കല്‍പറ്റ: ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും.
ദുരന്തം നടന്ന പ്രദേശങ്ങളിലെയും അതിനോട് ചേർന്നുള്ള മേഖലകളിലും സംഘം അപകടസാധ്യത വിലയിരുത്തും. വിദഗ്ധ പരിശോധനക്കുശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
2005ലെ ദുരന്തനിവാരണ അതോറിട്ടി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവർത്തിക്കുക. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആർ.എം.) പ്രിൻസിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കല്‍ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവല്‍സ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന വിദഗ്ധ സമിതിയുടെ ആദ്യയോഗത്തില്‍ മന്ത്രിമാരായ കെ രാജൻ, ഒ. ആർ കേളു, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഐ.ജി കെ സേതുരാമൻ, ഡി.ഐ.ജി തോംസണ്‍ ജോസ്, സ്‌പെഷ്യല്‍ ഓഫീസർ സീറാം സാംബശിവ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ,സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പി തപോഷ് ഭസുമദാരി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. ബൈജു, പോലീസ് സ്‌പെഷല്‍ ഓപ്പറേഷൻ ഗ്രൂപ്പ് ഓഫീസർ അരുണ്‍ കെ. പവിത്രൻ എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m