തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന തീരദേശ സമരത്തിൽ ആർച്ച് ബിഷപ്പുമാരും അതിരൂപതയിലെ വൈദികരും തിങ്കളാഴ്ച ഉപവസിക്കും.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, എമിരിറ്റസ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം, വികാരി ജനറാൾ മോണ്‍. യൂജിൻ പെരേര, സമരസമിതി കണ്‍വീനർ ഫാ. തെയോഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരും മറ്റു വൈദികരുമാണ് ഉപവാസത്തിൽ പങ്കുചേരുന്നത്.
വിവിധ ഇടവകകളിൽ നിന്നുള്ളവരും സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യദാർഢ്യവുമായി എത്തിച്ചേരും.
തുറമുഖ കവാടത്തിനുള്ളിലെ സമരം തടയാൻ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും സമരവേദി മാറ്റേണ്ടെന്ന് ഇന്നലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ചേർന്ന അതിരൂപതയിലെ വൈദിക സമ്മേളനം തീരുമാനിച്ചു.
സമരസമിതി മുന്നോട്ടുവച്ച ഏഴിന ആവശ്യങ്ങളിൽ ഉറച്ചു നിൽക്കും. സമര സമിതി ഉന്നയിച്ച ഭൂരിപക്ഷം കാര്യങ്ങളിലും തീരുമാനമായെന്ന പ്രചാരണം തെറ്റാണ്. തീരുമാനമാകുന്ന കാര്യങ്ങളിൽ ഉത്തരവിറക്കിയ വിവരം പ്രസിദ്ധീകരിക്കണം.
കടലെടുത്ത് വീടു നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണമെന്ന് വൈദിക സമിതി ആവശ്യപ്പെട്ടു.
നഗരഭാഗങ്ങളിൽ സുരക്ഷിത ജീവിതം നയിക്കുന്നവർ സമരം അനാവശ്യമാണെന്ന് ആക്ഷേപിക്കുന്നതിനു പകരം തീരദേശത്ത് കടൽ കയറുന്ന വീടുകളിൽ കുറച്ചുനേരം ഇരുന്നുനോക്കാനുള്ള മനസ് കാണിക്കണമെന്ന് വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group