ബീഹാറിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച് ഒടുവിൽ ആ ജനങ്ങളുടെ പ്രിയപ്പെട്ട ‘സൈക്കിൾ ദീദി’യായി മാറിയ മലയാളി സന്യാസിനിയാണ് സിസ്റ്റർ സുധ വർഗീസ്.കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സ്വദേശിനിയാണ് സിസ്റ്റർ.
പത്മശ്രീ മുതൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ സന്യാസിനി ബീഹാറിലെ പാവപ്പെട്ടവരുടെ അവസ്ഥയറിഞ്ഞു അവർക്കു വേണ്ടി ഇറങ്ങിത്തിരിച്ചയാളാണ്. മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ബീഹാറിലെ പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സിസ്റ്ററിന്റെ പ്രവർത്തങ്ങളെക്കുറിച്ച് തന്റെ ബ്ലോഗിൽ എഴുതിയതിലൂടെയാണ് സിസ്റ്റർ വീണ്ടും വാർത്തകളിൽ നിറയുന്നത്.
സിസ്റ്റേഴ്സ് ഓഫ് നോത്ര ഡാം (Sisters of Notre Dame) സന്യാസിനീ സമൂഹത്തിന്റെ പാട്ന പ്രൊവിൻസിലെ അംഗമാണ് സി. സുധ വർഗീസ്.
സുധ വർഗീസ് എന്ന പെൺകുട്ടി, തന്റെ ചെറുപ്പത്തിൽ, ബീഹാറിലെ റോഡരികിലുള്ള ദരിദ്രമായ ഒരു കുടിലിന്റെ ചിത്രം കണ്ടു. ഒരു മാസികയിലൂടെ കണ്ട ആ ചിത്രം കേരളത്തിലെ സ്കൂളിൽ വിദ്യാർത്ഥിനി ആയിരുന്ന സുധ വർഗീസ് എന്ന പെൺകുട്ടിയുടെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ചില കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്നുള്ള ചിത്രമായിരുന്നു അത്. ആ ചിത്രത്തിനോടൊപ്പം ഉണ്ടായിരുന്ന ലേഖനത്തിൽ, അവിടെയുള്ള പാവപ്പെട്ടവർ ഇത്തരം കുടിലുകളിലാണ് താമസിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു.
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനത്തെ സമ്പന്നമായ വീട്ടിൽ വളർന്ന സുധയുടെ ജീവിതത്തെ ആ ചിത്രം സ്വാധീനിച്ചു. ആ പെൺകുട്ടിക്ക് അത്തരം ദരിദ്ര സാഹചര്യങ്ങളിൽ ജീവിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ, പാവങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ അവൾ എത്തിച്ചേർന്നു.
തന്റെ എല്ലാ കഴിവുകളും സമയവും സ്നേഹവും തനിക്കുള്ളതെല്ലാം ദരിദ്രരായ പാവപ്പെട്ട ആളുകൾക്കു നൽകാൻ സുധ തീരുമാനിച്ചു. എന്നാൽ, സുധയുടെ കുടുംബം അവളുടെ ഈ തീരുമാനങ്ങളോട് പിന്തുണച്ചില്ല. പക്ഷേ, അവൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒരു കത്തോലിക്കാ സന്യാസിനിയായി ജീവിക്കാനും അങ്ങനെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുമായി അവൾ ഇറങ്ങിത്തിരിച്ചു.
സന്യാസിനിയായി കുറച്ചു വർഷങ്ങൾക്കു ശേഷം, ദരിദ്രരെ സഹായിക്കാൻ താൻ വേണ്ടത്ര ചെയ്യുന്നില്ല എന്നു തിരിച്ചറിഞ്ഞ സുധ, തന്റെ അധ്യാപനജോലി രാജി വച്ച് താൻ ഫോട്ടോയിൽ കണ്ടതുപോലുള്ള ഒരു സമൂഹത്തിൽ ജീവിക്കാനായി ബീഹാറിലേക്കു പോയി.
അവിടെ താമസിച്ചിരുന്ന ആളുകൾ മുസാഹർ വിഭാഗത്തിൽപെട്ടവരാണെന്ന് സിസ്റ്റർ മനസ്സിലാക്കി. മുസാഹർ എന്ന വാക്കിനർത്ഥം “എലിയെ തിന്നുന്നവർ” എന്നാണ്. ഇന്ത്യയുടെ മുൻകാല ജാതി വ്യവസ്ഥയിൽ അവരെ വളരെ താഴേക്കിടയിലാണ് പരിഗണിച്ചിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഇവർ കർഷകരായിരുന്നു. മിക്കവർക്കും സ്കൂളിൽ പോകാൻ അവസരമുണ്ടായിരുന്നില്ല.
