തിരുവനന്തപുരം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മൂവായിരത്തിൽപ്പരം ആളുകൾക്കെതിരേ കേസ്. സംഘർഷവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു.
വധശ്രമം, കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് സമരക്കാർക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. നാലു പോലീസ് ജീപ്പുകളും രണ്ടു ബസും 20 ബൈക്കുകളും രണ്ടു കാറുകളും കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ ആക്രമിക്കപ്പെട്ടിരുന്നു.
പോലീസ് വാഹനങ്ങൾക്കുനേരേയുണ്ടായ ആക്രമണത്തിൽ 80 ലക്ഷം രൂപയുടെയും വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനൽ ഗ്ലാസുകളും ലൈറ്റുകളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തവകയിൽ അഞ്ചു ലക്ഷം രൂപയുടെയും നാശനഷ്ടം ഉണ്ടായെന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. 35 പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയും വിവിധ സ്വകാര്യ ആശുപത്രികളിലുമായി 120 മത്സ്യത്തൊഴിലാളികൾ ചികിത്സ തേടിയിട്ടുണ്ട് . ഇവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. തന്റെ സഹോദരനെ പോലീസ് പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞതോടെ ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ വിഴിഞ്ഞം സ്വദേശിനി അജിതയ്ക്കു സ്റ്റേഷനു മുന്നിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 45 കാരനായ സെൽവനായകത്തിന്റെ ഇടതുകണ്ണിനും തലയ്ക്കുമാണ് ലാത്തികൊണ്ട് അടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജോഷിക്കും 56 കാരനായ ജോസഫിനും തലയ്ക്കാണ് അടിയേറ്റത്. ഗുരുതര പരിക്കേറ്റ മേന്റസ് (58), സലോമൻ (50), മേരിജോണ് (54), രാജൻ (56), പയ്യാൻസ് (58), ഷാജി (50) ബെലാറീസ് (52) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
തലയ്ക്കടക്കം ഗുരുതര പരിക്കുപറ്റിയ 23 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
സാരമായി പരിക്കേറ്റ 24 പേർ ജില്ലാ ജനറൽ ആശുപത്രിയിലും 13 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group