നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിനക്കുണ്ട്. പക്ഷേ, നീ മൃതനാണ്. ഉണർന്നിരിക്കുക. നിന്നിൽ മരണാസന്നമായി അവശേഷിക്കുന്നതിനെ ശക്തിപ്പെടുത്തുക… നീ സ്വീകരിച്ചതും കേട്ടതും എപ്രകാരമാണെന്നനുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുക. നീ ഉണർന്നിരിക്കുന്നില്ലെങ്കിൽ ഞാൻ കള്ളനെപ്പോലെ വരും. ഏതു മണിക്കൂറിലാണ് ഞാൻ നിനക്കെതിരേ വരികയെന്ന് നീ അറിയുകയില്ല’ (വെളി 3,13).
1500 അടി ഉയരമുള്ള, കിഴക്കാംതൂക്കായ പാറക്കെട്ടിനു മുകളിൽ പണിയപ്പെട്ട ഏഷ്യാ മൈനറിലെ മറ്റൊരു നഗരമായിരുന്നു സാർദിസ്. വളരെ സന്പന്നവും സുശക്തവുമായ നഗരം. ആർക്കും അതിനെ കീഴടക്കാൻ കഴിയില്ല എന്നു നഗരവാസികൾ വിശ്വസിച്ചു. കാവൽക്കാർ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതിനാൽത്തന്നെ രണ്ടുതവണ ഈ നഗരം ശത്രുക്കൾ ആക്രമിച്ചു കീഴടക്കി.
ബിസി 546ൽ പേർഷ്യൻ ചക്രവർത്തിയായ സൈറസിന്റെ പടയാളികൾ പാറക്കെട്ടിന്റെ വിള്ളലിലൂടെ പിടിച്ചുകയറി പട്ടണം നിഷ്പ്രയാസം കീഴടക്കി. കാവൽക്കാർ ഉറങ്ങുകയായിരുന്നു. ബിസി 195ൽ സിറിയൻ രാജാവായ അന്തിയോക്കസ് മൂന്നാമന്റെ സൈന്യം ഇതേവിധത്തിൽ നഗരം കീഴടക്കി. അന്നും കാവൽക്കാർ ഉറങ്ങുകയായിരുന്നു. ഇതാണ് സാർദിസിലെ സഭയ്ക്കുള്ള ഉപദേശങ്ങളുടെയും താക്കീതുകളുടെയും ചരിത്രപശ്ചാത്തലം.
പുറമേനിന്നുള്ള മതപീഡനമില്ല; ഉള്ളിൽനിന്നു വരുന്ന വിഭാഗീയ ചിന്തകളോ അന്തഃഛിദ്രമോ ഈ സഭയെ അലട്ടുന്നില്ല. പൊതുചിന്താധാരകളോടും ജീവിതശൈലിയോടും സമരസപ്പെട്ട് സ്വസ്ഥമായി, സ്വതന്ത്രമായി കഴിയുന്ന സഭ. എല്ലാം ഭദ്രമെന്ന ധാരണയിൽ, തങ്ങളുടെ വിശ്വാസമഹത്വത്തിൽ ഊറ്റംകൊള്ളുന്ന ഒരുസഭ. അതാണ് വെളിപാടു പുസ്തകത്തിലെ സാർദിസ്.
ഇവിടെ മനുഷ്യപുത്രന്റെ വിലയിരുത്തലും താക്കീതും ആഹ്വാനവും പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. അവർ ജീവിക്കുന്നത് ഒരു സ്വപ്നലോകത്താണ്. ഏൽപ്പിക്കപ്പെട്ട ദൗത്യം അവർ നിർവഹിച്ചിട്ടില്ല. എല്ലാം ഭദ്രം എന്നതു വെറും മിഥ്യാധാരണയാണ്. യാഥാർഥ്യങ്ങൾക്കുനേരേ കണ്ണടച്ച് ഉറങ്ങുന്ന സഭയ്ക്ക് താൻ ചെന്നെത്തിയിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഒട്ടുംതന്നെ അറിവില്ല. അതിനാൽ ഉണരണം, കണ്ണു തുറക്കണം. തന്റെ സ്വത്വവും ദൗത്യവും തിരിച്ചറിയണം. അല്ലെങ്കിൽ സാർദിസ് പട്ടണത്തിനു രണ്ടുതവണ സംഭവിച്ചത് അവിടത്തെ സഭയ്ക്കും സംഭവിക്കും.
ഉണരാനുള്ള ആഹ്വാനം ആഗോളസഭയ്ക്കും പ്രാദേശിക സഭകൾക്കും സന്യാസസമൂഹങ്ങൾക്കും വ്യക്തികൾക്കും എല്ലാം പ്രസക്തമാണ്. ബാഹ്യമായ കുറേ ആചാരങ്ങൾ മോടിയായി നടക്കുന്നതുകൊണ്ടു മാത്രം കർത്താവിന്റെ ഹിതമനുസരിച്ചാണ് നാം ജീവിക്കുന്നത് എന്നു പറയാനാകില്ല. സന്പത്ത് സ്വരുക്കൂട്ടാനും ആഘോഷങ്ങൾക്കു മോടികൂട്ടാനും ശ്രമിക്കുന്പോൾ, ആചാരങ്ങളുടെ പേരിൽ വഴക്കടിക്കുമ്പോള്, യേശുവിന്റെ താക്കീതിനു കാതോർക്കണം. ചുറ്റും കനക്കുന്ന മതപീഡനങ്ങളുടെ കാർമേഘങ്ങൾക്കുനേരെ കണ്ണടയ്ക്കരുത്. നോന്പുകാലം അതിനൊരു താക്കീതായി കരുതണം..
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group