ചു കൊണ്ട് ആത്മീയശക്തി പ്രാപിക്കാനും സമാധാന-സഹന മാര്‍ഗ്ഗത്തിലൂടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group