സി. സുധ മുസാഹർ ഗ്രാമത്തിലെ ചിലരോട് തനിക്ക് താമസിക്കാൻ സ്ഥലം ചോദിച്ചു. അവർ സി. സുധക്ക് തങ്ങളുടെ ധാന്യങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് താമസിക്കാനായി നൽകി. അങ്ങനെ അവിടെ താമസിച്ചുകൊണ്ട് അവിടുത്തെ ആളുകൾക്കു വേണ്ടി പ്രവർത്തിക്കാൻ സിസ്റ്റർ തീരുമാനിച്ചു.
മുസാഹർ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഇടയിലാണ് സിസ്റ്റർ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അവർ കടുത്ത വിവേചനവും അതിക്രമവും അനുഭവിച്ചവരായിരുന്നു. അവരുടെ അവകാശങ്ങൾക്കായി നില കൊള്ളാൻ സി. സുധ അവരോടൊപ്പം പ്രവർത്തിച്ചു. ശുദ്ധജലം ലഭ്യമാകാൻ ഫണ്ട് സ്വരൂപിക്കാനും ഉയർന്ന കൂലി ചോദിക്കാനും സിസ്റ്റർ അവരെ പ്രോത്സാഹിപ്പിച്ചു. തന്റെ സേവന മണ്ഡലങ്ങളിലെല്ലാം സി. സുധ തനിയെ സൈക്കിളിൽ എത്തുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ‘സൈക്കിൾ ദീദി’ എന്ന പേര് സിസ്റ്റർക്ക് ലഭിക്കുന്നത്.
ബീഹാറിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, സാക്ഷരത, തൊഴിൽ പരിശീലനം, ആരോഗ്യസംരക്ഷണം, ജീവിതരീതികൾ എന്നിവ നൽകുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ‘നാരി ഗുഞ്ജൻ’ (സ്ത്രീ ശബ്ദം) സിസ്റ്റർ നടത്തുന്നുണ്ട്.
“ഇപ്പോൾ ഭൂമിയില്ലാത്ത സമൂഹത്തിൽ ഏറ്റവും താഴേക്കിടയിലുള്ള പാവങ്ങളോടൊപ്പമാണ് ഞാൻ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 40 വർഷമായി ഞാൻ അതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നതും. അവരുടെ ഉന്നമനത്തിനായി പല കാര്യങ്ങളും ചെയ്തു വരുന്നു. വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒക്കെ ഇതിൽ ഉൾപ്പെടുന്നു” – സി. സുധ പറയുന്നു.
ഇന്ന് ബീഹാറിൽ ഒരു ഫോട്ടോഗ്രാഫർ വന്നിരുന്നെങ്കിൽ, പതിറ്റാണ്ടുകൾക്കു മുമ്പ് സി. സുധ ഒരു മാസികയിൽ കണ്ടതു പോലെ, വഴിയരികിലുള്ള ഒരു കുടിലിന്റെ ചിത്രം അവിടെ കാണാൻ സാധിക്കുകയില്ല. പകരം, സിസ്റ്ററിന്റെ സ്കൂളിലെ ബിരുദധാരികളായ ചെറുപ്പക്കാരുടെ ചിത്രമായിരിക്കും കാണുക. അവർ തല ഉയർത്തിപ്പിടിച്ച് ക്യാമറയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കുന്നതും സ്വന്തം കഴിവിൽ വിശ്വസിക്കാത്തവർക്ക് ധൈര്യം പകരുന്നതും കാണാം.
2012 മുതൽ 2015 വരെ ബീഹാർ സംസ്ഥാനത്തിന്റെ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷയായിരുന്നു സി. സുധ. ബീഹാർ സംസ്ഥാനത്തെ പ്ലാനിങ്ങ് കമ്മീഷൻ ഫോർ വിമൻ ഡവലപ്മെന്റ് അംഗവുമാണ്. ഈ മലയാളി സിസ്റ്ററിനെ 2006 -ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കൂടാതെ, നിരവധി പുരസ്കാരങ്ങൾ സി. സുധയെ തേടിയെത്തിയിട്ടുണ്ട്.
നേട്ടങ്ങളെല്ലാം ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് തന്റെ പ്രവർത്തനങ്ങളിലൂടെ വീണ്ടും ക്രിസ്തുവിന്റെ സ്നേഹം ആഘോഷിക്കുകയാണ് ഈ സന്യാസി ഇപ്പോഴും ഇവിടെ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group