തിരുവനന്തപുരം: വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരo അവസാനിപ്പിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായില്ല. വീണ്ടും ചർച്ച നടത്താമെന്ന നിലപാടിലാണ് ഇന്നലത്തെ യോഗം അവസാനിച്ചത്.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സമരസമതി ഇന്നലെ മുന്നോട്ടുവച്ച പ്രധാന ആവശ്യം, സമരം ആരംഭിച്ചപ്പോൾ ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ സർക്കാരിന്റെ വ്യക്തമായ നടപടി എന്താണെന്നു വിശദീകരിക്കണമെന്നായിരുന്നു. കൃത്യമായ മറുപടി ഇക്കാര്യത്തിൽ വേണമെന്ന ആവശ്യവും സമരസമിതി മുന്നോട്ടുവച്ചു. തുടർചർച്ചകളിലൂടെ രമ്യമായ പരിഹാരത്തിലേക്കു പോകാമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ മറുപടി. സമരത്തിനു കാരണമായ വിഷയങ്ങൾ ഇന്നലത്തെ മന്ത്രിസഭാ ഉപസമിതി യോഗത്തിലും വ്യക്തമായി അവതരിപ്പിച്ചതായി തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഓരോന്നും പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകും. മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സമരസമിതി അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം വരും ദിവസങ്ങളിൽ തുടർ നടപടികൾ കൈക്കൊള്ളുമെന്നും മോണ്‍. യൂജിൻ പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയുമായി തുടർ ചർച്ചകൾ ഉണ്ടാവും. കൃത്യമായ തീരുമാനം ഉണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കൂ.
വിഴിഞ്ഞം സമരം സംബന്ധിച്ച് സമരസമിതിയെക്കൂടി കേൾക്കാനുള്ള സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചത്. നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. തുറമുഖനിർമാണം നിർത്തിവച്ച് തീരശോഷണം സംബന്ധിച്ചു പഠനം നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച്, അവരുടെ ജീവിതത്തിനായുള്ള സമരമാണത്. തുറമുഖനിർമാണം സംബന്ധിച്ച് ഹരിത ട്രൈബ്യൂണലിനെ സമീപിക്കണോ എന്ന കാര്യത്തിൽ അഭിഭാഷകരുമായി ചർച്ച ചെയ്തു തീരുമാനിക്കും. മത്സ്യത്തൊഴിലാളികൾ തികഞ്ഞ ആശങ്കയിലാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കാനുള്ള ശിപാർശ ധനകാര്യമന്ത്രിക്കു സമർപ്പിച്ചതായും മന്ത്രിസഭാ ഉപസമിതി അറിയിച്ചതായി മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group